ശബരിമലയിലെ മകര സംക്രമപൂജ നടക്കുന്നതെപ്പോഴെന്നറിയേണ്ടെ

അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാല്‍ സംക്രമകാലത്ത് ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ എല്ലാം അന്ന് മദ്ധ്യാഹ്നത്തിന് മേലും അര്‍ദ്ധരാത്രി കഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേദിവസം മദ്ധ്യാഹ്നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം.

author-image
parvathyanoop
New Update
ശബരിമലയിലെ മകര സംക്രമപൂജ നടക്കുന്നതെപ്പോഴെന്നറിയേണ്ടെ

ശബരിമലയില്‍ മകര സംക്രമപൂജ ധനു 30, 2023 ജനുവരി 14 ന് ശനിയാഴ്ച രാത്രി 8 മണി 45 മിനിട്ടിന് കന്നിക്കൂറില്‍ ചിത്തിര നക്ഷത്രത്തിന്റെ ആദ്യ പാദത്തിലാണ് വരുന്നത്.

അന്ന് സന്ധ്യയ്ക്ക് മകര ജ്യോതി ദര്‍ശനത്തിന് തൊട്ടുപിറകെയാണ് മകര സംക്രമപൂജ .

പന്തളം കൊട്ടാരത്തില്‍ നിന്നും എഴുന്നള്ളിക്കുന്ന പവിത്രമായ തിരുവാഭരണം അയ്യപ്പസ്വാമിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് മകരവിളക്ക് ദിവസമായ ജനുവരി 14 ന് സന്ധ്യയ്ക്ക് 6:30 നും 6:40 നും മദ്ധ്യേ ദീപാരാധന നടക്കുക. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഈ വര്‍ഷം മകരവിളക്കിന് തൊട്ടു പിന്നാലെ സംക്രമപൂജ വരുന്നതിനാല്‍ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ തൊഴാന്‍ കുറച്ചു സമയമേ ഭക്തര്‍ക്ക് ലഭിക്കൂ. കാരണം മകരസംക്രമ പൂജയ്ക്കായി അയ്യപ്പന്റെ വിഗ്രഹത്തില്‍ നിന്ന് തിരുവാഭരണം അഴിച്ചു മാറ്റണം.

കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ദൂതന്‍ വശം കൊടുത്തു വിടുന്ന നെയ് ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയാണ് സംക്രമ പൂജയിലെ പ്രധാന ചടങ്ങ്. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മ്മികത്വത്തിലാണ് സംക്രമ പൂജയും അഭിഷേകവും നടക്കുക.

സാധാരണ മകര സംക്രമം അര്‍ദ്ധരാത്രിയിലോ അടുത്ത പുലര്‍ച്ചയ്ക്കോ ഉച്ചയ്ക്കോ ആകും വരിക. മകര സംക്രമാത്പരം 20 നാഴിക ഉത്തരായന പുണ്യ കാലമാണ്.

അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാല്‍ സംക്രമകാലത്ത് ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ എല്ലാം അന്ന് മദ്ധ്യാഹ്നത്തിന് മേലും അര്‍ദ്ധരാത്രി കഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേദിവസം മദ്ധ്യാഹ്നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം.

sabarimala temple