ഇന്ന് ചന്ദ്രഗ്രഹണം; സംസ്ഥാനത്ത് ഭാഗികമായി ദൃശ്യമാകും

ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമാണ് ഭൂമിയുടെ പ്രതിഛായയിലൂടെ കടന്നു പോകുന്നതെങ്കില്‍ ഭാഗീകചന്ദ്രഗ്രഹണമെന്നും നിഴല്‍ ഭാഗത്തിനു പുറത്ത് മങ്ങിയ നിഴല്‍ പ്രദേശമായി ചന്ദ്രനെ കാണുന്നതിനെ ഉപഛായഗ്രഹണമെന്നും പറയും.

author-image
parvathyanoop
New Update
ഇന്ന് ചന്ദ്രഗ്രഹണം; സംസ്ഥാനത്ത് ഭാഗികമായി ദൃശ്യമാകും

 

ചൊവ്വാഴ്ചത്തെ ചന്ദ്രഗ്രഹണം ഉച്ചയ്ക്ക് 2.39ന് ആരംഭിക്കും. ഗ്രഹണത്തിന്റെ ആകെ ഘട്ടം 3.46 ന് ആരംഭിച്ച് 5.12 ന് അവസാനിക്കും കൂടാതെ ഭാഗിക ഘട്ടം വൈകിട്ട് 6.19ന് അവസാനിക്കും. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചന്ദ്രോദയ സമയത്ത്, സമ്പൂര്‍ണ്ണത അവസാനിച്ചതിന് ശേഷമുള്ള ഭാഗിക ഗ്രഹണം പുരോഗമിക്കും.

ബെംഗളൂരുവില്‍ ബെംഗളൂരുവില്‍ ചന്ദ്രോദയത്തിനും (വൈകിട്ട് 5.50) ഭാഗിക ഗ്രഹണം അവസാനിക്കുന്നതിനും ഇടയിലുള്ള ദൈര്‍ഘ്യം 29 മിനിറ്റായിരിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിപ്പ്. ഒരു പൗര്‍ണ്ണമി ദിനത്തില്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോള്‍ ആണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ മുഴുവന്‍ വരുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.ഇന്ത്യയില്‍ നിന്ന് ദൃശ്യമാകുന്ന അടുത്ത ചന്ദ്രഗ്രഹണം - ഒരു ഭാഗിക ഗ്രഹണം - 2023 ഒക്ടോബര്‍ 28 ന് ആയിരിക്കും സംഭവിക്കുന്നത്.കേരളത്തില്‍ ഇന്ന് ചന്ദ്രനുദിക്കുന്നത് വൈകിട്ട് 6 മണിക്കായതിനാല്‍ പൂര്‍ണ്ണചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാം.

സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണുന്ന സ്ഥലത്താണെങ്കില്‍ 15 മിനിറ്റ് കാണാം. രാത്രി 7.26വരെ ഉപഛായഗ്രഹണം തുടരുമെങ്കിലും തിരിച്ചറിയാന്‍ പ്രയാസമാണ്.രാജ്യത്ത് എല്ലായിടത്തും ചുവന്ന നിറത്തിലുള്ള പൂര്‍ണ്ണ ചന്ദ്രന്‍ ദൃശ്യമാകില്ലെങ്കിലും കിഴക്കന്‍മേഖലകളില്‍ വൈകിട്ട് 5.12ന് പൂര്‍ണ്ണചന്ദ്രഗ്രഹണത്തിന്റെ അവസാന ഘട്ടത്തില്‍ രക്തചന്ദ്രന്‍ പ്രകടമാകും.

അഗര്‍ത്തല (ത്രിപുര), ഐസ്വാള്‍ (മിസോറം), ഭഗല്‍പൂര്‍ (ബിഹാര്‍), ഭുവനേശ്വര്‍, കട്ടക്ക് (ഒഡീഷ), കൊഹിമ (നാഗാലാന്‍ഡ്), കൊല്‍ക്കത്ത, ഡാര്‍ജിലിംഗ് (പശ്ചിമ ബംഗാള്‍)എന്നിവിടങ്ങളില്‍ കാണാം. 2025 സെപ്തംബര്‍ 7ന് ഇന്ത്യയിലെ അടുത്ത സമ്പൂര്‍ണ്ണചന്ദ്രഗ്രഹണവുമുണ്ടാകും.

പൗര്‍ണ്ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍,ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയിലാവുമ്പോള്‍ ചന്ദ്രനില്‍ പതിക്കേണ്ട സൂര്യപ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ചന്ദ്രന്‍ അപ്രത്യക്ഷമാകുന്നതിനു പകരം കടുംചുവപ്പ് നിറത്തിലാകും.

രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ എന്നാണ് ഇതറിയപ്പെടുന്നത്. ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമാണ് ഭൂമിയുടെ പ്രതിഛായയിലൂടെ കടന്നു പോകുന്നതെങ്കില്‍ ഭാഗീകചന്ദ്രഗ്രഹണമെന്നും നിഴല്‍ ഭാഗത്തിനു പുറത്ത് മങ്ങിയ നിഴല്‍ പ്രദേശമായി ചന്ദ്രനെ കാണുന്നതിനെ ഉപഛായഗ്രഹണമെന്നും പറയും.

 

today Lunar eclipse