/kalakaumudi/media/post_banners/ab07fd386663268900d9475838cefed6747b35d4b620d16c1541cf5137e31381.jpg)
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാലയ്ക്ക് തുടക്കമായി. അമ്മയ്ക്ക് മുന്നില്‍ സര്‍വ്വദു:ഖങ്ങളും സമര്‍പ്പിച്ച് കരുണാകടാക്ഷം തേടി കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ഭക്തര്‍ നേരത്തേ തന്നെ എത്തിയിരുന്നു. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ, ദല്‍ഹി, മുംബൈ തുടങ്ങിയ മറുനാടുകളില്‍ നിന്നും വിദേശത്തുനിന്നും ഒട്ടനവധി സ്ത്രീജനങ്ങളാണ് അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തിയത്.
ഇന്നു പുലര്‍ച്ചെ നാലിന് ചടങ്ങുകള്‍ ആരംഭിച്ചു. 8.30ന് വിളിച്ചുചൊല്ളി പ്രാര്‍ത്ഥന, ഒന്‍പതിന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നന്പൂതിരിയുടെ അദ്ധ്യക്ഷതയിലുളള ആദ്ധ്യാത്മിക സംഗമം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നന്പൂതിരി ഉദ്ഘാടനം ചെയ്തു. വ്യവസായിയും സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെന്പറുമായ കുമാര്‍ പിള്ള പൊങ്കാല ഉദ്ഘാടനം ചെയ്യും. സിംഗപ്പൂര്‍ മലയാളി സമാജം പ്രസിഡന്‍റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.സിംഗപ്പൂര്‍ നയതന്ത്രജ്ഞന്‍ ഗോപിനാഥപിള്ള മുഖ്യഅതിഥിയായിരുന്നു.
തുടര്‍ന്ന് ദേവിയെ ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തിക്കുന്പോള്‍ പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് രാധാകൃഷ്ണന്‍ നന്പൂതിരി പണ്ടാരഅടുപ്പില്‍ പൊങ്കാലയ്ക്ക് അഗ്നി പകര്‍ന്നു.
11മണിക്ക് 500ല്‍ പരം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച്'ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നിവേദിച്ചു. പൊങ്കാല നിവേദ്യത്തിനുശേഷം ജീവത തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ പ്രസിദ്ധമായ ദിവ്യാഭിഷേകവും, ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 6.30ന് യുഎന്‍ വിദഗ്ദ്ധസമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ തിരിതെളിയിക്കും.