/kalakaumudi/media/post_banners/f2609e2d5cb39c19a57f7c161712d9f290f3e0e4dccede623a1ad112024e8052.jpg)
ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രഹ്മമൂഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നടത്തി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിച്ച് വീട്ടില്‍ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. ഒരു നേരം മാത്രം പച്ചരിച്ചോറ് കഴിച്ച് മറ്റ് സമയങ്ങളില്‍ പഴങ്ങള്‍ കഴിക്കുക.
മനസ്സില്‍ ഓം ഹ്രീം നമഃ ശിവായ' എന്ന ശക്തി പഞ്ചാക്ഷരി മാത്രം സദാ ജപിക്കണം.ശിവരാത്രിയുടെ തലേന്നാളും ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലത്. ശിവരാത്രി ദിവസം ആരംഭിക്കേണ്ടത് ശിവക്ഷേത്ര ദര്‍ശനത്തോടെ വേണം.
വീട്ടില്‍ പൂജാ മുറി ഉണ്ടെങ്കില്‍ ഉമാമഹേശ്വര ചിത്രത്തിനു മുന്നില്‍ യഥാശക്തി പൂജാസാധനങ്ങള്‍ ഒരുക്കി ചന്ദനത്തിരി കത്തിച്ച് ശിവ സ്‌തോത്രങ്ങള്‍ ചൊല്ലണം. പഞ്ചാക്ഷരിയായ ഓം നമഃ ശിവായ എന്നത് മാത്രമായി ജപിക്കരുത്.
പഞ്ചാക്ഷരി സര്‍വ്വതും നഷ്ടപ്പെടുത്തി തപസ്സിലേക്ക് നയിക്കും. ശിവനു പോലും കര്‍മ്മോത്സുകനാകാന്‍ ത്രിഗുണാത്മികയും, പ്രകൃതീശ്വരിയുമായ മഹാമായയുടെ ശക്തി ആവശ്യമാണ്.
ആയതിനാല്‍ ശക്തി ബീജമായ ഹ്രീം കൂടി ചേര്‍ത്ത് ഓം ഹ്രീം നമഃ ശിവായ എന്നു തന്നെ ജപിക്കണം .ദേവീ ഭക്തി കൂടുതലുള്ളവര്‍ക്ക് ഹ്രീം ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി കവച പഞ്ചാക്ഷരിയും ജപിക്കാം.
വില്വപത്രം, എരിക്കിന്‍ പൂവ് ഇവ കിട്ടുമെങ്കില്‍ അത് ശിവന് സമര്‍പ്പിക്കുന്നത് കൂടുതല്‍ അനുഗ്രഹദായകമാണ്. ശിവരാത്രി വ്രതത്തോടൊപ്പം സാധുക്കള്‍ക്ക് അന്നം, വസ്ത്രം ഇവ ദാനം ചെയ്താല്‍ ശിവക്യപയുണ്ടാകും.
ശിവപൂജ ആരംഭിക്കുമ്പോള്‍ ഗണേശന്‍, സുബ്രഹ്മണ്യന്‍ നന്ദീശ്വരന്‍ എന്നിവരേയും ആരാധിയ്ക്കണം.
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍.
ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.അന്ന് ഉപവാസമാണ് വിധി. പക്ഷെ, ഇളനീര്‍, പഴം, പാല്‍ എന്നിവ മിതമായി കഴിക്കാം. പകല്‍ ഉറങ്ങരുത്. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നത് വ്രതത്തിന്റെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കും.
ഐതിഹ്യം
പാര്‍വ്വതിദേവിയെ ശിവന്‍ വിവാഹം കഴിച്ച ദിവസമാണ് മഹാ ശിവരാത്രി. മഹാ ശിവരാത്രി ദിനത്തില്‍ ഓരോ ഭക്തജനങ്ങളും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ഉപവാസ രീതി പിന്തുടരുകയും സമര്‍പ്പണ മനോഭാവത്തോടെ ശിവഭഗവാനെ ആരാധിക്കുകയും ചെയ്യുന്നു.
ഈ ദിവസം ശിവഭഗവാനെ ആരാധിക്കുന്ന ഏതൊരാള്‍ക്കും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. ഈ ഒരു ദിവസം പൂര്‍ണ്ണമായും ഉപവസിക്കുന്നതിലൂടെ വര്‍ഷം മുഴുവനുമുള്ള പ്രാര്‍ത്ഥനകളുടെ ഗുണങ്ങളും നന്മയുമെല്ലാം നേടാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
സ്ത്രീകള്‍ പഞ്ചാംഗ നമസ്‌കാരവും പുരുഷന്‍മാര്‍ സാഷ്ടാംഗ നമസ്‌കാരവും ചെയ്യണം. നാമ ജപത്തോടെ ക്ഷേത്രത്തില്‍ കഴിയുന്നതാണ് നല്ലത്. വൈകുന്നേരം കുളിച്ച ശേഷം വീണ്ടും ക്ഷേത്ര പ്രവേശനം നടത്തി അര്‍ച്ചന ചെയ്യാം.പ്രദോഷ സമയത്തും ശിവ പൂജ ചെയ്യാം.
അന്ന് ഉറക്കമൊഴിയുന്നതാണ് നല്ലത്. വെളുപ്പിന് ഇരുവരും കുളിച്ച ശേഷം ഒരിക്കല്‍ കൂടി ക്ഷേത്ര ദര്‍ശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാന്‍.ശിവന്‍ കാളകൂട വിഷം കുടിച്ച ദിവസമാണ് ശിവരാത്രി എന്ന് ഒരു ഐതിഹ്യമുണ്ട്.
ശിവലിംഗത്തില്‍ കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നത് ശിവരാത്രി ദിനത്തിലെ പ്രധാന ചടങ്ങാണ്. ഒരിക്കല്‍ ഒരു രാത്രിയില്‍ കൂവള വൃക്ഷത്തിന്റെ മുകളില്‍ പെട്ടുപോയ ഒരു അന്ധന്‍ ഉറങ്ങി താഴെ വീഴാതിരിക്കാനായി കൂവളത്തില നുള്ളി താഴെയിട്ടു കൊണ്ടിരുന്നു.
കൂവളത്തിലകള്‍ താഴെയുണ്ടായിരുന്ന ശിവലിംഗത്തില്‍ വീണുവെന്നും അതോടെ അയാള്‍ സ്വര്‍ഗത്തിലെത്തിയെന്നുമാണ് ഇതിന് പിന്നിലെ ഐതിഹ്യം.