/kalakaumudi/media/post_banners/90db7f6c909a7a52a0dd65327aaed292c109b54e5df94264c89ae8661c9abff3.jpg)
ദേവി പൂജയ്ക്ക് സുപ്രധാനമായ ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവമാണ് നവരാത്രി. ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ദുര്‍ഗ്ഗാഷ്ടമി നാളില്‍ ദുര്‍ഗ്ഗ യ്ക്കും മഹാനവമി ദിനത്തില്‍ മഹാലക്ഷ്മിക്കും, വിജയദശമിയില്‍ സരസ്വതിക്കും ആണ് പ്രധാനം. കേരളത്തില്‍ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും അന്നേദിവസം വിദ്യാരംഭച്ചടങ്ങുകള്‍ നടക്കുന്നു. തിരുവനന്തപുരത്തെ നവരാത്രി ഉത്സവങ്ങള്‍ക്കു നാളെ തുടക്കമാവുകയാണ്. കന്നി മാസത്തില്‍ നടക്കുന്ന നവരാത്രി പൂജയോടെയാണത് ആരംഭിക്കുന്നത്.അതിന്‍റെ തുടക്കം കുറിച്ചുകൊണ്ടു നാഞ്ചിനാട്ടില്‍ നിന്നുള്ള വിഗ്രഹ ഘോഷയാത്ര ഈ മാസം 9നു തിരുവനന്തപുരത്ത് എത്തിച്ചേരും. കന്യാകുമാരി ജില്ളയിലുള്‍പ്പെട്ട കല്‍ക്കുളം പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നു സരസ്വതീ ദേവി, വേളിമലയിലെ കുമാര കോവിലില്‍ നിന്നു വേലായുധ സ്വാമി, ശുചീന്ദ്രത്തു നിന്നു മുന്നൂറ്റി മങ്ക എന്നീ വിഗ്രഹങ്ങളെയാണ് ആചാരപരമായ ഘോഷയാത്രയോടെ എത്തിക്കുക. സരസ്വതീ ദേവിയെ ആനപ്പുറത്തും കുമാരസ്വാമിയെ വെള്ളി കുതിരപ്പുറത്തും മൂന്നൂറ്റി നങ്കയെ പല്ളക്കിലും കൊണ്ടു വരും. വേലുത്തന്പി ദളവയുടെ അമ്മ കാണിക്കവച്ചതാണു കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നില്‍ ഈ ഘോഷയാത്രയ്ക്കു തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ആചാരപരമായ വരവേല്‍പു നല്‍കും. വലിയൊരു ജനാവലി നഗരവീഥിയിലുടനീളം ഘോഷയാത്ര ദര്‍ശിക്കാന്‍ തടിച്ചു കൂടും.