മംഗല്ല്യഭാഗ്യം കൈവരാന്‍ കന്യാകുമാരി ദേവി

ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. ക്ഷേത്രത്തിന് കുമാരി അമ്മന്‍ ക്ഷേത്രം എന്നൊരു പേരുകൂടിയുണ്ട്

author-image
parvathyanoop
New Update
മംഗല്ല്യഭാഗ്യം കൈവരാന്‍ കന്യാകുമാരി ദേവി

ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. ക്ഷേത്രത്തിന് കുമാരി അമ്മന്‍ ക്ഷേത്രം എന്നൊരു പേരുകൂടിയുണ്ട്. പാര്‍വ്വതീദേവിയുടെ അവതാരമായ കന്യാകുമാരി ദേവിയാണ് ഇവിടെ പ്രതിഷ്ഠ.വിവാഹം നടക്കാതിരുന്നതിനാല്‍ സദ്യയൊരുക്കാനായി കരുതിയ അരിയും സാധനങ്ങളും ദേവി വലിച്ചെറിഞ്ഞെന്നും അതിന്റെ പ്രതീകമായാണ് അവിടുത്തെ മണല്‍തരികള്‍ക്കും കല്ലുകള്‍ക്കും പലവിധത്തിലുളള നിറങ്ങള്‍ ലഭിച്ചതെന്നുമാണ് വിശ്വാസം.

പതിനെട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് വിജയനഗര രാജാക്കന്മാര്‍ ഈ ക്ഷേത്രം പുതുക്കിപ്പണിതു.കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒരുപോലെ ആളുകള്‍ വന്നെത്തുന്ന സ്ഥലമാണ് കന്യാകുമാരി. പ്രകൃതിയോട് തൊട്ടു നില്‍ക്കുന്ന കന്യാകുമാരിയിലെ മൂവായിരം വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കന്യാകുമാരി ദേവീ ക്ഷേത്രത്തിന് ഒരുപാട് സവിശേഷതകളുണ്ട്. ക്ഷേത്രത്തിന്റെ നാലു തൂണുകളില്‍ വീണ, ഓടക്കുഴല്‍, ജലതരംഗം, മൃദംഗം എന്നിവയുടെ നാദങ്ങള്‍ കേള്‍ക്കാം.

ചുവന്നസാരി, നെയ്യ് വിളക്ക് എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍ പ്രകൃതി ഭംഗി കൂടുതല്‍ എടുത്തുകാണിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കന്യാകുമാരി.തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍ കടല്‍ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരെയാണ് സുചീന്ദ്രം. മൂവായിരം വര്‍ഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദര്‍ശിക്കുന്ന ഒരു ക്ഷേത്രമാണിത്.

ഐതീഹ്യം

സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാല്‍ നിത്യകന്യകയാണ് ദേവി.ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവന്‍ അവതരിക്കുകയും അവര്‍ തമ്മില്‍ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുന്‍പ് എത്താം എന്ന് ഭഗവാന്‍ വാക്ക് കൊടുത്തിരുന്നു.

യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാന്‍ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാന്‍ കഴിയൂ. അതിനാല്‍, ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്റെ വിവാഹാഭ്യര്‍ത്ഥന ദേവി നിരസിച്ചതിനാല്‍ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.

യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശിവിശ്വനാഥക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാര്‍കാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങള്‍ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദര്‍ശനം ഒരു വര്‍ഷത്തില്‍ നടത്തിയാല്‍ അവര്‍ക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

51 ശക്തി പീഠങ്ങളില്‍ ഒന്നാണ് കന്യാകുമാരി. ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്ബ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവര്‍ ദേവിയോട് പ്രാര്‍ത്ഥിച്ചാല്‍ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകള്‍ അത് ശരിവയ്ക്കുകയും ചെയ്യുന്നു.വിവേകാനന്ദസ്വാമി തപസ്സുചെയ്തിരുന്ന വിവേകാനന്ദ പാറയും അതിനു സമീപത്തായുളള തിരുവള്ളൂര്‍ പ്രതിമയും ക്ഷേത്രത്തിന് 7 കി.മീ അകലെയായി മരുത്വാമലയും കാണാം.

ഹനുമാന്‍ സ്വാമി മൃതസഞ്ജീവനിയ്ക്കായി മരുത്വാമല കൊണ്ടു പോകുമ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം അടര്‍ന്നു വീണാണ് ഈ മല ഉണ്ടായതെന്നാണ് എന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെ ഇവിടെ ഒരുപാട് ഔഷധസസ്യങ്ങളുണ്ട്. സിദ്ധ വൈദ്യം, ആയുര്‍വേദം എന്നീ പാരമ്പര്യ ചികിത്സയ്ക്കായി ഇവയാണ് ഉപയോഗിക്കുന്നത്. ശുചീന്ദ്രനാഥാ ക്ഷേത്രം, പത്മനാഭ കൊട്ടാരം, അഗസ്ത്യാര്‍മല തുടങ്ങി ഒരുപാട് വ്യത്യസ്തമായ കാഴ്ചകള്‍ ക്ഷേത്രത്തിന് അടുത്തായുണ്ട്.

സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തു നിന്നു തന്നെ ഏകദേശം ഒരുപോലെ കാണാമെന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ മൂന്ന് കടലുകള്‍ ഒന്നിച്ചുചേര്‍ന്നുന്ന അപൂര്‍വ ത്രിവേണിസംഗമം കന്യാകുമാരിയെ വ്യത്യസ്തമാക്കുന്നു. 1956 ല്‍ ഭാഷ അടിസ്ഥാനത്തില്‍ സ്ഥലങ്ങളെ വേര്‍തിരിക്കുമ്പോള്‍ കന്യാകുമാരി തിരുകൊച്ചിയില്‍ നിന്നും വേര്‍പെടുത്തി തമിഴ്നാടിനോട് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്നും കന്യാകുമാരിയെ തിരുവനന്തപുരം ജില്ലയോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രദേശമാണ് നാം കാണുന്നത്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഉള്ള ഒരു സ്ഥലം കൂടിയാണ് കന്യാകുമാരി.

 

 

 

 

tamilnadu kanyakumari devi temple