/kalakaumudi/media/post_banners/e74d56e3dd60cd0efb839e96f22bed5db8262be12f0bfc4d58728f3fd972daf4.jpg)
ഗ്രഹനിലയില്‍ സപ്തഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില്‍ വരുന്ന അവസ്ഥയാണ് കാളസര്‍പ്പയോഗം.ഏത് കാളസര്‍പ്പയോഗവും മാനസികമായി കടുത്ത വിഷമങ്ങള്‍ ഉണ്ടാക്കുന്നവയാണെങ്കിലും ആയുസ്സിനെ യാതൊരു വിധത്തിലും ബാധിക്കുകയില്ല. കാളസര്‍പ്പ യോഗത്തെ ഭയപ്പെടേണ്ട കാര്യമില്ല.
ക്രിത്യമായ പരിഹാരക്രിയകള്‍ ചെയ്തു കഴിഞ്ഞാല്‍ ദോഷഫലത്തെ മാറ്റാനും ഗുണഫലങ്ങള്‍ അനുഭവിക്കാനും കഴിയും. ശിവനെ ഭജിക്കുകയെന്നതാണ് ഈ യോഗത്തിന് ഏറ്റവും പ്രദാനം. ഓം നമഃശിവായ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ശൈവ യന്ത്രങ്ങളായ മൃത്യുജ്ഞയ യന്ത്രം, പാശുപത യന്ത്രം എന്നിവ ധരിക്കുന്നത് നല്ലതാണ്. സര്‍പ്പഭയഹര യന്ത്രം ധരിക്കുന്നതും ഉത്തമമാണ്.
ഐതിഹ്യം
ദേവരൂപത്തില്‍ വന്ന അസുരന്‍ അമൃത് കുടിക്കുന്നതിനായി പാലാഴി മഥനത്തിനു ശേഷം ദേവന്മാര്‍ക്കൊപ്പം ഇരുന്നു. ഇതറിഞ്ഞ സൂര്യ ചന്ദ്രന്മാര്‍ വിവരം മഹാവിഷ്ണുവിനെ അറിയിച്ചു. ഉടന്‍ തന്നെ മഹാ വിഷ്ണു തന്റെ സുദര്‍ശന ചക്രത്താല്‍ അസുരനെ വധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ അല്‍പം അമൃത് അസുരന്റെ ശരീരത്തില്‍ കലര്‍ന്നതിനാല്‍ ഉടലും തലയും വേര്‍പെട്ടുവെങ്കിലും ഇരു ഭാഗത്തിനും ജീവനുണ്ടായിരുന്നു.
സൂര്യ ചന്ദ്രന്മാര്‍ ഒറ്റികൊടുത്തതിലുള്ള ദേഷ്യത്താല്‍ എപ്പോഴും ഇവരെ വിഴുങ്ങുന്നതിനുള്ള ശ്രമത്തിലായി ഈ രണ്ട് ഭാഗങ്ങളും. എന്നാല്‍ വായില്‍ കടക്കുന്ന സൂര്യനും ചന്ദ്രനും മുറിഞ്ഞു പോയ കഴുത്തില്‍ക്കൂടി വീണ്ടും പുറത്തേക്ക് വരും. കഴുത്ത് മുറിഞ്ഞപ്പോള്‍ താഴെ അമൃതും അല്‍പം രക്തവും വീണു. ഇവയാണ് രാഹുവും കേതുവുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ശാസ്ത്രപരമായി ഭൂമിയുടെ ഭ്രമണ പഥത്തെ ചന്ദ്രന്റെ ഭ്രമണപഥം മുറിക്കുന്ന ബിന്ദുക്കാളാണ് രാഹുവും കേതുവും.
കാളസര്‍പ്പയോഗത്തിന് പരിഹാരം
കാളഹസ്തിയില്‍ പോയി രുദ്രാഭിഷേകവും രാഹുപൂജയും നടത്തുകയാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് കാളഹസ്തി ക്ഷേത്രം.പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നായ ഇവിടെ വായു ലിംഗമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രം സന്ദര്‍ശിച്ച് 108 തവണ ഓം ഹ്രീം നമഃ ശിവായ മന്ത്രം ജപിച്ച ശേഷം മറ്റു ക്ഷേത്രങ്ങളില്‍ പോകാതെ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങുകയാണ് കാളസര്‍പ്പ യോഗദോഷപരിഹാര നിഷ്ഠ.
കാള സര്‍പ്പയോഗം പന്ത്രണ്ട് വിധത്തിലുണ്ട്.
1.അനന്ത കാളസര്‍പ്പയോഗം
ലഗ്‌നത്തില്‍ രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റ് ഗ്രഹങ്ങള്‍ എവിടെയെങ്കിലും നില്‍ക്കുകയും ചെയ്താല്‍ ഉണ്ടാകുന്നതാണ് അനന്ത കാളസര്‍പ്പയോഗം. ജീവിത്തില്‍ സര്‍വ്വത്ര പരാജയം വിവാഹ തടസ്സം, താമസിച്ചു വിവാഹം നടക്കുക , ദാമ്പത്യ സുഖമില്ലായ്മ എന്നിവയാണ് ഇതിന്റെ ദോഷഫലങ്ങള്‍. ആത്മീയമായ അറിവ് നേടാനും ഉന്നതിയിലെത്താനും ഈ യോഗം സഹായിക്കുന്നു. അതായത് ഈ യോഗത്തിന് ഒരുപോലെ ഗുണവും ദോഷവുമുണ്ട്.
2.ഗുളിക കാളസര്‍പ്പയോഗം
ലഗ്‌നാല്‍ രണ്ടാം ഭാവത്തില്‍ രാഹുവും എട്ടില്‍ കേതുവും നില്‍ക്കുകയും അതിനുള്ളില്‍ മാത്രം മറ്റ് ഗ്രഹങ്ങള്‍ വരികയും ചെയ്താല്‍ ഈ യോഗമുണ്ടാകുന്നു. ആരോഗ്യഹാനി, ഗുഹ്യ രോഗങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഈ യോഗത്തിന്റെ ഫലങ്ങള്‍.
3.വാസുകീ കാളസര്‍പ്പയോഗം
മൂന്നാം ഭാവത്തില്‍ രാഹുവും ഒന്‍പതില്‍ കേതുവും അതിനുള്ളിലായി എവിയെങ്കിലും മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം സംഭവിക്കുന്നു. ഔദ്യോഗിക രംഗത്ത് പരാജയം, സഹോദരനെക്കൊണ്ട് ദുഃഖം, ഇവരെക്കൊണ്ട് സഹോദരങ്ങള്‍ക്ക് പ്രയാസം ഇവയൊക്കെയാണ് ഈ യോഗത്തിന്റെ ഫലങ്ങള്‍. അപവാദം പ്രചരിപ്പിക്കുന്ന സ്വഭാവം ഇവര്‍ക്ക് ഉണ്ടായിരിക്കും.
4.ശങ്കപാല കാളസര്‍പ്പയോഗം
ലഗ്‌നാല്‍ നാലില്‍ രാഹുവും പത്തില്‍ കേതുവും അതിനുള്ളിലായി മറ്റ് ഗ്രഹങ്ങളും നില്‍ക്കുകയാണെങ്കില്‍ ഈ യോഗം ഉണ്ടാകുന്നു. ഉത്കണ്ഠയും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ഇവരുടെ കര്‍മ രംഗം. കുടുംബ ദുരിതങ്ങളും ഉണ്ടാകും. സമ്മര്‍ദ്ധങ്ങളേയും ശത്രുക്കളേയും നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ഉന്നത നിലയിലെത്തിച്ചേരാന്‍ ജാതകത്തില്‍ ഈ യോഗമുള്ളവര്‍ക്ക് കഴിയും.
5.പത്മ കാളസര്‍പ്പയോഗം
ലഗ്‌നരാശിയുടെ അഞ്ചാം ഭാവത്തില്‍ രാഹുവും പതിനൊന്നില്‍ കേതുവും ഇവയ്ക്കിടയില്‍ എവിടെയെങ്കിലും മറ്റ് ഗ്രഹങ്ങളും നിന്നാല്‍ ഈ യോഗം ഭവിക്കുന്നു. സന്താനങ്ങള്‍ ജനിക്കാതിരിക്കുക,അഥവാ സന്താനങ്ങളെക്കൊണ്ട് ദുഃഖം അനുഭവിക്കേണ്ടി വരിക, ജീവിത നിയന്ത്രണം ഇല്ലാതാവുക, വിശ്വാസ വഞ്ചനക്ക് ഇരയാവുക ഇവയൊക്കെയാണ് ഈ യോഗമുള്ളവര്‍ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങള്‍.
6.മഹാപത്മ കാളസര്‍പ്പയോഗം
രാഹു ആറിലും കേതു പന്ത്രണ്ടിലും നില്‍ക്കുകയും അതിനുള്ളിലായി എവിടെയെങ്കിലും മറ്റ് ഗ്രഹങ്ങള്‍ വരികയും ചെയ്യുന്നതാണ് മഹാപത്മ കാളസര്‍പ്പയോഗം. ജീവിത്തില്‍ മുഴുവനും ശത്രുക്കളാലും രോഗങ്ങളാലും ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉന്നതാധികാര സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ഈ യോഗത്തിന്റെ ഗുണഫലം.
7.തക്ഷക കാളസര്‍പ്പകയോഗം
ലഗ്‌നത്തിന്റെ ഏഴാം ഭാവത്തില്‍ രാഹുവും ലഗ്‌നത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മറ്റ് ഗ്രഹങ്ങളെല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു. മദ്യം, ചൂത്കളി, സ്ത്രീ എന്നീ വിഷയങ്ങള്‍ക്ക് അടിമയാവുകയും ഈ കാരണത്താല്‍ തന്നെ ഇവരുടെ ബലവും സ്വത്തും നശിച്ചു പോവുക എന്നതുമാണ് ഈ യോഗത്തിന്റെ ഫലം.
8.കാര്‍ക്കോടക കാളര്‍പ്പയോഗം
ലഗ്‌നം നില്‍ക്കുന്ന രാശിയുടെ എട്ടില്‍ രാഹുവും രണ്ടില്‍ കേതുവും അതിനുള്ളിലായി സപ്ത ഗ്രഹങ്ങളും വന്നാല്‍ കാര്‍ക്കോടക കാളസര്‍പ്പയോഗം സംഭവിക്കുന്നു. ധാരാളം ശത്രുക്കളുണ്ടവുക, സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുക, പൂര്‍വ്വ സ്വത്തുക്കള്‍ ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് ഇതിന്റെ ഫലങ്ങള്‍.
9.ശംഖുചൂഢ കാളസര്‍പ്പയോഗം
ലഗ്‌നാല്‍ ഒന്‍പതില്‍ രാഹുവും മൂന്നില്‍ കേതുവും നില്‍ക്കുകയും ഇവയ്ക്കുള്ളില്‍ മറ്റ് ഗ്രഹങ്ങള്‍ വരികയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു. കള്ളം പറയുന്ന സ്വഭാവം, ജീവിത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ മാറി മാറി വരിക, പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പോവുക ഇവയെല്ലാമാണ് യോഗഫലങ്ങള്‍.
10.ഘാതക കാളസര്‍പ്പയോഗം
രാഹു പത്തിലും കേതു നാലിലും നില്‍ക്കുകയും ഇതിനുള്ളിലായി മറ്റ് ഗ്രഹങ്ങളെല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു. കോടതി നടപടികള്‍ക്ക് വിധേയനാവുക, സര്‍ക്കാരില്‍ നിന്നും ശിക്ഷ അനുഭവിക്കേണ്ടി വരിക തുടങ്ങിയ ദുരന്ത അനുഭവങ്ങള്‍ ഉണ്ടാവുക ഈ യോഗത്തിന്റെ ഫലങ്ങളാണ്.
രാഷ്ട്രീയ രംഗത്ത് ഉയര്‍ന്ന അധികാര സ്ഥാനങ്ങളില്‍ എത്തിച്ചേരാനും ഈ യോഗമുള്ളവര്‍ക്ക് കഴിയുന്നു. പ്രത്യേകിച്ച് ചിങ്ങം കന്നി ഇവയില്‍ ഏതെങ്കിലുമൊരു രാശിയില്‍ ലഗ്‌നമായി ജനിക്കുന്നവര്‍ക്ക് ഈ യോഗമുണ്ടായാല്‍ രാഷ്ട്രീയമായും ഭരണപരമായും വളരെ ഉയര്‍ന്ന പദവിയില്‍ എത്തിച്ചേരാവുന്നതാണ്.
11.വിഷതട കാളസര്‍പ്പയോഗം
ലഗ്‌നത്തിന്റെ പതിനൊന്നാം ഭാവത്തില്‍ രാഹുവും അഞ്ചാം ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റ് ഗ്രഹങ്ങളും നിന്നാല്‍ ഈ യോഗം ഭവിക്കുന്നു. ജീവിതത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരിക, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാന്‍ ഇടവരാതിരിക്കുക, സന്താനങ്ങളില്‍ നിന്നും പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടാവുക എന്നിവയാണ് ഇതിന്റെ ഫലങ്ങള്‍ എന്നാല്‍ വാര്‍ദ്ധക്യ കാലം ഈ യോഗമുള്ളവര്‍ സമാധാനത്തോടെയും സൈ്വര്യതയോടെയും ജീവിക്കുന്നവരായിരിക്കും.
12 .ശേഷനാഗ കാളസര്‍പ്പയോഗം
ലഗ്‌നാല്‍ പന്ത്രണ്ടാമത് ഭാവത്തില്‍ രാഹുവും ആറാം ഭാവത്തില്‍ കേതുവും അതിനുള്ളിലായി മറ്റ് ഗ്രഹങ്ങളും വരുന്നതിനെയാണ് ശേഷനാഗ കാളസര്‍പ്പയോഗം എന്ന് പറയുന്നത്. ആരോഗ്യത്തിന് ഹാനിയുണ്ടാവുക. ശത്രുക്കളുണ്ടാവുക വ്യവഹാര നടപടികള്‍ക്ക് വിധേയനാവുക തുടങ്ങിയവയാണ് ഇതിന്റെ ഫലങ്ങള്‍