/kalakaumudi/media/post_banners/560544f3f9a36f846e0e538f6e46eb34e94cd858baf50b34005ae18afcf48059.jpg)
പാലക്കാട്: ആചാര വിശുദ്ധിയും പ്രാര്‍ത്ഥനാ പുണ്യവുമായി കല്‍പാത്തിയുടെ അഗ്രഹാര തെരുവുകളിലൂടെ നടന്ന ദേവരഥ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രളയവും കോവിഡും ഏല്‍പ്പിച്ച ആഘാതം മാറി കല്‍പാത്തി പൂര്‍ണമായും ഉണര്‍ന്നതിന്റെ നേര്‍ചിത്രമായി ചൊവ്വാഴ്ച നടന്ന രണ്ടാം തേര്.
ദേവരഥ പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ഉത്സവനാഥനായ കല്‍പാത്തി വിശാലാക്ഷിസമേത വിശ്വനാഥ സ്വാമിയുടെയും പരിവാര ദേവതകളുടെയും രഥങ്ങളാണ് ആദ്യദിനത്തില്‍ രഥവീഥിയിലെത്തിയത്. രണ്ടാം തേര് ദിനത്തില്‍ പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് രഥപ്രയാണം ആരംഭിച്ചത്. മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച രഥപ്രയാണം പുതിയ കല്‍പാത്തി വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി. വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഗ്രാമപ്രദക്ഷിണം നടത്തി ചാത്തപുരം മഹാഗണപതി ക്ഷേത്രത്തിലെത്തിയതോടെയാണ് രണ്ടാം തേരിന് സമാപനമായത്.
ബുധനാഴ്ചയാണ് മൂന്നാം തേര്. അന്നുതന്നെയാണ് കല്‍പാത്തി രഥോത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ ദേവരഥ സംഗമവും. പഴയ കല്‍പാത്തിയിലെയും ചാത്തപുരത്തെയും രഥപ്രയാണം ബുധനാഴ്ച ആരംഭിക്കും. ദേവരഥ സംഗമത്തോടെയാണ് കല്‍പാത്തി രഥോത്സവത്തിന് സമാപനം. എല്ലാ ക്ഷേത്രങ്ങളില്‍ നിന്നുമുള്ള രഥങ്ങള്‍ വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ സംഗമിക്കും.