ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് തുടക്കമായി. ഫെബ്രുവരി 23 ന് തുടങ്ങി മാര്‍ച്ച് 3 ന് ഉത്സവം സമാപിയ്ക്കും.
23ന് രാവിലെ എട്ടിനായിരുന്നു കാളിയൂട്ടിന് തുടക്കം കുറിച്ചുകൊണ്ടുള്ള കുറികുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്ര മേല്‍ശാന്തിയുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര ഭണ്ഡാരപ്പിള്ള സ്ഥാനീയന്‍ ജയകുമാര്‍ താളിയോലയില്‍ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ അംഗത്തിന് കൈമാറിയാണ് കുറികുറിക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്.
മാര്‍ച്ച് 3ന് വൈകിട്ട് 5 നാണ് കാളിയൂട്ടിലെ നിലത്തില്‍പ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്.ഇതോടെ 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായി.
കാളീനാടകത്തിലെ ഓരോരോ രംഗങ്ങള്‍ അരങ്ങേറുന്നത് അത്താഴ ശീവേലിക്കുശേഷം ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളല്‍പ്പുരയിലാണ്. ശ്രീകോവിലില്‍ നിന്ന് തുള്ളല്‍പ്പുരയിലെ നിലവിളക്കിലേക്ക് ദേവീ ചൈതന്യത്തെ ആവാഹിച്ച ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
രണ്ടാം ദിനമായ ഇന്ന് കുരുത്തോലയാട്ടവും പഴങ്കഥ പറച്ചിലും നടക്കും. വെള്ളാട്ടം കളിയിലൂടെ ദേവിയുടെ ക്ഷീണം മാറ്റി ആനന്ദിപ്പിക്കാനായി കുരുത്തോല തുള്ളല്‍ നടത്തുന്നു എന്നാണ് പറയപ്പെടുന്നത്.
കുരുത്തോല കൈത്തണ്ടയിലണിഞ്ഞ് രണ്ടുപേര്‍ ചുവടുവച്ച് പഴങ്കഥ പറഞ്ഞ് ആടിപ്പാടിയാണ് ഇത് അവതരിപ്പിക്കുന്നത്.കാളിയൂട്ടിനും തുടര്‍ന്ന് മീന മാസത്തില്‍ നടക്കുന്ന ഭരണി മഹോത്സവത്തിനും വേണ്ടിയുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.
മാര്‍ച്ച് 25നാണ് പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന മീന ഭരണി മഹോത്സവം സമാപിക്കുന്നത്. കാളിയൂട്ടിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ഉപദേശക സമിതി സെക്രട്ടറി അജയന്‍ ശാര്‍ക്കര, വൈസ് പ്രസിഡന്റ് ബൈജു, മധു,നിജു കൃഷ്ണന്‍ കണ്ണന്‍, ശരത്, ബാലചന്ദ്രന്‍, സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.