/kalakaumudi/media/post_banners/acce0ff77b75eb7ec7f85f4f1bd566fe779cbc93946a3e7c4611c78d93dbf9db.jpg)
ശ്രീമഹാവിഷ്ണുവിന്‍റെ അവതാരമായ പരശുരാമനാണ് 108 ശിവാലയങ്ങള്‍ പ്രതിഷ്ഠിച്ചത്. ഈ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ക്ക് ഒരിക്കലും അപകടമോ അപമൃത്യുവോ ഉണ്ടാകില്ല.മാത്രമല്ല മുജ്ജന്മദോഷവും ജന്മദോഷവും മാറുകയും ചെയ്യുമെന്ന് ശിവജ്ഞാനഗ്രന്ഥങ്ങളില്‍ പറയുന്നു.
ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ളയില്‍ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുന്നതിനെയാണ് ശിവാലയഓട്ടം എന്നു വിളിക്കുന്നത്.
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് ഈ ശിവാലങ്ങള്‍.
ഐതിഹ്യം
മഹാശിവഭക്തനായ വ്യാഘ്രപാദമഹര്‍ഷിക്ക് വൈഷ്ണവവിശ്വാസത്തോട് യോജിപ്പുണ്ടായിരുന്നില്ല. വിഷ്ണുനാമം കേള്‍ക്കുന്നതേ ഇഷ്ടമല്ല. എന്നാല്‍, എല്ലാം ഒന്നാണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കിക്കൊടുക്കണമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തീരുമാനിച്ചു. അദ്ദേഹം പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമസേനനോട് മഹര്‍ഷിയെ പാണ്ഡവര്‍ നടത്തുന്ന അശ്വമേധയാഗത്തിന് ക്ഷണിക്കാന്‍ നിര്‍ദ്ദേശിച്ചു.
പോകുന്നതിന് മുന്പ് 12 ശിവലിംഗങ്ങളും ഭീമന് നല്‍കി. മാത്രമല്ല, മഹര്‍ഷിയെ കണ്ട മാത്രയില്‍ ഗോവിന്ദ ഗോപാല എന്ന് ഉറക്കെ പറയാനും നിര്‍ദ്ദേശിച്ചു. ഭീമന്‍ അതനുസരിച്ചു. ഗോവിന്ദ ഗോപാല കേള്‍ക്കേണ്ട താമസം കോപാന്ധനായ മുനി ഭീമനെ ഓടിച്ചു.
മഹര്‍ഷിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ ഭീമന്‍ കയ്യിലുണ്ടായിരുന്ന ശിവലിംഗങ്ങള്‍ ഓരോ സ്ഥലങ്ങളില്‍ നിക്ഷേപിച്ചു. ഈ ശിവലിംഗങ്ങള്‍ പതിച്ച സ്ഥലങ്ങളിലാണ് പന്ത്രണ്ട് ശിവാലയങ്ങളുണ്ടായതെന്നും 12~ാമത്തെ സ്ഥലത്തെത്തിയപ്പോള്‍ ഭഗവാന്‍ ശിവനും ഭഗവാന്‍ വിഷ്ണുവും രണ്ടല്ല ഒന്നാണെന്ന വ്യാഘ്രപാദര്‍ തിരിച്ചറിഞ്ഞുവെന്നുമാണ് വിശ്വാസം. ഇന്നും ഗോവിന്ദ ഗോപാല എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ശിവാലയഓട്ടക്കാര്‍ ദര്‍ശനം നടത്തുന്നത്.
ശിവായലയ ഓട്ടം എങ്ങനെ?
നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളില്‍ കാല്‍നടയായി ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം.ഏഴുദിവസത്തെ വ്രതം നിര്‍ബന്ധമാണ്.ശിവരാത്രി ദിവസത്തിന്‍റെ തലേന്നാള്‍ വൈകുന്നേരം തിരുമല ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രദര്‍ശനത്തോടെ അവസാനിക്കുന്നു. ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കുന്ന ഭക്തരുടെ കൈയില്‍ ഒരു വീശറി കാണാം. ഓരോ ക്ഷേത്രത്തില്‍ ചെല്ളുന്പോഴും അവിടുത്തെ ദേവനെ വീശാന്‍ ആണ് വിശറി കൈയില്‍ കരുതുന്നത്. ഭഗവത്പ്രീതിക്കായാണ് ഈ വീശല്‍.
തിരുമല മഹാദേവ ക്ഷേത്രം
ശിവാലയ ഓട്ടം ആരംഭിക്കുന്നത് തിരുമല മഹാദേവരെ ദര്‍ശിച്ചുകൊണ്ടാണ്.കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട് താലൂക്കിലെ കുഴിത്തുറയ്ക്ക് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രം മുഞ്ചിറൈ ~തിരുമലൈതേവര്‍ കോവിലെന്നും അറിയപ്പെടുന്നു. 95 പടവുകള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. രണ്ടു ശ്രീകോവിലുകളാണ് ഇവിടത്തെ പ്രത്യേകത. ഒരു ശ്രീകോവില്‍ ഭഗവാന്‍ ശിവനും രണ്ടാമത്തേത് ഭഗവാന്‍ ശ്രീകൃഷ്ണനും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
തിക്കുറുശ്ശി
തിരുമല മഹാദേവ ക്ഷേത്രത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാമ് രണ്ടാമത്തെ ശിവാലയമായ തിക്കുറുശ്ശി. നന്ദി പ്രതിമയില്ലാത്ത ശിവക്ഷേത്രമായിരുന്നു തിക്കുറുശ്ശി.
അതിന് പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ എവിടെ നിന്നോ ഒരു കാള ഗ്രാമത്തിലെത്തി. കാളയെ കണ്ട് ഭയന്ന നാട്ടുകാര്‍ അതിനെ ഓടിച്ച് താമരഭരണി നദിക്കരയിലെത്തിച്ചു. കാള അവിടത്തന്നെ നില്‍ക്കുന്നതു കണ്ട് തരണനല്ലൂര്‍ തന്ത്രിയെക്കൊണ്ട് ചില പൂജകളൊക്കെ ചെയ്തു. തുടര്‍ന്ന് കാളയും ഒപ്പം തിക്കുറുശ്ശി ക്ഷേത്രത്തിലെ നന്ദീശ്വരപ്രതിമയും അപ്രത്യക്ഷമായി. അന്നുമുതല്‍ 2013 വരെ അവിടെ നന്ദികേശ്വര
പ്രതിമ ഇല്ലായിരുന്നു. 2013~ലാണ് പുതിയ നന്ദീശ്വരവിഗ്രഹം സ്ഥാപിച്ചത്.
തൃപ്പരപ്പ്
കോതയാറ്റില്‍ വെളളച്ചാട്ടത്തിന് സമീപമുളള മഹാദേവക്ഷേത്രം. ഭഗവാന്‍ വീരഭദ്രഭാവത്തിലാണ് ഇവിടെ കുടികൊളളുന്നത്.ഭഗവാന്‍റെ തീഷ്ണമായ നോട്ടം താങ്ങാന്‍ കരുത്തില്ലാത്തതുകൊമ്ട് വടക്കുനോക്കിയാണ് ശിവവാഹനമായ നന്ദി കിടക്കുന്നത്.
കിഴക്കേനട തുറക്കാറില്ല. കരിങ്കല്ലുകൊണ്ട് കേരളശൈലിയിലാണ്
ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. രാജരാജചോളനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പടിക്കെട്ടുകള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. നിരവധി ശിലാലിഖിതങ്ങളും ഇവിടെ കാണാം.
തിരുനന്ദിക്കര
തിരുവട്ടാറിന് സമീപമാണ് തിരുനന്ദിക്കര. ഇവിടെ പ്രശസ്തമായ ഒരു ഗുഹാക്ഷേത്രമുണ്ട്. വീരനന്ദി എന്ന ശില്പിയാണ് പാറയ്ക്കുളളില്‍ ഈ ക്ഷേത്രമൊരുക്കിയത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായാണ് പ്രദേശത്തിന് തിരുനന്ദിക്കര എന്ന് പേരുവിളിച്ചത്. ഗുഹാക്ഷേത്രത്തിനടുത്താണ് ശിവാലയ ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമായ തിരുനന്ദിക്കര മഹാദേവക്ഷേത്രം.നന്ദിയാറിന്‍റെ തീരത്താണിത്. ഇവിടെ ഒരു വലിയ
നന്ദീശ്വരപ്രതിമയുണ്ട്. ഈ പ്രതിമ വളരുവെന്നാണ് വിശ്വാസം.
തിരുനന്ദിക്കര ഗുഹാക്ഷേത്രം നില്‍ക്കുന്ന പാറയുടെ മറുഭാഗത്തായുള്ള ആഞ്ഞിലിച്ചുവട്ടില്‍ ഒരു ശിവലിംഗം,ഗണപതി, പാര്‍വ്വതി പ്രതിഷ്ഠകളുണ്ട്. ഇവിടെയുള്ള ഒരു പാറമുകളില്‍ രണ്ട് ശ്രീപാദങ്ങള്‍ കാണാം.
തീന്പിലാങ്കുടി മഹാദേവ ക്ഷേത്രം പൊന്മന
ചോള, പാണ്ഡ്യരാജാക്കന്മാര്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്ന ക്ഷേത്രം. ശിവാലയഓട്ടത്തില്‍ അഞ്ചാമത്തെ ക്ഷേത്രമാണിത്.
പന്നിപ്പാകം
ആറാമത്തെ ശിവാലയം. പന്നിപ്പാകം ക്ഷേത്രത്തില്‍ ഭഗവാന്‍ കിരാതമൂര്‍ത്തിയായാണ് കുടികൊളളുന്നത്.
കല്‍ക്കുളം നീലകണ്ഠപെരുമാള്‍ ക്ഷേത്രം
കല്‍ക്കുളം നീലകണ്ഠപെരുമാള്‍ ക്ഷേത്രം. കേരള,തമിഴ്നാട് രീതികള്‍ സമന്വയിക്കുന്നത് ഈ ക്ഷേത്രനിര്‍മ്മിതിയില്‍ ദൃശ്യമാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത്.12 ശിവക്ഷേത്രങ്ങളില്‍ രാജഗോപുരമുളള ഏക ക്ഷേത്രമാണിത്. ദേവിക്കായി പ്രത്യേക ശ്രീകോവിലുളളതും ഈ ക്ഷേത്രത്തിലാണ്.
തിരുമേലാങ്കോട് കാലകാലര്‍ ക്ഷേത്രം
ഭഗവാന്‍ ശിവന്‍ കാലാന്തകനായി കുടികൊളളുന്ന ക്ഷേത്രം. മാര്‍ക്കണ്ഡേയന്‍ കാലപാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശിവലിംഗത്തില്‍ കെട്ടിപ്പുണര്‍ന്നിരുന്നത് ഇവിടെയാണെന്നാണ് വിശ്വാസം.തുടര്‍ന്ന് കാലനെ വധിച്ച് ഭക്തനെ രക്ഷിച്ച ഭഗവാനാണ് എട്ടാമത്തെ ശിവാലയത്തില്‍ അനുഗ്രഹംചൊരിഞ്ഞ് കുടികൊളളുന്നത്. സ്വര്‍ണ്ണത്താഴികക്കുടത്തോടുകൂടിയ ചെറിയ ക്ഷേത്രമാണിത്.
ശിവഭക്തകളായ യക്ഷിസഹോദരികളുടെ ആലയം സമീപമുണ്ട്.
തിരുവിടയ്ക്കോട്
ജടാധാരിയായ ശിവനാണ് പ്രധാനപ്രതിഷ്ഠ. അതിനാല്‍ ജടയപ്പര്‍ എന്നറിയപ്പെടുന്നു. ഇടയ്ക്കാട്ടാര്‍ കുളമാണ് തീര്‍ത്ഥം. വ്യാഘ്രപാദമഹര്‍ഷി, സിദ്ധര്‍ ഇടയ്ക്കാടര്‍ എന്നീ പുണ്യാത്മാക്കള്‍ സന്ദര്‍ശിച്ചുവെന്ന് വിശ്വാസം.
തിരുവിതാംകോട്
ശിവ~വിഷ്ണുക്ഷേത്രമാണിത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മൂലസ്ഥാനമാണ്തിരുവിതാങ്കോട്. ഇത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പരദേവതാക്ഷേത്രമാണിത്.
തൃപ്പന്നികോട്
ഭക്തവത്സലനായ മഹാദേവനാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാവിഷ്ണുവിന്‍റെ വരാഹാവതാരവുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത്. കഥയിങ്ങനെ, മഹാവിഷ്ണു വരാഹരൂപം സ്വീകരിച്ച് ഹിരണ്യാക്ഷനെ വധിച്ച്ഭൂമിയെ രക്ഷിച്ചു. പക്ഷേ, ഭഗവാന്‍റെ കോപം തണുത്തില്ല. തുടര്‍ന്ന് ദേവന്മാര്‍ മഹാദേവനെ ശരണംപ്രാപിച്ചു. മഹാദേവന്‍ വരാഹത്തിന്‍റെ കൊന്പൊടിക്കുകയും ഭഗവാന്‍ ശാന്തനാകുകയും ചെയ്തു.
തുടര്‍ന്ന് മഹാവിഷ്ണു തന്‍റെ കൊന്പ് അലങ്കാരമാക്കണമെന്ന് അപേക്ഷിച്ചു. മഹാവിഷ്ണുവിന്‍റെ ആവശ്യപ്രകാരം മഹാദേവന്‍ കൊന്പ് അലങ്കാരമാക്കി കുടികൊളളുന്ന ക്ഷേത്രമാണ് തൃപ്പന്നിയോട് മഹാദേവക്ഷേത്രം.
തിരുനട്ടാലം
ക്ഷേത്രക്കുളത്തിന് ഇരുവശവുമായി രണ്ട് ക്ഷേത്രങ്ങള്‍. ഒരു കരയില്‍ അര്‍ദ്ധനാരീശ്വരക്ഷേത്രവും മറുകരയില്‍ ശങ്കരനാരായണക്ഷേത്രവും. ഇവിടെ വച്ചാണ് ശിവനും വിഷ്ണുവും രണ്ടല്ല..ഏകമാണ് എന്ന ദര്‍ശനം വ്യാഘ്രപാദര്‍ക്ക് ലഭിച്ചതെന്നാണ് വിശ്വാസം.
12 ശിവാലയങ്ങളിലെ ദര്‍ശ്ശനശേഷം ശുചീന്ദ്രം സ്ഥാണുമാലയകേഷത്രത്തിലെത്തി ദര്‍ശനം ചെയ്യുന്നതോടെയെ ശിവാലയഓട്ടം പൂര്‍ണ്ണമാകു എന്നും വിശ്വാസമുണ്ട്. ശിവരാത്രി ദിവസം
രാത്രി മുഴുവന്‍ ഇവിടെ ദര്‍ശ്ശനം ലഭിക്കുന്നതാണ്.