/kalakaumudi/media/post_banners/183a74f3999bf4e231328b34fd184e603b0903d6ea157b38ba464aca520485b3.jpg)
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി.ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിച്ച ആറാട്ടിന്റെ ചടങ്ങുകള്‍ രാത്രി പത്തു മണിയോടെ സമാപിച്ചു.ശ്രീപത്മനാഭ സ്തുതികളുമായി നൂറുകണക്കിന് ആളുകളാണ് ആറാട്ടുചടങ്ങില്‍ പങ്കെടുത്തത്.
ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളില്‍ നിറപറയും നിലവിളക്ക് ഒരുക്കി നാമജപവുമായി ഭക്തര്‍ വിഗ്രഹങ്ങളെ വണങ്ങി.ദീപാരാധന കഴിഞ്ഞ് ഗരുഡ വാഹനങ്ങളില്‍ ശ്രീപത്മനാഭസ്വാമിയേയും നരസിംഹമൂര്‍ത്തിയേയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയേയും പുറത്തെഴുന്നള്ളിച്ചു.
ശ്രീകോവില്‍ വലം വച്ച് കൊടിമരച്ചുവട്ടില്‍ ദീപാരാധനയും കഴിഞ്ഞ് പടിഞ്ഞാറെ നട വഴിയാണ് ആറാട്ട് എഴുന്നള്ളത്ത് പുറത്തിറങ്ങിയത്.ഘോഷയാത്ര വിളംബരം ചെയ്ത് പെരുമ്പറകള്‍ കെട്ടിയ ആന മുന്നില്‍ നടന്നു.കാല്‍ കുന്തക്കാരും ആയുധ പോലീസും റവന്യൂ വകുപ്പ് ജീവനക്കാരും അകമ്പടിയായി.
അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദ്യത്തെ വര്‍മ്മ , പ്രൊഫസര്‍പി .കെ. മാധവന്‍ നായര്‍,കുമ്മനം രാജശേഖരന്‍ ,ക്ഷേത്രം ഓഫീസര്‍ സുരേഷ് കുമാര്‍ ,മാനേജര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ എഴുന്നള്ളത്തില്‍ പങ്കെടുത്തു. നാമജപങ്ങേളാടെ ഭക്തരുടെ സംഘവും അനുഗമിച്ചു. 24 കീഴ്ശാന്തിമാര്‍ ചേര്‍ന്ന് ഗരുഡ വാഹനം തോളിലേറ്റി.ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ്മ ഉുടവാള്‍ ഏന്തി മുന്നില്‍ നടന്നു.
പടിഞ്ഞാറേ കോട്ട കടന്നപ്പോള്‍ 21 ആചാരവെടികള്‍ മുഴക്കി വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുമുഖത്ത് എത്തി.തിരുവല്ലം പരശുരാമ ക്ഷേത്രം, വടിവത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത്‌ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങളും ഇതിനൊപ്പം എഴുന്നള്ളിച്ചിരുന്നു.
ശംഖുമുഖത്തെ കല്‍മണ്ഡപത്തില്‍ ഇറക്കി വെച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ മണല്‍ തിട്ടയിലെ വെള്ളിതാലങ്ങളിലേക്ക് മാറ്റി.തന്ത്രി തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പൂജകള്‍ നടന്നു.പെരിയ നമ്പി സഹധാര്‍മികനായി .
മൂന്നു തവണ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു.സമുദ്ര തീര്‍ത്ഥാഭിഷേകവും മഞ്ഞള്‍പ്പൊടി കൊണ്ടുള്ള അഭിഷേകവും പൂജയും കഴിഞ്ഞ് പ്രഭാതം വിതരണം ചെയ്തു.ആയിരക്കണക്കിന് ഭക്തരാണ് ആറാട്ട് കാണാനായി ശംഖുമുഖത്ത് തടിച്ചു കൂടിയത് .തിരിച്ച് എഴുന്നള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തി. തന്ത്രിയുടെ നേതൃത്വത്തില്‍ കൊടിയിറക്ക് പൂജ നടന്നു .ബുധനാഴ്ച രാവിലെ ആറാട്ട് കലശം നടന്നു.