കീഴാറ്റൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം

By parvathyanoop.01 12 2022

imran-azhar

 


കീഴാറ്റൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് 2022 ഡിസംബര്‍ 2 ന് തുടങ്ങും.ഡിസംബര്‍ 2 ന് രാവിലെ ഗണപതി ഹോമം, വൈകീട്ട് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം എന്നിവയും രാത്രി 8 മണിക്ക് ഗിരീഷ് പൂക്കോത്തിന്റെ പ്രഭാഷണവും മറ്റ് പരിപാടികളും അരങ്ങേറും .

 

.3 ,4 ,5 തിയ്യതികളിലാണ് ഇവിടെ ചടങ്ങുകള്‍ നടക്കുന്നത്.പിന്നീടുളള ദിവസങ്ങളില്‍ പുലിയൂര്‍ കണ്ഠന്‍ , പുലിയൂര്‍ കാളി, കണ്ണങ്ങാട്ട് ഭഗവതി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ ചാമുണ്ഡി, കുറത്തിയമ്മ, നരമ്പില്‍ ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

 

ഡിസംബര്‍ 5 ന് ഉച്ചക്ക് 1.30 ഓടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി 11 മണിക്ക് തിരുമുടി ആറാടിക്കല്‍ ചടങ്ങോടെ കളിയാട്ടം സമാപിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

 

ഉത്തര മലബാറില്‍ കെട്ടിയാടപ്പെടാറുള്ള തെയ്യങ്ങളില്‍ വാണിയ സമുദായക്കാരുടെ കുല-പര ദേവതയാണ് മുച്ചിലോട്ടു ഭഗവതി. ചെറിയ രൂപ വ്യത്യാസത്തില്‍ കാണുന്ന ഈഴാല ഭഗവതിയും, മഞ്ഞളാമ്മയും മുച്ചിലോട്ട് ഭഗവതി തന്നെയാണ് .സമുദായ ഭേദമന്യെ എല്ലാവര്‍ക്കും ആരാധ്യയാണ് മുച്ചിലോട്ട് ഭഗവതി.

 

ഏറെ ലാവണ്യമുള്ള തെയ്യമാണ് മുച്ചിലോട്ടു ഭഗവതി. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്.സ്വാത്വിക ആയതിനാല്‍ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സര്‍വാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം.

 

നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം.12 വര്‍ഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്.അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്‌നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ട് തായ് എന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

 

ഐതിഹ്യം


ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തില്‍ വച്ച് നടന്ന വാദപ്രതിവാദത്തില്‍ പ്രഗല്ഭരെ തോല്‍പ്പിച്ചു. രസങ്ങളില്‍ വെച്ച് കാമരസവും, വേദനകളില്‍ പ്രസവവേദനയുമാണ് അനുഭവങ്ങളില്‍ മികച്ചതെന്നു സമര്‍ത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവില്‍ സംശയിച്ചവര്‍ അവള്‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി.

 

അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വയം അഗ്‌നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാന്‍ തീരുമാനിച്ചു.

 

ദയരമംഗലം ക്ഷേത്രത്തിലേക്ക് എണ്ണയുമായി ആ വഴി പോയ മുച്ചിലോട്ട് പടനായര്‍ തീയിലേക്ക് എണ്ണ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകള്‍ കേട്ട് അമ്പരന്ന മുച്ചിലോട്ട് പടനായര്‍ എണ്ണ മുഴുവന്‍ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്‌നിപ്രവേശം ചെയ്ത് ആ സതീരത്‌നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു.

 

ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന്‍ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്.

 

 

OTHER SECTIONS