സ്‌കന്ദഷഷ്ഠിയില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് എങ്ങനെ

എല്ലാ മുരുകക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. ഈ ദിവസം മുരുകന് ചെയ്യുന്ന എല്ലാ പ്രാര്‍ത്ഥനകളും അതിവേഗം ഫലം തരും.

author-image
parvathyanoop
New Update
സ്‌കന്ദഷഷ്ഠിയില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് എങ്ങനെ

തുലാം മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് ആറാംനാള്‍ വരുന്ന ഷഷ്ഠിയാണ് സ്‌കന്ദഷഷ്ഠിയായി ആചരിക്കുക. ഇത്തവണ ഒക്ടോബര്‍ 30 ഞായറാഴ്ചയാണ് സ്‌കന്ദഷഷ്ഠി വരുന്നത്. എല്ലാ മുരുകക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. ഈ ദിവസം മുരുകന് ചെയ്യുന്ന എല്ലാ പ്രാര്‍ത്ഥനകളും അതിവേഗം ഫലം തരും.

തുലാമാസത്തിലെ ശുക്ലപക്ഷ പ്രഥമ ദിവസം മുതല്‍ 6 ദിവസമായും 3 ദിവസമായും തലേദിവസവും സ്‌കന്ദഷഷ്ഠി ദിവസം മാത്രമായും വ്രതം എടുക്കാം. ആറു ദിവസം വിധിപ്രകാരം സ്‌കന്ദഷഷ്ഠി വ്രതം നോറ്റാല്‍ ആറു ഷഷ്ഠി വ്രതം അനുഷ്ഠിച്ച ഫലം ലഭിക്കും. ഈ വ്രതം നോല്‍ക്കുന്നവര്‍ മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ബ്രഹ്മചര്യം പാലിക്കണം.

ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. ഒരു ദിവസം മാത്രമായി വ്രതമെടുക്കുന്നവര്‍ തലേന്ന് ഒരിക്കലും അന്ന് ഉപവാസവും അനുഷ്ഠിക്കണം. സ്‌കന്ദഷഷ്ഠിനാള്‍ സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തണം. ലഘു വഴിപാടുകള്‍ കഴിക്കുകയും ഏറെ നേരം പ്രാര്‍ത്ഥിക്കണം. ആവശ്യമെങ്കില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ക്ഷേത്രത്തില്‍ നിന്ന് വന്നിട്ടേ കഴിക്കാവൂ.

ക്ഷേത്രത്തില്‍നിന്ന് വാങ്ങാന്‍ കിട്ടുന്ന ഉണക്കലരി ചോറു വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉള്ളി ചേര്‍ക്കാതെ മുളകും പുളിയും ഉപ്പും ചേര്‍ത്ത് തൈരു കൂട്ടി കഴിക്കാം. പകല്‍ ഉറങ്ങരുത്. വൈകിട്ട് വീണ്ടും ക്ഷേത്രദര്‍ശനം നടത്തണം. സന്ധ്യയ്ക്ക് മുമ്പ് ഫലമൂലാദികള്‍ ഭക്ഷിച്ച്, 8 മണിയോടെ ഉറങ്ങാം. കഴിയുന്നതും ഈ ദിവസം യാത്ര പോകരുത്. അഥവാ പോകേണ്ടിവന്നാല്‍ പുറത്തുനിന്ന് ജലപാനം പോലും പാടില്ല.

ഐതിഹ്യം

ശിവതേജസില്‍ നിന്നും അവതാരമെടുത്ത സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര നിഗ്രഹമായിരുന്നു. ഒടുവില്‍ ആ ഘോരയുദ്ധം സംഭവിച്ചു. യുദ്ധം മുറുകുന്നതിനിടയില്‍ അസുരന്‍ മായാശക്തിയാല്‍ മുരുകനെയും തന്നെയും അദൃശ്യമാക്കി.

മകനെ കാണാഞ്ഞ് ദു:ഖിതയായ പാര്‍വതിയും ദേവന്മാരും അന്നപാനാദികള്‍ ഉപേക്ഷിച്ച് ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. തുടര്‍ന്ന് തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി നാളില്‍ ഭഗവാന്‍ ശൂരപദ്മനെ നിഗ്രഹിച്ചു. ശൂരസംഹാരം നടന്ന ദിവസമായത് കൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യം കൈവന്നത്.

മൂലമന്ത്രവും സുബ്രഹ്മണ്യ ഗായത്രിയും ഷണ്മുഖ മന്ത്രവുമാണ് മുരുകന് പ്രധാനം. ഓം വചത് ഭുവേ നമഃ ഇതാണ് മൂലമന്ത്രം. അത്ഭുതശക്തിയുള്ള ഈ മന്ത്രം നിത്യം രണ്ടുനേരവും 108 വീതം ജപിക്കുക. പാപശാന്തി, മനശ്ശാന്തി എന്നിവയാണ് ഫലം.

സുബ്രഹ്മണ്യ ഗായത്രി

സുബ്രഹ്മണ്യ ഗായത്രി ദിവസവും രണ്ടുനേരം 36 തവണ വീതം ജപിച്ചാല്‍ തടസങ്ങള്‍ അകന്ന് സര്‍വ്വകാര്യ വിജയം ഉണ്ടാകും:

സനല്‍ക്കുമാരായ വിദ്മഹി

ഷഡാനനായ ധീമഹേ

തന്നോ സ്‌കന്ദഃ പ്രചോദയാത്

വഴിപാടുകള്‍

സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഈ ദിവസം പാല്‍, എണ്ണ, കരിക്ക്, ഭസ്മം എന്നിവ അഭിഷേകമായും തൃമധുരം, പായസം എന്നിവ നേദ്യമായും ഭഗവാന് സമര്‍പ്പിക്കാം. ഭഗവാന് പ്രിയങ്കരമായ പുഷ്പങ്ങള്‍ അര്‍ച്ചിക്കുന്നതും ഭഗവാന്റെ നാമം ജപിക്കുന്നതും ഐശ്വര്യപ്രദമാണ്.പുലവാലായ്മയോ മാസമുറയോ വരുന്ന സമയത്ത് ഷഷ്ഠി വന്നാല്‍ വ്രതം എടുക്കരുത്.

ഷഷ്ഠിവ്രതത്തിന്റെ പ്രധാന ഫലം സന്താനസൗഭാഗ്യമാണ്. സത്ഗുണങ്ങളും സത്കീര്‍ത്തിയും സത്കര്‍മ്മങ്ങളും ചെയ്യുന്ന സത്പുത്രനുവേണ്ടിയാണ് സ്‌കന്ദഷഷ്ഠിക്ക് പ്രധാനമായും വ്രതമെടുക്കുന്നത്.

കുഞ്ഞുങ്ങള്‍ നല്ല സ്വഭാവത്തില്‍ വളരാനും നല്ല ജീവിതം ലഭിക്കാനും മാതാവാണ് പ്രധാനമായും ഈ വ്രതം എടുക്കുന്നത്. ഈ ദിവസം ജപിക്കേണ്ട മന്ത്രം താഴെ ചേര്‍ക്കുന്നു. 48 തവണ വീതം രണ്ടുനേരം ജപിക്കണം. മക്കളുടെ ക്ഷേമത്തിന് ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ജപിക്കണം. വ്രതനിഷ്ഠയും അത്യാവശ്യമാണ്.

subramanya swami temple