ശിവരാത്രിയും ശനിയാഴ്ചയും ഒരുമിച്ച്; ശനിദോഷ നിവാരണത്തിന് ഉത്തമം

By parvathyanoop.07 02 2023

imran-azhar

 

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസം അതായത് ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ വരുന്ന ദിവസമാണ് മഹാശിവരാത്രി വരുന്നത്. ഈ വര്‍ഷം ഫെബ്രുവരി 18, കുംഭമാസം 6 ശനിയാഴ്ചയാണ് മഹാശിവരാത്രി .

 

ശിവരാത്രിയും ശനിയാഴ്ചയും ഒത്തുവരുന്നത് വളരെ അപൂര്‍വമാണ്. അതിനാല്‍ ഈ ശിവരാത്രി ആചരണം ശനിദോഷ നിവാരണത്തിനും എല്ലാത്തരം തടസ്സങ്ങള്‍ നീങ്ങുന്നതിനും കാരണമാകും.

 

ശനിപ്രദോഷ ശിവരാത്രിയാണ്.ശിവരാത്രി നാളില്‍ വ്രതമെടുത്ത് ഉറക്കമുളച്ച് ശിവസ്‌തോത്രങ്ങള്‍ ജപിച്ച് ശ്രീ പരമേശ്വരനെ ഭജിക്കുന്ന ഭക്തര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും. അവര്‍ ചെയ്ത എല്ലാ പാപവും നശിക്കും. ഒടുവില്‍ മോക്ഷം നേടും.

 


ആദിപരാശക്തിയും ബ്രഹ്മാവും മഹാവിഷ്ണുവും രുദ്രന്‍മാരും ശിവനില്‍ നിന്ന് ഉത്ഭവിച്ചു എന്നാണ് ശിവചരിതം. ശിവന്റെ ശ്രീകോവിലില്‍ പിന്‍വശത്തായി പാര്‍വതി ദേവി ഇരിക്കുന്നു എന്നാണ് ക്ഷേത്ര സങ്കല്പം.


ഐതിഹ്യം

 

പാലാഴി മഥനത്തില്‍ ഉയര്‍ന്നു വന്ന കാളകൂട വിഷം ഭൂമിയില്‍ വീഴാതെ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ വിഴുങ്ങാന്‍ തുടങ്ങി. ഇതു കണ്ട് ദേവി പഞ്ചാക്ഷരി ജപിച്ച് കാളകൂടം താഴേയ്ക്ക് പോകാതെ ഭഗവാന്റെ കഴുത്തില്‍ പിടിച്ചു തടഞ്ഞു.

 

വിഷബാധയേറ്റു മോഹാലസ്യപ്പെട്ട ഭഗവാന് ചുറ്റും ദേവന്മാര്‍ ഉപവാസം നോറ്റ് പ്രാര്‍ത്ഥന തുടങ്ങി. ഒടുവില്‍ ഭഗവാന് ബോധം തിരിച്ചു കിട്ടി. അന്നുമുതല്‍ ശിവഭഗവാന്‍ നീലകണ്ഠനെന്നറിയപ്പെട്ടു. ആ ദിവസം മഹാശിവരാത്രിയായി.

 

ശിവ ക്ഷേത്രത്തില്‍ പിന്‍വിളക്ക് വഴിപാട് നടത്തുന്നത്

 

അത് പാര്‍വതി ദേവിയെ സങ്കല്പിച്ചാണ് . ശിവക്ഷേത്ര ദര്‍ശനത്തിന് പൂര്‍ണ്ണ ഫലം ലഭിക്കാന്‍ ശിവന് വഴിപാട് ചെയ്യുന്നതിനൊപ്പം പാര്‍വതി ദേവിക്ക് പിന്‍വിളക്കും തെളിക്കണം.

 

ശിവ ഭഗവാന് പ്രിയപ്പെട്ട പുഷ്പങ്ങള്‍

 


നന്ത്യാര്‍വട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം വെള്ള എരിക്കിന്‍ പൂവ്, മഞ്ഞ അരളിപ്പൂവ് , മൂന്ന് ഇതളുകളുള്ള കൂവളത്തില ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങളും ഇലകളും.

 

ശിവന് ആയിരം വെള്ള എരിക്കിന്‍ പൂവ് കൊടുത്താല്‍ കിട്ടുന്ന പുണ്യം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താല്‍ കിട്ടും. ഇത്രയും വിശേഷപ്പെട്ട മഞ്ഞ അരളിപ്പൂവ് ആയിരം എണ്ണം കൊടുക്കുന്ന പുണ്യം മൂന്ന് ഇതളുള്ള ഒരു കൂവളത്തില ഭഗവാന് സമര്‍പ്പിച്ചാല്‍ ലഭിക്കും.

 

സുദര്‍ശനചക്രം ഐതിഹ്യം



ശിവന് മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമര്‍പ്പിച്ചാല്‍ മൂന്നു ജന്മങ്ങളിലെ പാപങ്ങള്‍ ശമിക്കും. എന്നും ആയിരം താമരപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണു ശിവനെ പൂജിച്ചിരുന്നത്രേ. ഇതില്‍ സംപ്രീതനായ ശിവന്‍ മഹാവിഷ്ണുവിന് കൊടുത്ത സമ്മാനമാണ് സുദര്‍ശനം എന്ന് ഒരു പുരാണ കഥയുണ്ട്.

 

മഹാ വിഷ്ണുവിന്റെ അവതാരങ്ങളായ പരശുരാമനും ശ്രീരാമനും ഭക്തിപുരസ്സരം ആരാധിച്ച് പാപമോചനം നേടിയത് ശിവപൂജയിലാണ്. പുരാണത്തില്‍ എല്ലാ ദേവിദേവന്‍മാരും ശിവനെ പൂജിച്ചിരുന്നു എന്നും എല്ലാ ദേവന്‍മാരുടെയും ദേവനായത് കൊണ്ട് ദേവാധിദേവന്‍ മഹാദേവനാകുന്നു എന്നും പറയുന്നു.

 


നന്ദികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദര്‍ശനമാണ് ശ്രേഷ്ഠം. ശിവക്ഷേത്രത്തില്‍ ആചാരപ്രകാരം ദര്‍ശനം നടത്തിയാല്‍ ആ നിമിഷം വരെയുള്ള സകല പാപങ്ങളും അവിടം കൊണ്ട് അവസാനിക്കും.

 

ശിവക്ഷേത്രത്തിലെ ധനം അപഹരിക്കുകയോ ക്ഷേത്ര ഭൂമിയോ മറ്റു വസ്തുക്കളോ കൈവശപ്പെടുത്തുകയോ ശിവനെയോ ഭൂതഗണങ്ങളെയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവര്‍ ശിവകോപത്തിന് ഇരയാകും.

 

OTHER SECTIONS