/kalakaumudi/media/post_banners/ee6ba08fba19144228ab7a757656a0cc965e3d9635f8f46c3f3d3f76d4f033af.jpg)
ഗുരുവായൂര്‍: മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. കസവ് മുണ്ടും വേഷ്ടിയും ധരിച്ചായിരുന്നു കോവിന്ദ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
പത്‌നി സവിത കോവിന്ദ്, മകള്‍ സ്വാതി കോവിന്ദ്, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മുന്‍ രാഷ്ട്രപതിയുടെ ഗരുവായൂര്‍ സന്ദര്‍ശനം. മുന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ രാം നാഥ് കോവിന്ദിനെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ സി. മനോജ്, കെ.ആര്‍. ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ദേവസ്വം ചെയര്‍മാന്‍ രാംനാഥ് കോവിന്ദിനെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുന്‍ രാഷ്ട്രപതി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കൊടിമര ചുവട്ടില്‍ നിന്ന് ആദ്യം ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തില്‍ കടന്നു. സോപാനപടിയില്‍ നിന്ന് ഭഗവാനെ വീണ്ടും തൊഴുത് പ്രാര്‍ത്ഥിച്ചു. കാണിക്കയും സമര്‍പ്പിച്ചു. പിന്നീട് ഗണപതി ഭഗവാനെ തൊഴുത് പ്രസാദം വാങ്ങി. ദര്‍ശനം പൂര്‍ത്തിയാക്കി കൊടിമര ചുവട്ടില്‍ എത്തിയ മുന്‍ രാഷ്ട്രപതിക്കും കുടുംബാംഗങ്ങള്‍ക്കും ദേവസ്വം ചെയര്‍മാന്‍ പ്രസാദ കിറ്റ് നല്‍കി.
ദേവസ്വത്തിന്റെ ഉപഹാരമായി ഭരണ സമിതി അംഗം കെ.ആര്‍.ഗോപിനാഥ് ചുമര്‍ചിത്രം രാംനാഥ് കോവിന്ദിന് സമ്മാനിച്ചു. ഗജരാജന്‍ ഗുരുവായൂര്‍ കേശവനും പാപ്പാനായി ഗുരുവായൂരപ്പനും നില്‍ക്കുന്നത് ആവിഷ്‌കരിച്ച ചുമര്‍ചിത്രമാണ് നല്‍കിയത്. തുടര്‍ന്ന് ചെയര്‍മാന്‍ ദേവസ്വം ഡയറിയും നല്‍കി. ആശ്ചര്യകരമെന്നാണ് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മുന്‍ രാഷ്ട്രപതി പ്രതികരിച്ചത്.