ആഗ്രഹസാഫല്യത്തിന് മൃദംഗശൈലേശ്വരീ ക്ഷേത്രം

എങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകള്‍ എവിടെയുമില്ല. ആദ്യകാലത്ത് കോട്ടയം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരളിമല, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്താണ്.

author-image
parvathyanoop
New Update
ആഗ്രഹസാഫല്യത്തിന് മൃദംഗശൈലേശ്വരീ ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീക്ഷേത്രമാണ് മൃദംഗശൈലേശ്വരീ ക്ഷേത്രം. ദുര്‍ഗ്ഗയാണ് പ്രതിഷ്ഠ. സരസ്വതി, ലക്ഷ്മി,കാളി അഥവാ പോര്‍ക്കലി സങ്കല്‍പങ്ങളിലും പൂജിക്കുന്നു.

ഗണപതി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, നാഗദൈവങ്ങള്‍ എന്നിവരാണ് ഉപദേവതകള്‍. പഴശ്ശിരാജ യുദ്ധത്തിന് മുന്‍പ് ഇവിടെ ഗുരുതി പൂജ നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പരശുരാമന്‍ സ്ഥാപിച്ച നൂറ്റെട്ട് ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .

എത്രവലിയ അസാധ്യ കാര്യമായാലും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ - ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ എന്നാണ് ക്ഷേത്ര ചരിത്രം പറയുന്നത്.

 

 കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാന നമബ്ജ വാസര മണീം എന്ന കാവ്യം ഇവിടെ വെച്ചാണ് രചിച്ചതെന്നാണ് വിശ്വാസം. ഇത് ഈ ക്ഷേത്രത്തിലെ ഭഗവതിയെ സ്തുതിക്കുന്നതാണ്. ക്ഷേത്രസമീപത്ത് പഴശ്ശിരാജാവിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ഈ ക്ഷേത്രത്തിന് രണ്ടായിരം വര്‍ഷം പഴക്കം പറയപ്പെടുന്നു. മൂന്നുപ്രാവശ്യം ഈ ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള പഞ്ചലോഹ നിര്‍മിതമായ വിഗ്രഹം മോഷണം പോവുകയും കള്ളന്മാര്‍ അത് അധികദൂരം കൊണ്ടുപോകാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയും ആണ് ഉണ്ടായത്.

അത്ഭുത വിഗ്രഹം

പാലക്കാട് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മോഷണ നടന്നതിന് ശേഷം വിഗ്രഹം തിരികെ ലഭിച്ചത്. മുഴക്കുന്ന് ദേവി ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇതെന്ന കത്തും ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് 300 മീറ്റര്‍ മാറിയാണ് രണ്ടാമത്തെ തവണ വിഗ്രഹം ലഭിച്ചത്.

മൂന്നാം തവണ വയനാട്ടില്‍ നിന്നാണ് ലഭിച്ചത്. അത് കള്ളന്മാര്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞിട്ടാണ് കണ്ടെത്തിയത്.പിന്നീട് മറ്റൊരു കേസില്‍ കള്ളന്മാരെ പിടികൂടിയപ്പോളാണ് നടന്ന സംഭവം പൊലീസിന് മനസിലായത്. ഈ വിഗ്രഹം മോഷ്ടിച്ചു കഴിഞ്ഞാല്‍ അവരുടെ സമനില തെറ്റും.

എങ്ങോട്ട് പോകണമെന്ന് മനസിലാകാതെ ദിക്ക് ഭ്രമം വരും. ഒപ്പം ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മലമൂത്ര വിസര്‍ജനവും നടക്കും. അതോടെ അവര്‍ വിഗ്രഹം ഉപേക്ഷിച്ച് പോവുകയാണ് ചെയ്തത്. ഇവിടെ നെയ് വിളക്ക് ദേവിക്ക് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ ഏത് അസാധ്യകാര്യവും നടക്കുമെന്നാണ് വിശ്വാസം.

നവരാത്രിയും മീനമാസത്തിലെ പൂരം ഉത്സവവും ആഘോഷമായി കൊണ്ടാടുന്നു. മകരസംക്രാന്തിയും ആഘോഷമാണ്. രാവിലെ 5 ന് നട തുറക്കും. 1 ന് നട അടയ്ക്കും. വീണ്ടും വൈകിട്ട് 5 മുതല്‍ 8 വരെ നടതുറന്നരിക്കും.

അലങ്കാര പൂജ നിത്യപൂജ, വിശേഷാല്‍ നിറമാല, നിറമാല, ത്രികാലപൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍. തന്ത്രിമാര്‍ കോഴിക്കോട്ടിരി കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് , നന്ത്യാര്‍ വള്ളി ശങ്കരന്‍നമ്പൂതിരിപ്പാട്.

 

 

ഐതിഹ്യം

സ്വര്‍ഗ്ഗലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ സംഗീതരൂപിണിയായ ദുര്‍ഗ്ഗാഭഗവതി ഒരു മിഴാവിന്റെ രൂപത്തില്‍ വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവുകുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി.

കാലക്രമത്തില്‍ അതു മാറി മിഴാക്കുന്ന് - മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരില്‍ എത്തി നില്‍ക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മൃദംഗം വീണതെന്നു വിശ്വസിക്കപ്പെടുന്നു. മുഴക്കുന്നിലമ്മയെ സരസ്വതിയായി കരുതുന്നത് ഈ ഐതിഹ്യം മൂലമാണ്.

ചരിത്രം

പരദേവതാക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിന് ഏകദേശം രണ്ടായിരം വര്‍ഷം പഴക്കം പറയപ്പെടുന്നുണ്ട്. എങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകള്‍ എവിടെയുമില്ല. ആദ്യകാലത്ത് കോട്ടയം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരളിമല, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്താണ്.

തന്മൂലം പുരളീശ്വരന്മാര്‍ എന്നും അവര്‍ അറിയപ്പെട്ടുപോന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ ചമ്പൂകാവ്യമായ ഉണ്ണിയച്ചീചരിതത്തില്‍ ഇവരെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇവരെ അതില്‍ പുരളിമലയില്‍ ഇവരുടെ പൂര്‍വ്വികനായ ഹരിശ്ചന്ദ്രന്‍ കെട്ടിപ്പടുത്ത കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം.

 

Mridangashaileshwari temple kanoor