ഗുരുവായൂരപ്പന് സ്വര്‍ണ്ണക്കോലം എഴുന്നള്ളത്ത്

ചുറ്റും കര്‍പ്പൂരദീപം തെളിയിച്ച് അഷ്ടഗന്ധ പ്രപഞ്ചത്തില്‍ 3 മണിക്കൂര്‍ തായമ്പകയുടെ തരംഗങ്ങള്‍ നിറവ് തീര്‍ക്കും.

author-image
paravathyanoop
New Update
ഗുരുവായൂരപ്പന് സ്വര്‍ണ്ണക്കോലം എഴുന്നള്ളത്ത്

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവ ലഹരിയിലായിലാണ്. സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തിലാണ് ദര്‍ശനം.സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളുന്നത് എന്നിവയാണ് ഇപ്പോഴത്തെ ഉത്സവ കാഴ്ചകള്‍.

അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ ഉത്സവബലിയും പള്ളിവേട്ടയും ആറാട്ടുമാണ് ഗുരുവായൂര്‍ ഉത്സവത്തിലെ പ്രധാനമായ ആഘോഷങ്ങള്‍.

ആറാം വിളക്ക് ഉത്സവമായിരുന്ന ബുധനാഴ്ച മുതല്‍ ശ്രീ ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുന്നത്. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് കൊമ്പന്‍ ഇന്ദ്രസെന്നാണ് സ്വര്‍ണ്ണക്കോലം എഴുന്നള്ളിച്ചത്.

191 സ്വര്‍ണ്ണപ്പൂക്കള്‍, തുറന്ന ഭാഗത്ത് മരതകപ്പച്ച, ചുറ്റുഭാഗത്ത് വീരശൃംഖല എന്നിവ ചാര്‍ത്തിയതാണ് ഭഗവാന്റെ സ്വര്‍ണ്ണക്കോലം.

ശ്രീഭൂതബലിക്ക് ക്ഷേത്രത്തിനകത്ത് തെക്കെ മുറ്റത്ത് പ്രത്യേകമായി അലങ്കരിച്ച സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തില്‍ ഭഗവാന്റെ ശീവേലിത്തിടമ്പ് എഴുന്നെള്ളിച്ച് വയ്ക്കുന്നു.

ഈ സമയം തെക്കുവശം സപ്തമാതൃകളുടെ ബലിക്കല്ലുകളില്‍ ഹവിസ്സ് തൂവുകയും ചെയ്യുന്നു. ഈ അവസരത്തില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ ഭഗവാനെ ആരാധന നടത്തുന്നു എന്നാണ് സങ്കല്‍പം.

ഭക്തരുടെ വന്‍ തിരക്ക് ഈ സമയം അനുഭവപ്പെടാറുണ്ട്. വൈകിട്ട് പതിവിലും നേരത്തെ ശ്രീഭൂതബലി വടക്കേ നടയിലാണ് എഴുന്നെള്ളിച്ച് വയ്ക്കുക. വിളക്കിന്റെ ആചാരക്രമം അനുസരിച്ച് പാണി പ്രദക്ഷിണത്തോടെ ആണ് ശ്രീഭൂതബലി എഴുന്നെള്ളിച്ച് വയ്ക്കുന്നത്.

ഇതിനു മുന്നില്‍ തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കുന്നു. തുടര്‍ന്ന് പാണിപ്രദക്ഷിണത്തിന് ശേഷം വിളക്കിന് എഴുന്നെള്ളിക്കുന്നു. സാധാരണ ദിനങ്ങളിലെ തൃപ്പുക ഉത്സവകാലത്ത് പതിവില്ല. പതിവിലും നേരം വൈകി എഴുന്നെള്ളിപ്പ് അവസാനിക്കുന്നതിനാലാണിത്.

ഉത്സവദിവസങ്ങളിലെ ശ്രീഭൂതബലിക്ക് ഭഗവാനോടൊപ്പം ഓടാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നത് മറ്റൊരു വിശേഷമാണ്. ഉത്സവ ദിസങ്ങളില്‍ രാവിലെയും രാത്രിയും ശ്രീഭൂതബലിക്ക് ഓട്ട പ്രദക്ഷിണമുണ്ട്.

ഓടുന്ന ആനപ്പുറത്ത് എഴുന്നെള്ളിക്കുന്ന ഭഗവാനോടൊപ്പമാണ് ഭക്തര്‍ ഓടുന്നത്. രാവിലെ 11 മണിക്കാണ് ശ്രീഭൂതബലി. രാത്രി 8 മണിക്കും. ഇതിന്റെ നാലാം പ്രദക്ഷിണത്തിനാണ് ഓട്ടം.

ഭൂതഗണങ്ങള്‍ക്ക് അന്നം നല്കുമ്പോള്‍ മേല്‍നോട്ടം വഹിക്കുവാന്‍ ഭഗവാന്‍ എഴുന്നെള്ളുന്നു എന്നാണ് സങ്കല്പം. ഒറ്റശ്വാസത്തില്‍ ക്ഷേത്രം പ്രദക്ഷിണം വച്ച് ക്ഷേത്രപാലകന് ഹവിസ് തൂകണം.

ഹവിസുമായി ഓതിക്കല്‍ ശരവേഗത്തിലോടും, പിന്നാലെ ആനപ്പുറത്ത് ഭഗവാനും. ആനയുടെ മുമ്പിലും പിന്നിലും നാരായണ മന്ത്രം ഉരുവിട്ട് നിരവധി ഭക്തരും ഓടും.

രണ്ടാം ഉത്സവനാള്‍ മുതല്‍ ശ്രീഭൂതബലിക്ക് സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തില്‍ ഗുരുവായൂരപ്പന്റെ ദര്‍ശനം ലഭിക്കുന്നത് അവാച്യമായ അനുഭൂതിയാണ്. വീരാളിപ്പട്ട് വിരിച്ച സ്വര്‍ണ്ണമണ്ഡപത്തില്‍ ശ്രീ ശങ്കരാചാര്യര്‍ സാഷ്ടാംഗം ഭഗവാനെ പ്രണമിച്ച സ്ഥാനത്താണ് രാത്രിയില്‍ ഭഗവാനെ എഴുന്നെള്ളിച്ച് ഇരുത്തുന്നത്.

ചുറ്റും കര്‍പ്പൂരദീപം തെളിയിച്ച് അഷ്ടഗന്ധ പ്രപഞ്ചത്തില്‍ 3 മണിക്കൂര്‍ തായമ്പകയുടെ തരംഗങ്ങള്‍ നിറവ് തീര്‍ക്കും.

രാവിലത്തെ ശ്രീഭൂതബലിക്ക് നാലമ്പലത്തില്‍ സപ്തമാതൃകകള്‍ക്ക് ബലിതൂവുന്ന സമയത്ത് സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ ഉപവിഷ്ടനായി വണങ്ങാനെത്തുന്ന ദേവഗണങ്ങള്‍ക്ക് ഭഗവാന്‍ ദര്‍ശനം നല്കുന്നു എന്നാണ് വിശ്വാസം.

എട്ടാം വിളക്ക് ദിവസം , മാര്‍ച്ച് 10 വരെ ഗുരുവായൂരപ്പന്റെ ഈ ദര്‍ശനം ദേവഗണങ്ങള്‍ക്കും ഭക്തര്‍ക്കും ഒരുപോലെ ലഭിക്കും.

sree guruvayoor temple Svarna Kolam