ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് 27 ന് തുടക്കം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന പൈങ്കുനി ഉത്സവത്തിന് 27 തിങ്കളാഴ്ച കൊടിയേറും.

author-image
Web Desk
New Update
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് 27 ന് തുടക്കം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന പൈങ്കുനി ഉത്സവത്തിന് 27 തിങ്കളാഴ്ച കൊടിയേറും.

രാവിലെ 8.25 നും 9.12 നും ഇടയ്ക്കാണ് കൊടിയേറ്റ്. ശംഖുംമുഖം കടവില്‍ ശ്രീപത്മനാഭ സ്വാമിയുടെ ആറാട്ട് ഏപ്രില്‍ 5 ന് നടത്തും.

ശുദ്ധിക്രിയയ്ക്കു ശേഷം പെരിയ നമ്പിയും പഞ്ചഗവ്യത്തു നമ്പിയും ചേര്‍ന്ന് കൊടിയും കയറും തന്ത്രിക്ക് കൈമാറും.

ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 3 ന് വലിയ കാണിക്കയും 4 ന് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ തയാറാക്കുന്ന വേട്ടക്കളത്തില്‍ പള്ളിവേട്ടയും നടത്തും.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളില്‍ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. മലയാളം കലണ്ടര്‍ അനുസരിച്ച് മീനമാസത്തിലെ (ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് - ഏപ്രില്‍) രോഹിണി നാളില്‍ കൊടിയേറ്റോടു കൂടി തുടങ്ങി പത്താം ദിവസം അത്തം നാളില്‍ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം.

ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പാണ്ഡവന്മാരുടെ അഞ്ചു വലിയ പ്രതിമകള്‍ ഉത്സവനാളുകളില്‍ ഉയരും. മഴയുടെ ദൈവമായ ഇന്ദ്രനെ പ്രസാദിപ്പിക്കാനാണ് ഇതെന്ന് വിശ്വസിക്കുന്നു. വളരെയേറെ പ്രത്യേക ചടങ്ങുകളും മറ്റ് കലാപരിപാടികളും കഥകളിയും മറ്റും ഉത്സവനാളുകളിലുണ്ടാവും.

ഒമ്പതാം ദിവസം തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം പള്ളിവേട്ടയ്ക്കു പുറപ്പെടും. കിഴക്കേക്കോട്ടയിലെ തന്നെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലേക്കാണ് ഈ എഴുന്നള്ളത്ത്. പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടല്‍ത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും.

തിരുവിതാംകൂര്‍ കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം ആചാര, അലങ്കാര വിശേഷങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയില്‍ പങ്കെടുക്കും. പുരുഷന്മാരായ എല്ലാ രാജകുടുംബാംഗങ്ങളും ഈ ആറാട്ടു ഘോഷയാത്രയില്‍ അണിനിരക്കുന്നത് നൂറ്റാണ്ടുകളായുള്ള ആചാരമാണ്.

 

kerala temples Painkuni festival Sree Padmanabha Swamy Temple