/kalakaumudi/media/post_banners/32c75fcf8c868a79fb44479b0bd0e680e103a59addc4d7d129e145f6ed0a1e9b.png)
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മണ്ഡലദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാര്യമായ തിരക്കില്ല. സുരക്ഷയ്ക്കായുള്ള പൊലീസുകാരുടെ എണ്ണത്തിലും കുറവ്. അയ്യപ്പനെ തൊഴുതു മടങ്ങാന്‍ ആവശ്യത്തിലേറെയാണ് സമയം.
വൃശ്ചികമാണെങ്കിലും ഇത്തവണ ശബരിമലയില്‍ കാര്യമായ തണുപ്പില്ല. ബസിലും മറ്റു വാഹനങ്ങളിലുമായി എത്തുന്ന ഭക്തര്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തിയേ മതിയാകൂ.
അവിടെ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. ഇത് ഹാജരാക്കാന്‍ കഴിയാതിരിക്കുകയോ 24 മണിക്കൂര്‍ മുമ്പ് പരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യാത്തവര്‍ക്ക് നിലയ്ക്കല്‍ ക്യാമ്പില്‍ ആന്റിജന്‍ പരിശോധനയുണ്ട്. ഇതിനായി 650 രൂപ അടയ്‌ക്കേണ്ടി വരും. പോസിറ്റീവ് ആകുന്നവരെ കണ്ടെത്തിയാല്‍ ആ ഭക്തന്‍ ഉള്‍പ്പെടുന്ന സംഘത്തെ മടക്കി അയയ്ക്കുകയാണ് പതിവ്. ബസില്‍ വന്ന ഭക്തനാണ് പോസിറ്റീവാകുന്നതെങ്കില്‍ ആ ബസിലെത്തിയവരെ മുഴുവനായി തന്നെ മട്ടക്കിവിടും. ഇങ്ങനെ ചില ബസുകള്‍ക്ക് ഇതിനകം തന്നെ തിരികെ പോകേണ്ടിവന്നിട്ടുണ്ട്.
നിലയ്ക്കലില്‍ നിന്നും പമ്പയിലെത്തിയാല്‍ വര്‍ച്വല്‍ ബുക്കുംഗിന്റെ രേഖ ഹാജരാക്കണം.മൊബൈല്‍ ഫോണിലുള്ള രേഖയും മതിയാകും. പിന്നീട് മല കയറ്റം. വഴിയോരത്ത് മാലയും വളകളും അയ്യപ്പന്റെ ചിത്രങ്ങളും വിവിധതരം കത്തികളും മറ്റും വില്‍ക്കുന്നവരൊന്നുമില്ല. സന്നിധാനത്തു ചെന്നാല്‍ അയ്യപ്പനെ കാണാന്‍ തിരക്ക് കുറവാണ്. പതിനെട്ടു പടികളിലും നിലയുറച്ച് ഭക്തരെ തള്ളിക്കയറ്റി വിടാന്‍ പൊലീസ് ഉദ്യോഗസ്ഥരുമില്ല. പതിനെട്ടാം പടിക്കു താഴെയും മുകളിലുമായി ഒന്നോ രണ്ടോ പൊലീസ് ഉണ്ടാകും. പടിക്കു താഴെ തേങ്ങയടിക്കാം. അഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറില്‍ ഏല്‍പിക്കണം. മറ്റൊരു കൗണ്ടറില്‍നിന്ന് നെയ് വാങ്ങാം. അടിച്ച തേങ്ങയുടെ ഒരു മുറിയും ലഭിക്കും. രണ്ടാമത്തെ മുറി ആഴിയിലെറിയും. നിവേദ്യം വാങ്ങേണ്ടത് മാളികപ്പുറത്തിനടുത്തുള്ള കേന്ദ്രത്തില്‍നിന്നാണ്. പൂജാരിമാര്‍ തന്നെയാണ് ഇത് നല്‍കുന്നത്.