മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ വിളി കേള്‍ക്കുന്ന മൂര്‍ത്തി

അമ്പലത്തിലെ പണി അവസാനിക്കില്ലെന്നറിയിച്ച് ഉളിയും മുഴക്കോലും ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു പെരുന്തച്ചന്‍ അവരെഅനുഗ്രഹിച്ചു. 5 ഏക്കറിലധികമുള്ള അമ്പലത്തില്‍ ഇന്നും തച്ചന്മാര്‍ക്കു പണിയുണ്ടാവുമെന്നാണു വിശ്വാസം.

author-image
parvathyanoop
New Update
മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ വിളി കേള്‍ക്കുന്ന മൂര്‍ത്തി

കേരളത്തിലെ ആദ്യ ക്ഷേത്രമാണു പന്നിയൂര്‍ വരാഹ മൂര്‍ത്തിയുടേതെന്നാണു വിശ്വാസം. ഏകദേശം 4000 വര്‍ഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം.മഹാവിഷ്ണുവിന്റെ രൂപത്തില്‍ വരാഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ച ഒരേ ഒരു ക്ഷേത്രം. ഇടത്തെ തുടയില്‍ ഭൂമീദേവി സങ്കല്‍പത്തോടെയാണു പ്രതിഷ്ഠ.

9 ക്ഷേത്രങ്ങളുടെ സമുച്ചയമായാണു പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം നിലകൊള്ളുന്നത്.പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം. വരാഹമൂര്‍ത്തി ക്ഷേത്രത്തിനു ചുറ്റുമായി അയ്യപ്പക്ഷേത്രം, ശിവക്ഷേത്രം, ദുര്‍ഗ്ഗാക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളും ഗണപതി, സുബ്രഹ്മണ്യന്‍, ലക്ഷ്മി നാരായണന്‍ എന്നീ ഉപ പ്രതിഷ്ഠകളും ഉണ്ട്.

യക്ഷിയുടെയും ചിത്രഗുപ്തന്റെയും സാന്നിധ്യവും ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്. ക്ഷേത്രത്തിന്റെ തൊട്ട് വടക്കു ഭാഗത്തായി ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന പന്നിയൂര്‍ തുറയും കാണാം.അഭിഷ്ടസിദ്ധി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.

 

കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കുന്നതിനുള്ള ഐശ്വര്യ പൂജയും വിവാഹം പെട്ടെന്ന് നടക്കുന്നതിനായുളള ലക്ഷ്മി നാരായണ പൂജയും നടത്താറുണ്ട്. രാവിലെ 5. 30 മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മുതല്‍ 8 മണി വരെയുമാണ് ക്ഷേത്രത്തിലെ പൂജാ സമയം.

 

ഐതിഹ്യം

പന്തിരുകുലത്തിലെ പെരുന്തച്ചനുമായി ബന്ധപ്പെട്ടൊരു കഥയുണ്ട് ഈ അമ്പലത്തിന്. മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തില്‍ പെരുന്തച്ചന്‍ അലഞ്ഞു നടക്കുന്ന കാലത്താണു വരാഹമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തെ ആല്‍ത്തറയിലെത്തുന്നത്. ശ്രീകോവിലിന്റെ മേല്‍ക്കൂര പണിയുന്ന സമയമായിരുന്നു അത്.

ആല്‍ത്തറയില്‍ വിശ്രമിച്ച പെരുന്തച്ചനെ മറ്റു തച്ചന്മാര്‍ തിരിച്ചറിഞ്ഞില്ല. ഇതില്‍ വിഷമിച്ച പെരുന്തച്ചന്‍ മറ്റു തച്ചന്മാര്‍ ഭക്ഷണം കഴിക്കാന്‍ പോയ നേരം നോക്കി മേല്‍ക്കൂരയുടെ കഴുക്കോലുകളുടെ അളവു മാറ്റി വരച്ചു.ആശാരിമാര്‍ തിരികെയെത്തി പെരുന്തച്ചന്‍ വരച്ച അളവുകളില്‍ തുളച്ചു മേല്‍ക്കൂര കൂട്ടാന്‍ ശ്രമിച്ചു. പക്ഷേ, ആ കണക്കില്‍ മേല്‍ക്കൂര യോജിച്ചില്ല.

അമ്പലത്തിന്റെ മേല്‍ക്കൂര യോജിക്കാതിരുന്നാലുള്ള ശാപത്തിന്റെ പേടിയുമായി തച്ചന്മാര്‍ തിരികെ വീടുകളിലേക്കു മടങ്ങി. അന്നു രാത്രിയില്‍ അമ്പലത്തില്‍ നിന്നു വലിയൊരു ശബ്ദം കേട്ട് ആശാരിമാര്‍ തിരികെയെത്തി. തനിക്കു മാത്രം അറിയാവുന്ന കണക്കുകൊണ്ടു പെരുന്തച്ചന്‍ മേല്‍ക്കൂര യോജിപ്പിക്കുന്നതാണ് അപ്പോള്‍ കണ്ടത്. ആളെ മനസ്സിലാകാത്തതില്‍ തച്ചന്മാര്‍ മാപ്പിരന്നു.

പെരുന്തച്ചന്‍ അമ്പലം പൂര്‍ത്തിയാക്കിയെന്നും തങ്ങള്‍ക്കിവിടെ ഇനി ജോലിയില്ലെന്നും തച്ചന്മാര്‍ സങ്കടം പറഞ്ഞു. അമ്പലത്തിലെ പണി അവസാനിക്കില്ലെന്നറിയിച്ച് ഉളിയും മുഴക്കോലും ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു പെരുന്തച്ചന്‍ അവരെഅനുഗ്രഹിച്ചു. 5 ഏക്കറിലധികമുള്ള അമ്പലത്തില്‍ ഇന്നും തച്ചന്മാര്‍ക്കു പണിയുണ്ടാവുമെന്നാണു വിശ്വാസം.

പെരുന്തച്ചന്‍ ഉപേക്ഷിച്ച മുഴക്കോല്‍ അമ്പലത്തില്‍ കരിങ്കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്. ഇന്നും മുഴക്കോല്‍ നിര്‍മിക്കാനുള്ള അളവെടുപ്പിനായി ആശാരിമാര്‍ അമ്പലത്തിലേക്കെത്തുന്നു.

palakkad panniyoor varaha moorthy temple