/kalakaumudi/media/post_banners/40129b820e645162fce17e367520fe2228e65a619a3dc4ec25cf9f03be209a3e.jpg)
ദീര്‍ഘ ദാമ്പത്യം, മംഗല്യസിദ്ധി, ദാമ്പത്യ ക്ലേശപരിഹാരം , വൈധവ്യദോഷ പരിഹാരം, ചന്ദ്രഗ്രഹ ദോഷമുക്തി എന്നിവയ്‌ക്കെല്ലാമുള്ള അത്യുത്തമമായ പരിഹാര മാര്‍ഗമാണ് തിങ്കളാഴ്ച വ്രതം.
വിവാഹതടസങ്ങള്‍ മാറി അതിവേഗം ഉത്തമ വിവാഹം നടക്കാനും ദാമ്പത്യ കലഹം പരിഹരിക്കാനും ജാതകദോഷങ്ങള്‍ മാറുന്നതിനും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ ഉമാമഹേശ്വര ക്ഷേത്ര ദര്‍ശനം നടത്തി സ്വയംവരാര്‍ച്ചന കഴിപ്പിക്കുക.സ്വയംവര പാര്‍വ്വതി ധ്യാനവും മന്ത്രവും വ്രത ദിവസം ജപിക്കുകയും വേണം. ദോഷകാഠിന്യമനുസരിച്ച് 12,18, 41 തിങ്കളാഴ്ച ദിവസങ്ങളില്‍ തുടര്‍ച്ചയായി ഈ വ്രതമനുഷ്ഠിക്കാം.
ഐതിഹ്യം
സതീദേവിയുടെ ദേഹത്യാഗം മൂലം തപസ്സിലേക്ക് ഉള്‍വലിഞ്ഞ ശ്രീ പരമേശ്വരനെ ഭര്‍ത്താവായി കിട്ടാന്‍ പാര്‍വ്വതി നടത്തിയ വ്രതത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് തിങ്കളാഴ്ചവ്രതം. സീമന്തിനിയുടെ വൈധവ്യം മാറിയത് ഈ വ്രതാനുഷ്ഠാനത്താലാണ് എന്നും വിശ്വസിക്കുന്നു.തിങ്കളാഴ്ച നാള്‍ സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയരുത്.
ശിവക്ഷേത്രദര്‍ശനവും പ്രദക്ഷിണവും നിവേദ്യവും നടത്തണം. പഞ്ചാക്ഷര മന്ത്രജപവും പകല്‍ മുഴുവന്‍ ഉപവാസവും വ്രതനിഷ്ഠയില്‍ അത്യാവശ്യമാണ്. പകല്‍ ഉറങ്ങാതെ ശിവകഥകള്‍ വായിച്ച് കഴിയണം. സന്ധ്യക്ക് വീണ്ടും ശിവക്ഷേത്രദര്‍ശനവും പ്രദക്ഷിണവും വഴിപാടുകളും നടത്തണം. ഇതാണ് വ്രതവിധി.
ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുള്ളവര്‍, ചന്ദ്രദശയില്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം നടത്തണം. ദേവീമാഹാത്മ്യം പാരായണം ചെയ്യണം. വെളുത്ത പൂക്കള്‍ക്കൊണ്ട് ദുര്‍ഗ്ഗാദേവിക്ക് അര്‍ച്ചന നടത്തണം. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലാത്തവര്‍ ചന്ദ്രദശയില്‍ ഭദ്രകാളി ദര്‍ശനം നടത്തേണ്ടതാണ്.പൗര്‍ണ്ണമിയും തിങ്കളാഴ്ചയും ഒന്നിക്കുന്ന ദിവസം ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നു വരുന്ന ദിവസം ഭദ്രകാളി ക്ഷേത്രദര്‍ശനവും നടത്തുന്നത് ചന്ദ്രദോഷശാന്തിക്ക് ഉത്തമമാണ്.
തിങ്കളാഴ്ചയും കറുത്തവാവും ഒത്തുവരുന്ന ദിവസം തിങ്കളാഴ്ച വ്രതമെടുക്കുന്നത് വളരെ നല്ലതാണ്. ഈ കൊല്ലവര്‍ഷത്തില്‍ രണ്ടു തവണ തിങ്കളാഴ്ചയും കറുത്തവാവും ഒത്തുവരുന്നുണ്ട്. 2023 ഫെബ്രുവരി 20 ന് , 1198 കുംഭം 8, 2023 ജൂലൈ 17 ന് , 1198 കര്‍ക്കടകം 1 എന്നീ തീയതികളാണ് ഇപ്രകാരം വിശേഷപ്പെട്ട ദിവസങ്ങള്‍. രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഈ കൊല്ലവര്‍ഷത്തില്‍ രണ്ടു തവണ ഒത്തുവരുന്നുണ്ട്.
2023 ഫെബ്രുവരി 27, 1198 കുംഭം 15, 2023 മാര്‍ച്ച് 27, മീനം 13 തീയതികളിലാണ് രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിക്കുന്നത്. 2023 ഫെബ്രുവരി 5, 1198 കുംഭം 22, 2023 മാര്‍ച്ച് 27, മീനം 13, 2023 ജൂലൈ 3, 1198 മിഥുനം 18 തീയതികളിലാണ് ഇനി പൗര്‍ണ്ണമിയും തിങ്കളാഴ്ചയും ഒന്നിക്കുന്നത്. തിങ്കളാഴ്ചയും കറുത്തവാവും ഒന്നിക്കുന്ന ദിവസത്തിന് അമാസോമവാരം എന്നു പറയുന്നു.
സ്വയംവര പാര്‍വതി ധ്യാന ശ്ലോകം
ശംഭും ജഗന്മോഹനരൂപ പൂര്‍ണ്ണം
വിലോക്യ ലജ്ജ കലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം
സംബിഭ്രതീം അദ്രി സുതാം ഭജേയം
സ്വയംവര പാര്‍വതി മന്ത്രം
ഈ ധ്യാന ശ്ലോകം നിത്യവും രാവിലെ കുളിച്ചു ശുദ്ധമായി 3 പ്രാവശ്യം ജപിക്കുക. പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും. കൂടാതെ അളവറ്റ ഐശ്വര്യവും വശ്യശക്തിയും ലഭിക്കും.
സ്വയംവര പാര്‍വതി മന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ
മുഖഹൃദയം മമ വശം
ആകര്‍ഷയഃ ആകര്‍ഷയഃ സ്വാഹ
അത്ഭുത ശക്തിയുള്ള സ്വയംവര പാര്‍വതി മന്ത്രം എന്നും രാവിലെ വെളുത്ത വസ്ത്രം ധരിച്ചു 36 പ്രാവശ്യം വീതം നിലവിളക്ക് കൊളുത്തി വച്ച് ജപിക്കണം. 41 ദിവസം
തുടര്‍ച്ചയായി രാവിലെ ജപിക്കുക. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിന് ഇതിലും മികച്ച മറ്റൊരു മന്ത്രമില്ല. ഈ മന്ത്രജപത്താല്‍ ആഗ്രഹ സാഫല്യം ഉറപ്പാണ്.