ശബരിമലയില്‍ നാളെ മകരവിളക്ക് മഹോത്സവം

ഏതാനും നിമിഷത്തേക്ക് മാത്രമേ നമുക്ക് മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കൂ. ഇത് ഏതൊരു നക്ഷത്രത്തേയും പോലെ തെളിയുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ കണ്ണില്‍ നിന്ന് മാഞ്ഞുപോവുന്നു.

author-image
parvathyanoop
New Update
ശബരിമലയില്‍ നാളെ മകരവിളക്ക് മഹോത്സവം

ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. മകരസംക്രമനാളില്‍ നടക്കുന്ന പ്രത്യേക പൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തുടങ്ങി.

ജനുവരി 14 നാണ് മകരവിളക്ക്.മകരവിളക്ക് കാണുന്നതിനായി ദശലക്ഷക്കണക്കിന് ആളുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നു.മകരവിളക്കിനായി ശബരിമല സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും.

തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നടക്കും.

12.30ന് 25 കലശപൂജയും തുടര്‍ന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വേര്‍ച്വല്‍ ബുക്കിങ് ഉണ്ടായിരിക്കില്ല. ഇന്നലെ വിവിധ ഇടങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് തിരുവാഭരണം ദര്‍ശിക്കാനും സ്വീകരണം നല്‍കാനും ഉണ്ടായിരുന്നത്.

ളാഹ സത്രത്തിലാണ് ഇന്ന് രാത്രിയില്‍ വിശ്രമം. നാളെ കാനന പാത വഴി സഞ്ചരിച്ച് ഘോഷയാത്ര സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാഗം മരിച്ചതിനാല്‍ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര.

മകര വിളക്ക്

സൂര്യന്‍ ധനു രാശിയില്‍നിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമ സമയത്ത് പൊന്നമ്പലമേട്ടില്‍ നടത്തുന്ന കര്‍പ്പൂരാരാധനയെയാണ് മകര വിളക്ക് എന്ന് പറയുന്നത്.

ഇതിന് പിന്നിലും ചില ഐതിഹ്യങ്ങള്‍ ഉണ്ട്. പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരാരാധന നടത്തിയിരുന്നത് ദേവന്‍മാരും പിന്നീട് മഹര്‍ഷിമാരും ആയിരുന്നു. പിന്നീട് അത് അരയന്‍മാര്‍ ഏറ്റെടുത്തു എന്നാണ് വിശ്വാസം. എന്നാല്‍ പിന്നീട് ഈ ആചാരത്തിന് മാറ്റം വന്നു.

ഇന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പ പ്രവര്‍ത്തകും സുരക്ഷിതമായി പൊന്നമ്പലമേട്ടിലെത്തി കര്‍പ്പൂരം കത്തിച്ച് വരുന്നു. ഇത് മൂന്ന് വട്ടം ഏറെ ആലങ്കാരികമായാണ് കത്തിച്ച് വരുന്നത്.

മകരജ്യോതി

മകരം 1-ന് സൂര്യന്‍ ധനു രാശിയില്‍നിന്ന് മകര രാശിയിലേക്ക് കടക്കുന്ന ആ പ്രത്യേക ശുഭ മുഹൂര്‍ത്തത്തില്‍ ആകാശത്ത് തെളിയുന്നതും ക്ഷണനേരം മാത്രം തെളിയുന്നതുമായ നക്ഷത്രത്തെയാണ് മകരജ്യോതി എന്ന് പറയുന്നത്.

അതായത് മകരജ്യോതി എന്നാല്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്രമായാണ് പറയപ്പെടുന്നത്. മകരമാസം ഒന്നാം തിയതി ഉദിക്കുന്ന നക്ഷത്രത്തെയാണ മകരജ്യോതി എന്ന് പറയുന്നത്.

സൂര്യാസ്തമയത്തിന് ശേഷം കൂടുതല്‍ ദൃശ്യമാവുന്ന ഈ നക്ഷത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പന്തളത്ത് നിന്നും അയ്യപ്പന്റെ തിരുവാഭരണം ശബരിമലയിലേക്ക് കൊണ്ട് വരുന്ന ദിവസം ഈ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു എന്നും പറയപ്പെടുന്നു.

കേരളവനം വകുപ്പിന്റെ അധീനതയില്‍ ഉള്ള പൊന്നമ്പലമേട്ടിലാണ് മകര വിളക്ക് തെളിയിക്കുന്നത്. മകരജ്യോതി പ്രത്യക്ഷപ്പെടുന്ന ദിവസം അതേ മുഹൂര്‍ത്തത്തിലാണ് പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരാരതി (മകരവിളക്ക്) നടത്തുന്നത്.

പ്രതീകാത്മകമായി മൂന്ന് തവണയാണ് മകരവിളക്ക് കത്തിക്കുന്നത്. ഈ സമയം ഉദിച്ചുയരുന്ന നക്ഷത്രത്തിനെ മകരജ്യോതി എന്നും പൊന്നബലമേട്ടിലെ ആരതിയെ മകരവിളക്ക് എന്നും പറയുന്നു.

ഏതാനും നിമിഷത്തേക്ക് മാത്രമേ നമുക്ക് മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കൂ. ഇത് ഏതൊരു നക്ഷത്രത്തേയും പോലെ തെളിയുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ കണ്ണില്‍ നിന്ന് മാഞ്ഞുപോവുന്നു.

 

 

 

Sabarimala makravilak festival