ഇവര്‍ വിനായകന്റെ അനുഗ്രഹത്തിനായി വിനായക ചതുര്‍ത്ഥി വ്രതം മുടക്കരുത്

മനസില്‍ വിഘ്‌നേശ്വരനെ പ്രതിഷ്ഠിച്ച് സര്‍വ്വ തടസ്സങ്ങളും നീക്കി തരണമേയെന്ന് ഹൃദയം തുറന്ന് പ്രാര്‍ത്ഥിച്ച് നിലത്ത് ഒരു നാളികേരം ഉടച്ചിട്ടായിരിക്കും നമ്മള്‍ മംഗളകാര്യങ്ങള്‍ക്ക് തുടക്കമിടുന്നത്.

author-image
parvathyanoop
New Update
ഇവര്‍ വിനായകന്റെ അനുഗ്രഹത്തിനായി വിനായക ചതുര്‍ത്ഥി വ്രതം മുടക്കരുത്

മനസില്‍ വിഘ്‌നേശ്വരനെ പ്രതിഷ്ഠിച്ച് സര്‍വ്വ തടസ്സങ്ങളും നീക്കി തരണമേയെന്ന് ഹൃദയം തുറന്ന് പ്രാര്‍ത്ഥിച്ച് നിലത്ത് ഒരു നാളികേരം ഉടച്ചിട്ടായിരിക്കും നമ്മള്‍ മംഗളകാര്യങ്ങള്‍ക്ക് തുടക്കമിടുന്നത്.എല്ലാ വിഘ്‌നങ്ങളേയും അകറ്റി സര്‍വ്വ ഐശ്വര്യങ്ങളും മാനവരില്‍ നിറക്കുന്നവനാണ് വിനായക ഭഗവാന്‍. വിനായകന്റെ നടക്കലെത്തി കൈകള്‍ രണ്ടും ചെവികളില്‍ പിടിച്ച് എത്തമിടുന്നത് ഗണപതിയ്ക്ക് വലിയ ഇഷ്ടമാണ്. പാപങ്ങളൊക്കെ ക്ഷമിക്കണെ എന്ന നമ്മുടെ അഭ്യര്‍ത്ഥനയാണ് ഈ ഏത്തമിടല്‍.

ഇങ്ങനെ ചെയ്താല്‍ വിനായകന്‍ ശിപ്രപ്രസാദം  അരുളുമെന്നാണ് പറയപ്പെടുന്നത്.
ശിവപാര്‍വ്വതിമാരുടെ അരുമ മകനായ വിനായക ഭഗവാന്റെ ജന്മദിനമായ വിനായക ചതുര്‍ത്ഥിയില്‍ വിഘ്‌നേശ്വരനെ പ്രസാദിപ്പിക്കാനായി ഇ വിനായകചതുര്‍ത്ഥി ദിനം ഒരുങ്ങി. വിനായക ഭഗവനെ പ്രസാദിപ്പിച്ച് സര്‍വ്വ ഐശ്വരങ്ങളും നമ്മളില്‍ നിറയ്ക്കാം.

വിനായക ചതുര്‍ത്ഥിയിലെ ഗണപതി ഉപാസന, പൂജ, വ്രതാനുഷ്ഠാനം എന്നിവ എല്ലാ രീതിയിലുമുള്ള ജീവിത ദുഃഖങ്ങള്‍ പരിഹരിക്കും. ഗണേശ ഭഗവാന്റെ ജന്മദിനമായ ശ്രാവണ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ആചരണത്തിന് പ്രഥമ മുതലാണ് വ്രതം വേണ്ടത്. അതിന് കഴിയാത്തവര്‍ തലേദിവസവും അന്നും മാത്രം വ്രതം എടുക്കുക.2022 ആഗസ്റ്റ് 31 ബുധനാഴ്ചയാണ് ഗണേശ ചതുര്‍ത്ഥി.

അപ്പോള്‍ തലേന്ന് ചൊവ്വാഴ്ചയെങ്കിലും ഒരിക്കല്‍ എടുത്ത് വ്രതം തുടങ്ങണം. അന്ന് രാത്രി കഴിയുമെങ്കില്‍ ഉപവസിക്കണം, പറ്റാത്തവര്‍ക്ക് പഴമോ ലഘുഭക്ഷണമോ കഴിക്കാം. ചതുര്‍ത്ഥി ദിനത്തില്‍ നേരത്തേ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ഗണപതി ക്ഷേത്ര ദര്‍ശനം നടത്തണം. ഗണപതിഹോമം, അപ്പം, അട, മോദകം നേദിക്കണം. നാളികേരം, കറുകമാല തുടങ്ങിയവ സമര്‍പ്പിക്കണം. കഴിയുന്നത്ര തവണ ഗണപതി മൂലമന്ത്രമായ ഓം ഗം ഗണപതയേ നമ: , ഗണേശ ഗായത്രി തുടങ്ങിയവ ജപിക്കുക.

ഈ ദിവസം ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് ശ്രേയസ്‌കരമാണ്. തുടര്‍ന്ന് ഗണേശ സഹസ്ര നാമം, ഗണേശ പുരാണ പാരായണം, ഗണേശ സൂക്തങ്ങള്‍ തുടങ്ങിയവ ജപിക്കുന്നതും നല്ലതാണ്. ചതുര്‍ത്ഥിയുടെ പിറ്റേദിവസം ക്ഷേത്ര ദര്‍ശനത്തോടെ വ്രതം പൂര്‍ത്തിയാക്കാം.ചതുര്‍ത്ഥി വ്രതം ഗണേശ പ്രീതിക്ക് ഉത്തമമാണ്. കാരണം സര്‍വ്വദേവതകളും അനുഗ്രഹിച്ചാലും ഗണേശപ്രീതി ഇല്ലെങ്കില്‍ ഒന്നും ശുഭകരമാകില്ല.

വലിയ യജ്ഞങ്ങളും, മഹായാഗങ്ങളും പോലും ശുഭമാകണമെങ്കില്‍ അഗ്ര പൂജയ്ക്ക് അധികാരിയായ വിനായകന്റെ മനം തെളിയണം, പ്രപഞ്ചത്തിലെ ഏതു ഭാവവും കൈക്കൊള്ളുന്ന ദേവനാണ് മഹാഗണപതി. ക്ഷിപ്രപ്രസാദിയുമാണ്. അതിവേഗം പ്രസാദിക്കുന്ന ഈ ദയാനിധി തന്നെ നിരന്തരം ഭജിക്കുന്നവരെ ഒരിക്കലും കൈവിടില്ല.

ഏകാഗ്രത, നിര്‍മ്മലമായ മനസ്സ്, അര്‍പ്പണ ബുദ്ധി, മനഃശുദ്ധി, ദേഹശുദ്ധി എന്നിവയുണ്ടായാല്‍ ഗണേശ്വര പ്രീതി വളരെ എളുപ്പത്തില്‍ ലഭിക്കും. എല്ലാ ദിവസവും ഉദയത്തിന് മുന്‍പ് ദേഹശുദ്ധി വരുത്തി, വെളുത്ത വസ്ത്രം ധരിച്ച് ഗണേശാരാധന തുടങ്ങാം. വിഗ്രഹമോ, ചിത്രമോ വച്ച് വിളക്കില്‍ രണ്ട് തിരിയിട്ട് ദീപം തെളിച്ച് ഗണേശനെ ധ്യാനിച്ച് മൂലമന്ത്രം, ഗണേശ സൂക്തങ്ങള്‍, ഗണേശസഹസ്രനാമം എന്നിവ ഉരുവിടുക. സാധാരണ ഭക്തര്‍ക്ക് എളുപ്പം ചെയ്യാവുന്ന ശ്രീ വിനായക ഉപാസന ഇതാണ്.

വെള്ളിയാഴ്ചകളിലെ ഗണപതി ക്ഷേത്രദര്‍ശനം കൂടുതല്‍ ഫലം നല്‍കും. കേതുവിന്റെ ദശയിലും അപഹാരങ്ങളിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ തീരാന്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിഹോമം നടത്തണം. വിനായകചതുര്‍ത്ഥിക്ക് പുറമെ തുലാം മാസത്തിലെ തിരുവോണവും മീനത്തിലെ പൂരവും ശ്രീമഹാഗണപതിക്ക് പ്രധാനപ്പെട്ട ദിനങ്ങളാണ്. ഭൂമിയുടെ അധിപതി ഗണപതിയാണ്. അതിനാല്‍ ധനം, ഭൗതിക സുഖഭോഗങ്ങള്‍, ഐശ്വര്യം, കീര്‍ത്തി എന്നിവ ഗണപതി കനിഞ്ഞാലേ ലഭിക്കൂ.

വിനായക പ്രീതി കിട്ടാതെ വന്നാല്‍

1. ധനം എത്ര വന്നാലും നിലനില്‍ക്കില്ല.
2. മിടുക്കരായ തൊഴിലാളികള്‍ പിരിഞ്ഞുപോകും.
3. ഗൃഹനിര്‍മ്മാണം എത്ര ശ്രമിച്ചാലും തീരില്ല.
4. വിവാഹതടസം, അനപത്യദുഃഖം, പ്രണയനൈരാശ്യം.
5. വലിയ പദ്ധതികള്‍, ധനലാഭം ഇവ കൈയില്‍ വന്ന ശേഷം നഷ്ടപ്പെടുക.
6. എല്ലാ സൗഭാഗ്യവും ഉണ്ടായാലും വീട്ടില്‍ സ്വസ്ഥതക്കുറവ്, സ്വരചേര്‍ച്ചക്കുറവ്.

പ്രീതി ലഭിക്കാന്‍

1. വെള്ളിയാഴ്ച, ചതുര്‍ത്ഥി ദിവസങ്ങളില്‍ ഗണപതി ഹോമം നടത്തുക, നാളികേരം ഉടയ്ക്കുക.

2.വീട്ടിലും വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത് ഒരടിയെങ്കിലും വലിപ്പമുള്ള ഒരു ഗണപതിയുടെ ചിത്രം വയ്ക്കുക.

3. കടുത്ത വിഘ്‌നങ്ങള്‍ നേരിടുന്നവര്‍ ഉത്തമ ഗുരുവിനെ കണ്ട് വിശിഷ്ടമായ ഒരു ഗണപതി മന്ത്രം ഉപദേശമായി വാങ്ങി 41 ദിവസം ജപിക്കുക.

4. ഗണപതി ചിത്രത്തിന് മുന്നില്‍ മധുര പദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതി സ്തുതികള്‍ ചൊല്ലുക. ദാരിദ്ര്യദഹന ഗണപതി സ്‌തോത്രം, ഗണേശാഷ്ടകം, സങ്കടഹര ഗണേശസ്‌തോത്രം ഇവ ജപിക്കുന്നത് നന്ന്.

5. വിശേഷപ്പെട്ട ഗണപതി ക്ഷേത്രങ്ങളില്‍ ഇടയ്ക്കിടെ ദര്‍ശനം നടത്തുക. ഉദാഹരണം: മധൂര്‍, പഴവങ്ങാടി, കൊട്ടാരക്കര, അഞ്ചല്‍, നിഴലിമംഗലം , ഇടപ്പള്ളി ഗണപതി ക്ഷേത്രങ്ങള്‍.

6 .ഗണപതി ഭക്തരെ രാഹു, ശനിദോഷം ഉള്‍പ്പെടെ സാധാരണ ഗ്രഹദോഷങ്ങളൊന്നും കഠിനമായി ബാധിക്കില്ല.

7. വീട് നില്‍ക്കുന്ന പറമ്പിന്റെ കന്നിമൂലയില്‍ കറുക വളര്‍ത്തുക.

vinaya Chaturthi