ഗുരുവായൂര്‍ ഏകാദശി വ്രതനാളുകളില്‍ ഭഗവാന്റെ മൂലമന്ത്രങ്ങള്‍ 108 തവണ ജപിച്ചാല്‍

ഗുരുവായൂര്‍ ഏകാദശിയ്ക്ക് ദശമി നാളില്‍ തുറക്കുന്ന ക്ഷേത്ര നട ദ്വാദശി നാളില്‍ രാവിലെ ഒന്‍പതു മണിക്ക് മാത്രമേ നട അടയ്ക്കൂ. അതുവരെ പൂജകളുടെ ആവശ്യത്തിനല്ലാതെ നട അടയ്ക്കില്ല. ഭക്തര്‍ക്ക് ഏത് സമയത്തും ദര്‍ശനം നടത്താം.

author-image
parvathyanoop
New Update
ഗുരുവായൂര്‍ ഏകാദശി വ്രതനാളുകളില്‍ ഭഗവാന്റെ മൂലമന്ത്രങ്ങള്‍ 108 തവണ ജപിച്ചാല്‍

വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. വിഷ്ണു ഭഗവാന്‍ നാലു മാസത്തെ യോഗനിദ്രയില്‍ നിന്നും ഉണരുന്ന ദിനം എന്ന സങ്കല്പത്തിലാണ് ഈ ദിവസത്തെ ഉത്ഥാന ഏകാദശി എന്ന് വിളിക്കുന്നത്.

ഭഗവാന്‍ മഹാവിഷ്ണുവിന്റെ മൂലമന്ത്രങ്ങളാണ് ഓം നമോ നാരായണായ എന്ന അഷ്ടാക്ഷര മന്ത്രവും ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രവും പന്ത്രണ്ടക്ഷരമുള്ള ദ്വാദശാക്ഷരീ മന്ത്രവും. ലളിതമായ സംസ്‌കൃത പദവാക്യമാണ്.

എന്നാല്‍ അതിന്റെ സാരാംശം അതീവ മഹത്വവുമാണ്. ഭൂലോക വൈകുണ്ഠനാഥനായ ഗുരുവായൂരപ്പന്റെ തിരുനടക്കു മുന്നിലും ദ്വാദശാക്ഷരീ മന്ത്രം ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ഈശ്വരന്‍ തന്നോടു കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന മഹാമന്ത്രം കൂടിയാണ് ദ്വാദശാക്ഷരീ മന്ത്രം.

 

പന്ത്രണ്ടു അക്ഷരങ്ങള്‍ അടങ്ങിയ ഈ ദ്വാദശാക്ഷരീ നാമത്തിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ ഓരോ നാമങ്ങളെ സൂചിപ്പിക്കുന്നു.

1.ഓം -കേശവന്‍

2.ന - നാരായണന്‍

3.മോ - മാധവന്‍

4.ഭ - ഗോവിന്ദന്‍

5.ഗ - വിഷ്ണു

6.വ - മധുസൂദനന്‍

7.തേ -ത്രിവിക്രമന്‍

8.വാ - വാമനന്‍

9.സു - ശ്രീധരന്‍

10.ദേ - ഹൃഷീകേശന്‍

11.വാ - പത്മനാഭന്‍

12.യ - ദാമോദരന്‍

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതാനുഷ്ഠാനം.ഗുരുവായൂര്‍ ഏകാദശി വ്രതനാളുകളില്‍ ഭഗവാന്റെ മൂലമന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നത് പോലെ പ്രധാനമാണ് ഈ 12 ഭഗവല്‍ നാമങ്ങള്‍ നൂറ്റെട്ട് തവണ ജപിക്കുന്നത്.

ഈ നാമങ്ങള്‍ പൊതുവെ വിഷ്ണു ദ്വാദശ നാമങ്ങള്‍ എന്നറിയപ്പെടുന്നു. ഈ നാമങ്ങള്‍ ഭക്തിയോടെ ജപിക്കുന്നതിലൂടെ ഗ്രഹപ്പിഴാ ദോഷങ്ങളയുകയും രോഗദുരിതശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രം ജപിച്ചശേഷമാണ് വിഷ്ണു ദ്വാദശ നാമങ്ങള്‍ ജപിക്കേണ്ടത്. 108 തവണ ജപിക്കാന്‍ സാധിക്കാത്തവര്‍ രാവിലെയും വൈകിട്ടും കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.

ഐതിഹ്യം

പ്രസിദ്ധ സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഏകാദശിദിവസം ഗുരുവായൂര്‍ സ്ഥിരമായി കീര്‍ത്തനാലാപനം ചെയ്തിരുന്നു. എന്നാല്‍ ഒരു പ്രാവശ്യം കോഴിക്കോട് സാമൂതിരി കോവിലകത്ത് കച്ചേരി നടത്താന്‍ പോയതിനാല്‍ അത് മുടങ്ങി.

എന്നാല്‍ ആ സദസില്‍ പാടാന്‍ തുനിഞ്ഞ ചെമ്പൈയ്ക്ക് നാദം നിലച്ചു എന്നും വീഴ്ച മനസിലാക്കി അദ്ദേഹം ഭഗവാനോട് മാപ്പിരന്ന് ഗുരുവായൂരില്‍ വന്ന് കരുണ ചെയ്വാനെന്തു താമസം എന്ന കീര്‍ത്തനം പാടിയെന്നും കഥയുണ്ട്.

ഇങ്ങനെ ഗുരുവായൂര്‍ ഏകാദശിയുടെ വിശേഷങ്ങള്‍ ധാരാളമുണ്ട്.

യോഗസിദ്ധി വഴി ശങ്കരാചാര്യര്‍ ഒരു ഏകാദശിനാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനു മുകളിലൂടെ ആകാശ സഞ്ചാരം നടത്തിയെന്നും ക്ഷേത്രം കണ്ടിട്ടും ആദരിച്ചില്ല എന്നും ഒരു കഥയുണ്ട്.

ഈ ഗര്‍വ് കാരണം സിദ്ധികള്‍ നശിച്ച് ആചാര്യര്‍ നിലം പതിച്ചത്രേ. തെറ്റ് മനസിലാക്കിയ സ്വാമികള്‍ ഭഗവാനെ പ്രാര്‍ത്ഥിച്ച് മാപ്പിരന്നു. പിന്നീട് അവിടെ താമസിച്ച് ക്ഷേത്രാചാരങ്ങള്‍ തിട്ടപ്പെടുത്തി എന്നും ഐതിഹ്യമുണ്ട്.

 

ഗുരുവായൂര്‍ ഏകാദശിയ്ക്ക് ദശമി നാളില്‍ തുറക്കുന്ന ക്ഷേത്ര നട ദ്വാദശി നാളില്‍ രാവിലെ ഒന്‍പതു മണിക്ക് മാത്രമേ നട അടയ്ക്കൂ. അതുവരെ പൂജകളുടെ ആവശ്യത്തിനല്ലാതെ നട അടയ്ക്കില്ല. ഭക്തര്‍ക്ക് ഏത് സമയത്തും ദര്‍ശനം നടത്താം.

അര്‍ദ്ധരാത്രി 12 മണിക്കും ദര്‍ശനം നടത്താം. ഉദയാസ്തമ പൂജയാണ് ഏകാദശി ദിവസം നടക്കുക. അതിനാല്‍ സാധാരണ ഉള്ളതിലും 15 പൂജകള്‍ ഈ ദിവസം കൂടുതല്‍ നടക്കും. ഇത്തവണ ഗുരുവായൂര്‍ ഏകാദശിക്ക് 2021 ഡിസംബര്‍ 13 ന് ദശമി നാള്‍ വെളുപ്പിന് 3 മണിക്ക് തുറക്കുന്ന നട ദ്വാദശിനാള്‍ ഡിസംബര്‍ 15 രാവിലെ 9 മണിക്ക് അടയ്ക്കും.

അതുവരെ 54 മണിക്കൂറുകള്‍ തുടര്‍ച്ചയായി ഭക്തര്‍ക്ക് ദര്‍ശനം നടത്താം.ഗുരുവായൂര്‍ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശിക്ക് ഏകദേശം നാലേമുക്കാല്‍ മുതല്‍ അഞ്ചര വരെയുള്ള മുക്കാല്‍ മണിക്കൂര്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ ദ്വാദശിപണം വയ്ക്കുക എന്നൊരു ചടങ്ങുണ്ട്.

ഇതും ശ്രേഷ്ഠമാണ്. ഇങ്ങനെ ദ്വാദശി പണം സമര്‍പ്പിക്കുന്ന ഭക്തരുടെ സാമ്പത്തിക ദുരിതങ്ങളെല്ലാം തീരുമെന്നാണ് വിശ്വാസം.

 

വിഷ്ണു ദ്വാദശ നാമങ്ങള്‍

ഓം കേശവായ നമഃ

ഓം നാരായണായ നമഃ

ഓം മാധവായ നമഃ

ഓം ഗോവിന്ദായ നമഃ

ഓം വിഷ്ണവേ നമഃ

 

 

 

guruvayoor temple ekadhashi