/kalakaumudi/media/post_banners/a932882cb4dce4e46b5478ed9c28b2fd0bdf3890bfc26c1c25c1bffb0fd890e3.jpg)
ക്ഷിപ്ര പ്രസാദിയായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കാന്‍ ഏറ്റവും നല്ല ഉപസനാ മാര്‍ഗ്ഗമാണ് അഷ്ടമീ രോഹിണി വ്രതം.അധര്‍മ്മത്തെ ഇല്ലായ്മ ചെയ്ത് ധര്‍മത്തിന്റെ വിജയം നിലനിര്‍ത്തുകയാണ് കൃഷ്ണന്റെ അവതാര ലക്ഷ്യം. അധര്‍മത്തിന്റെ രൂപങ്ങളായവരെയെല്ലാം ഇല്ലായ്മ ചെയ്യാന്‍ അവതാരമെടുത്ത മഹാ വിഷ്ണുവിന്റെ അവതാരം.
അതിനാല്‍ ഈ ദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ വളരെ വേഗം ഫലസിദ്ധി യുണ്ടാകുമെന്നാണ് വിശ്വാസം.അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതല്‍ വ്രതം ആരംഭിക്കാം. അത്താഴത്തിനു ധാന്യ ഭക്ഷണങ്ങള്‍ ഒഴിവാക്കി പഴമോ പാലോ കഴിക്കാം. പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം.ഈ ദിനത്തില്‍ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങള്‍ ജപിക്കുന്നത് അത്യുത്തമമാണ്.
'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍.ദിനം മുഴുവന്‍ ഭഗവല്‍ സ്മരണയില്‍ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കില്‍ ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ സമര്‍പ്പിക്കുക. പാല്‍പ്പായസം വഴിപാടാണ് ഇതില്‍ ശ്രേഷ്ഠം. ഉണ്ണിയപ്പം , വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്.
ഭഗവാന്റെ അവതാര സമയം അര്‍ധരാത്രിയായതിനാല്‍ ആ സമയം വരെ ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ് .അഷ്ടമിരോഹിണി ദിനത്തില്‍ ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങള്‍ അകറ്റുമെന്നാണ് വിശ്വാസം.വിഷ്ണു സഹസ്രനാമം , ഹരിനാമകീര്‍ത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും നന്ന്. അഷ്ടഗോപാല മന്ത്രങ്ങള്‍ ഓരോന്നും നാല്പത്തൊന്നു തവണ ജപിക്കുന്നത് സദ്ഫലം നല്‍കും.
പിറ്റേന്ന് കുളിച്ചു തുളസി വെള്ളമോ ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അര്‍ദ്ധരാത്രി വരെ ഉപവസിച്ചാല്‍ അപാരമായ സന്തോഷം,സമൃദ്ധി, ദീര്‍ഘായുസ്സ് എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ; ഒരിക്കലെങ്കിലും ഈ ഉപവാസം ആചരിക്കുകയും കൃഷ്ണന്റെ ജനന മുഹൂര്‍ത്തം വരെ ഒന്നും കഴിക്കുകയും ചെയ്യാത്ത ഒരാള്‍ക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു.