/kalakaumudi/media/post_banners/11fa0d2305653cdbf50eaa37ce46e7b279028d14b52619dfcd7df4c935912ec4.jpg)
എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരില്‍ ആണ് ദക്ഷിണ മൂകാംബികാ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ മൂകാംബികയാണ്. കിഴക്കോട്ട് ദര്‍ശനമായി സരസ്വതീ ഭാവത്തില്‍ ആണ് ദേവി. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്നത് ഒരു താമരക്കുളത്തിന് നടുവിലാണ്.
കുടജാദ്രിയില്‍ നിന്ന് ഉദ്ഭവിച്ച് കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ ഒഴുകുന്ന പുണ്യനദിയായ സൗപര്‍ണ്ണികയെ ഈ താമരക്കുളം പ്രതിനിധീകരിയ്ക്കുന്നു.ക്ഷേത്രത്തിന് പുറത്തുള്ള അരയാല്‍മരത്തിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസാന്നിദ്ധ്യമുള്ള ഇവിടെ സ്‌തോത്രത്തില്‍ പറയുന്ന അതേ രൂപത്തിലാണ് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. അത്യുഗ്രമൂര്‍ത്തികളായ നാഗദൈവങ്ങള്‍ പ്രപഞ്ചത്തിന്റെ രക്ഷകരാണെന്ന് വിശ്വസിച്ചുപോരുന്നു.
കുളത്തിന് മുകളിലൂടെ പ്രദക്ഷിണം വയ്ക്കുന്നു. സാരസ്വത പുഷ്പാഞ്ജലി, തൃമധുരം, കുങ്കുമാര്‍ച്ചന, കഷായനിവേദ്യം തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകള്‍. നിത്യവും ഇവിടെ വിദ്യാരംഭം കുറിയ്ക്കുന്നു. തുലാമാസത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്. ഈ ക്ഷേത്രത്തിലെ തൃമധുരവും കഷായവും ഒക്കെ കഴിച്ചാല്‍ അറിവ് വര്‍ധിക്കും എന്നാണ് വിശ്വാസം. അതിനാല്‍ വിദ്യാര്‍ഥികള്‍ ഇവിടെ ദര്‍ശിക്കുന്നത് ഉത്തമമാണ്. ക്ഷേത്രത്തിലെ പ്രധാന കവാടം കിഴക്കു ഭാഗത്താണ്.
കിഴക്കേ നടയില്‍ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഇത് പുണ്യ തീര്‍ഥമാണ്. കുളത്തിന് മുന്നില്‍ നവരാത്രി മണ്ഡപവും ആനപ്പന്തലുമാണ്. ബലിക്കല്‍പ്പുരയുടെ മച്ചില്‍ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങള്‍ കാണാം.പ്രധാനകവാടത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു അരയാല്‍ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂര്‍ത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമാണ് അരയാല്‍.
അതിന്‍പ്രകാരം അരയാലിന്റെ മുകളില്‍ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയില്‍ ശിവനും കുടികൊള്ളുന്നു. ഹിന്ദുമതത്തെക്കൂടാതെ ബുദ്ധ-ജൈന മതങ്ങളിലും അരയാലിന് പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാലാണ്. ഏഴുവലംമൂലക്ഷേത്രമായ കൊല്ലൂര്‍ മൂകാംബികയിലെ ഉപദേവതകളുടെ സ്ഥാനത്തോട് സാമ്യം വരുന്ന രീതിയിലാണ് ഇവിടെയും ഉപദേവതകളുടെ സ്ഥാനം. തെക്കുകിഴക്ക് സുബ്രഹ്മണ്യന്‍. തെക്കുപടിഞ്ഞാറ് മഹാവിഷ്ണു. തൊട്ടടുത്ത് യക്ഷി.
വടക്കുപടിഞ്ഞാറ് ഹനൂമാന്‍. വടക്കു കിഴക്കു ഭാഗത്ത് പടിഞ്ഞാറ് വീരഭദ്രന്‍. നാലമ്പലത്തില്‍ കന്നി മൂലയില്‍ ഗണപതി.നിത്യവും അഞ്ചുപൂജകളും മൂന്നു ശീവേലികളുമുള്ള മഹാക്ഷേത്രമാണ് വടക്കന്‍ പറവൂര്‍ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. കൊല്ലൂരില്‍ നടതുറക്കുന്ന പുലര്‍ച്ചെ അഞ്ചു മണിയ്ക്കു തന്നെയാണ് ഇവിടെയും നടതുറക്കുന്നത്. സൂര്യോദയസമയത്ത് ഏതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ഇതുകഴിഞ്ഞ ഉടനെ ഉഷഃശീവേലിയാണ്.
ശീവേലി കഴിഞ്ഞ് എട്ടു മണിയോടെ പന്തീരടിപൂജ. തുടര്‍ന്ന് പത്തുമണിയ്ക്ക് ഉച്ചപൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നിന് നട അടയ്ക്കും. വൈകീട്ട് അഞ്ചിന് നട തുറക്കും. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ദീപാരാധന കഴിഞ്ഞ് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴേമുക്കാലോടെ ശീവേലിയും നടത്തി എട്ടിന് നട അടയ്ക്കുന്നു.ചതുരാകൃതിയില്‍ ഒറ്റനിലയിലാണ് ശ്രീകോവില്‍. കൊല്ലൂരിലേതുപോലെ പഞ്ചലോഹ നിര്‍മ്മിതമായ വിഗ്രഹം. രൂപത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്.
ഒന്നരയടി ഉയരം, ചതുര്‍ ബാഹു വിഗ്രഹം, പുറകിലെ വലതു കയ്യില്‍ അക്ഷരമാലയും ഇടതു കയ്യില്‍ വെള്ളത്താമരയും മുന്നിലെ ഇടതു കയ്യില്‍ ഗ്രന്ഥവും ധരിച്ച ദേവിയുടെ വലതുകൈ വ്യാഖ്യാനമുദ്രയില്‍. കിഴക്കോട്ട് ദര്‍ശനമായാണ് ദേവി ഇവിടെയും കുടികൊള്ളുന്നത്.
ദക്ഷിണ മൂകാംബിക എന്ന് പേര് വരാനിടയായത്
വടക്കന്‍ പറവൂരും സമീപസ്ഥലങ്ങളും അടക്കിഭരിച്ചിരുന്ന ഒരു തമ്പുരാന്‍ തികഞ്ഞ മൂകാംബികാഭക്തനായിരുന്നു.ക്ഷേത്രത്തിലെ താന്ത്രികാവകാശം തൃപ്പൂണിത്തുറ പുലിയന്നൂര്‍ മനയ്ക്കാണ്. എല്ലാമാസവും മുടങ്ങാതെ കൊല്ലൂര്‍ മൂകാംബികയില്‍ ദര്‍ശനം നടത്തിയിരുന്നു. പ്രായാധിക്യം വന്ന അദ്ദേഹം അവസാന ദര്‍ശനം കഴിഞ്ഞ് നാട്ടിലെത്തിയ ഒരു ദിവസം രാത്രിയില്‍ ദേവിയുടെ സ്വപ്നദര്‍ശനമുണ്ടായി. സ്വപ്നത്തില്‍ ദേവി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു.
നീ ഇനി എന്നെത്തേടി കൊല്ലൂരില്‍ വരേണ്ട. ഇവിടെ ഞാന്‍ കുടി കൊള്ളാം. ഉത്തമമായ ഒരു സ്ഥലത്ത് നീ എനിക്ക് ക്ഷേത്രം പണിയൂ.തമ്പുരാന്‍ അടുത്ത ദിവസം തന്നെ ക്ഷേത്ര നിര്‍മ്മാണം തുടങ്ങി. അധികം താമസിയാതെ പ്രതിഷ്ഠാകര്‍മ്മവും നിര്‍വ്വഹിച്ചു. കൊല്ലൂര്‍ മൂകാംബികയുടെ തെക്കായതിനാല്‍ ഇത് 'ദക്ഷിണ മൂകാംബിക' എന്നറിയപ്പെടുന്നു.