/kalakaumudi/media/post_banners/df9271dac6e5456d7a064fa209d0efe0e03c237f44a5fbf1b2a8f0b60dd4b367.jpg)
ശിവരാത്രി മറ്റ് ഉത്സവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ്.ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് മഹാ ശിവരാത്രി.
കുംഭമാസത്തിലെ കൃഷണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആചരിയ്ക്കുന്നത്. ചതുര്‍ദ്ദി ദിവസമാണ് ശിവരാത്രി. ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രമമായി പാലിക്കുന്നവരാണ് ശിവരാത്രി വ്രതം എടുക്കുക.
കൂവളത്തിന്റെ ഇലകള്‍ ശിവന് സമര്‍പ്പിക്കുന്നതും ഉപവാസം അനുഷ്ഠിച്ച് ഉറക്കമിളയ്ക്കുന്നതും വ്രതമെടുത്ത് താലം എടുക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങള്‍ ആണ്.
ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പാപങ്ങള്‍ കഴുകിക്കളയുന്ന മഹാഗംഗ തന്നെയാണ് ശിവരാത്രി വ്രതമെന്നും വിശ്വസിച്ച് പോരുന്നു.
ഈ ദിവസം ശിവഭഗവാന് ധാര, ഭസ്മാഭിഷേകം തുടങ്ങിയവ നടത്തുന്നത് അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്. പക്ഷേ ചില ശിവ ക്ഷേത്രങ്ങളില്‍ ഈ ദിവസം ജലധാര കാണില്ല.
ദിവസം മുഴുവനും ഘൃതധാര നടക്കുന്നത് കാരണമാണ് ജലധാരയും മറ്റും ഒഴിവാക്കുക. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ശിവരാത്രി നാളില്‍ 24 മണിക്കൂറും ഘൃതധാര നടക്കുന്നു. അന്ന് പുലര്‍ച്ചെ മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെയാണ് നെയ്യ് ധാര. ഈ ദിവസം മറ്റ് ധാരകളൊന്നും ഇവിടെ നടത്തില്ല.
ഈ വര്‍ഷം ഫെബ്രുവരി 18, കുംഭ മാസം 6 ശനിയാഴ്ചയാണ് മഹാശിവരാത്രി . പ്രദോഷവും ശിവരാത്രിയും ശനിയാഴ്ചയും ഒത്തുവരുന്നത് വളരെ അപൂര്‍വമാണ്.
അതിനാല്‍ ഈ ശിവരാത്രി ആചരണം ശനിദോഷ നിവാരണത്തിനും എല്ലാത്തരം തടസ്സങ്ങള്‍ നീങ്ങുന്നതിനും വളരെ ശ്രേഷ്ഠമായ ശനി പ്രദോഷ ശിവരാത്രിയാണ്. ശിവഭഗവാന് ഏറ്റവും വിഷേശപ്പെട്ട വഴിപാട് ധാരയാണ്.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേര്‍ച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രം ജപിക്കുന്നു.
ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ഇടമുറിയാതെ വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ രീതി.
ഇങ്ങനെ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും.
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമായ ശിവരാത്രി നാളില്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ഭസ്മം ധരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പൂര്‍വ്വജന്മാര്‍ജ്ജിത ദുരിതങ്ങളും പാപങ്ങളുമകന്ന് സൗഖ്യം ഉണ്ടാകും. എപ്പോഴും ഭസ്മം ധരിക്കുന്ന വ്യക്തിയെ മഹാദേവന്‍ കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം.
ശിവരാത്രി നാളില്‍ ശിവന് ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് ശിവപ്രീതിക്ക് തികച്ചും ഗുണകരമാണ്. വിശേഷദിനങ്ങളില്‍ കലശ പൂജയായും ഭസ്മാഭിഷേകം ക്ഷേത്രങ്ങളില്‍ ചെയ്യാറുണ്ട്.
സാധാരണ എന്നും രാവിലെ അഭിഷേക ചടങ്ങിന് ശേഷം ഭസ്മവും അഭിഷേകം ചെയ്യുന്നു. ഇങ്ങനെ ശിവലിംഗത്തില്‍ സ്പര്‍ശിച്ച ഭസ്മം നിത്യേന ധരിക്കുന്നത് രോഗശാന്തി, പാപശാന്തി, കാര്യവിജയം എന്നിവയ്ക്ക് നല്ലതാണ്. തിങ്കളാഴ്ചകളില്‍ 12 പ്രാവശ്യം ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് അഭീഷ്ടസിദ്ധിയേകും.