ഹിമാലയത്തിലെ പ്രധാന ക്ഷേത്രങ്ങൾ

By Web Desk.12 06 2021

imran-azhar

 

 

ആത്മീയതയുടെ വാസസ്ഥാനമെന്ന ഹിമാലയത്തിന്‍റെ പദവിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നൂറുകണക്കിന് ക്ഷേത്രങ്ങളും അതിനെചുറ്റിപ്പറ്റിയുള്ള ആയിരക്കണക്കിന് കഥകളും ഇവിടുത്തെ വിശ്വാസങ്ങൾക്ക് കൂടുതൽ തെളിച്ചം പകരുന്നു. ഹിമാലയ താഴ്വരകളിലെ ഈ ക്ഷേത്രങ്ങൾ സന്ദർശിച്ചാൽ ഫലങ്ങൾ ഒരുപാടുണ്ടത്രെ, വിശ്വാസികളെയും തീർഥാടകരെയും കൂടാതെ, ട്രക്കേഴ്സും യാത്രകളുടെ ഭാഗമായി ഇവിടെ എത്തുന്നു. ഇന്ത്യൻ പുരാണങ്ങളുടെയും മിത്തുകളുടെയും ബാക്കികഥകളുമായി നിൽക്കുന്ന ഹിമാലയത്തിലെ പ്രധാന ക്ഷേത്രങ്ങൾ പരിചയപ്പെടാം.

 

കേദാർനാഥ് ക്ഷേത്രം

 

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ് ശിവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കേദാർനാഥ് ക്ഷേത്രം. സമുദ്ര നിരപ്പിൽ നിന്നും 3584 മീറ്റ‍ർ ഉയരത്തിലുള്ള ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനിയായ ക്ഷേത്രത്തെ ചുറ്റി മന്ദാകിനി നദി ഒഴുകുന്നു. ഏപ്രിൽ-മേയ് മാസത്തിലെ അക്ഷയ ത്രിതീയയിൽ തുറക്കുന്ന ക്ഷേത്രം ഒക്ടോബർ മാസത്തിലാണ് പിന്നീട് നട അടയ്ക്കുന്നത്. മെയ്, ജൂൺ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

 

യമുനോത്രി ക്ഷേത്രം

 

പുണ്യനദിയായ യമുനയുടെ ഉത്ഭവം എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് യമുനോത്രി ക്ഷേത്രം. ഭൂമിയിലെ ജീവിതത്തിൽ ഇക്കാലമത്രയും ചെയ്തുകൂട്ടിയ പാപങ്ങളിൽ നിന്നും മോചനം നേടി വിശ്വാസികൾ സമുദ്ര നിരപ്പിൽ നിന്നും 3293 മീറ്റർ ഉയരത്തിലുള്ള ഈ ക്ഷേത്രത്തിലെത്തുന്നു. സൂര്യകുണ്ഡിലെയും ഗൗരികുണ്ഡിലെയും ചൂടുനീരുറവകളിൽ മുങ്ങി നിവർന്ന് പാപമോചനം സ്വീകരിച്ച് പോകുന്ന വിശ്വാസികളാണ് ഇവിടുത്തെ വിശ്വാസത്തിന്റെ കരുത്ത്. മെയ്, ജൂൺ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

 

കൽപേശ്വർ ക്ഷേത്രം


പഞ്ചകേദാര ക്ഷേത്രങ്ങളിൽ പ്രസിദ്ധമാണ് ഉത്തരാഖണ്ഡിലെ കൽപേശ്വർ ക്ഷേത്രം. ധ്യാനത്തിനും തപസ്സിനും ഏറെ യോജിച്ച ഈ ക്ഷേത്രം പഞ്ച കേദാര ക്ഷേത്രങ്ങളിൽ വർഷം മുഴുവൻ തുറക്കുന്ന ഏക ക്ഷേത്രം കൂടിയാണ്. ചമോലിയിൽ ജോഷിമഠിനടുത്ത് ഉർഗ്ഗാം എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ എല്ലായ്പ്പോഴും ഇവിടം സന്ദർശിക്കാം.

 

രുദ്രനാഥ് ക്ഷേത്രം


ശിവന്റെ രൗദ്ര ഭാവത്തെ അതിന്റെ പൂർണ്ണതയിൽ ആരാധിക്കുന്ന പഞ്ച കേദാര ക്ഷേത്രമാണ് രുദ്രനാഥ് ക്ഷേത്രം. പാണ്ഡവൻമാർ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പിൽ നിന്നും 3600 മീറ്റർ ഉയരെയാണുള്ളത്. നിൽകാന്ത് മഹാദേവയായയാണ് ശിവന്‍റെ മുഖത്തിനെ ഇവിടെ ആരാധിക്കുന്നത്. പ്രതിഷ്ഠയുടെ മുഖം മറച്ച നിലയിലാണ് ഇവിടെയുള്ളത്. രാവിലെയുളള പൂജയുടെ സമയത്ത് മാത്രമാണ് മുഖത്തെ ആവരണം എടുത്തു മാറ്റുന്നത്. പഞ്ചകേദാര ക്ഷേത്രങ്ങളിൽ എത്തിപ്പെടുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഇവിടെയാണ്. മാർച്ച് മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം

 

തുംഗനാഥ് ക്ഷേത്രം


ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പഞ്ചകേദാര ക്ഷേത്രമായ തുംഗനാഥ്. തുംഗനാഥ് എന്ന വാക്കിന്റെ അർഥം തന്നെ ഏറ്റവും ഉയരത്തിലുള്ള ദേവൻ എന്നാണ്. സമുദ്രനിരപ്പിൽ നിന്നും 3860 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചാന്ദ്രശിലാ കൊടുമുടികൾക്കു താഴെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് കുറഞ്ഞത് ആയിരം വർഷത്തോളം പഴക്കമുണ്ട്. ശിവനെ ഇവിടെ കുളമ്പുകളുടെ രൂപത്തിലാണ് ആരാധിക്കുന്നത്. ഉത്തരാഘണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ക്ഷേത്രമുള്ളത്. സ്വയംഭൂവാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നാണ് വിശ്വാസം. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടേക്ക് ട്രക്ക് ചെയ്തുവരുവാൻ യോജിച്ചതെങ്കിലും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയമാണ് സന്ദർശിക്കുവാൻ അനുയോജ്യം.

 

മദ്മഹേശ്വർ ക്ഷേത്രം


പാണ്ഡവന്മാർ നിർമ്മിച്ചു എന്നു കരുതപ്പെടുന്ന മദ്മഹേശ്വർ ക്ഷേത്രവും ശിവന്റെ വാസസ്ഥലമായാണ് കണക്കാക്കുന്നത്. മധ്യമഹേശ്വർ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്നും 3497 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് പച്ചപുൽത്തകിടിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മലനിരകളാൽ ചുറ്റപ്പെട്ടാണുള്ളത്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് ക്ഷേത്രം അടച്ചിടുകയാണ് പതിവ്. ഈ പ്രദേശത്തെ കഠിനമായ മഞ്ഞു വീഴ്ചയാണ് കാരണം.


അമർനാഥ് ക്ഷേത്രം


ജമ്മുകശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാ‌ടന കേന്ദ്രമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയായി സമുദ്ര നിര‌പ്പിൽ നിന്ന് 3888 മീറ്റർ ഉയരത്തി‌ലായാണ് ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്.. ജൂലൈ - ആഗസ്റ്റ് മാസ‌ങ്ങളിൽ മാത്രമാണ് ഇവിടേയ്ക്ക് തീർത്ഥാടകർക്ക് പ്രവേശനമുള്ളു. അമർനാഥ് ഗുഹയിൽ മഞ്ഞിൽ രൂപപ്പെട്ട ശിവ ലിംഗമാണ് ഇവിടെ ദർശിക്കുവാനുള്ളത്. ഹിമാലയത്തിലെ മഞ്ഞുമലകൾക്ക് നടുവിലായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗം സമയങ്ങളിലും ഈ ഗുഹയും മഞ്ഞ് മൂടിയ നിലയിൽ ആയിരിക്കും.

 

ഈ ഗുഹയിൽ വച്ചാണ് ശിവ‌ൻ പാർവതിക്ക് അമരത്വത്തിന്‍റെ രഹസ്യം വെളി‌പ്പെടുത്തി നൽകിയതെന്നാണ് വിശ്വാസം. ശിവലിംഗത്തിന് സ‌മീപം കാണുന്ന രണ്ട് ഹിമ രൂപങ്ങൾ പാർവതമ്യും ഗണപതിയുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മഞ്ഞുരുകുന്ന വേന‌ൽക്കാലത്ത് മാത്രമാണ് തീർത്ഥാടകർക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജൂലൈ - ആഗസ്റ്റ് മാസ‌ങ്ങളിൽ മാത്രമാണ് ഇവിടേയ്ക്ക് തീർത്ഥാടകർക്ക് പ്രവേശനമുള്ളു.

 

OTHER SECTIONS