വ്യാഴാഴ്ച വ്രതം; അറിയേണ്ടതെല്ലാം

വ്യാഴദശാകാലമുള്ളവരും, ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തു സഞ്ചരിക്കുന്നവരും, ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷകാഠിന്യം കുറയും. വ്യാഴാഴ്ചവ്രതം സർവ്വൈശ്വര്യപ്രദായകമാണ്

author-image
online desk
New Update
വ്യാഴാഴ്ച വ്രതം;  അറിയേണ്ടതെല്ലാം
 
 
 
ഭഗവാൻ മഹാവിഷ്ണുവിന്റെയും ദശാവതാരങ്ങളുടെയും അനുഗ്രഹം ലഭിക്കാൻ വേണ്ടിയാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ഈ വ്രതനാളിൽ പ്രധാനമായും വിഷ്ണു ,ശ്രീരാമൻ ,ബൃഹസ്പതി എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പ്രാർത്ഥിക്കുന്നതും നല്ലതാണ്. സര്‍വ ഈശ്വരന്മാരുടെയും സാന്നിദ്ധ്യം, വ്യാഴത്തിന് ഉണ്ട്. അതുകൊണ്ടു തന്നെ വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ചാൽ സർവ്വദേവതാ പ്രീതിയിയുണ്ടാകും. വ്യാഴദശാകാലമുള്ളവരും,  ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തു സഞ്ചരിക്കുന്നവരും, ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷകാഠിന്യം കുറയും. വ്യാഴാഴ്ചവ്രതം സർവ്വൈശ്വര്യപ്രദായകമാണ്.
 
 
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്ന വിധം
 
 
വ്രതമെടുക്കുന്നവര്‍ തലേദിവസവും,  വ്രതദിനത്തിലും,  വ്രതദിനത്തിന് പിറ്റേദിവസം വരെയും ആഹാര - ശരീരശുദ്ധി പാലിക്കണം. പ്രഭാതസ്നാനം കഴിഞ്ഞു സ്വഭവനത്തിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക. ക്ഷേത്രത്തിൽ ജപം, അരയാലിനു ഏഴ് പ്രദക്ഷിണം ഇവ ചെയ്യണം. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ആണെങ്കില്‍,  വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. ഒരിക്കലൂണ് നിര്‍ബന്ധം . ആരോഗ്യസ്ഥിതി അനുസരിച്ച് പൂർണ്ണ ഉപവാസവുമാകാം. വെള്ളിയാഴ്ചദിവസം പുലർച്ചെ കുളികഴിഞ്ഞു ക്ഷേത്രദർശനം നടത്തുന്നതോടുകൂടി വ്രതം പൂർത്തിയാകുന്നു.
 
 
 
വ്യാഴാഴ്ചദിവസം ക്ഷേത്രത്തിൽ പശുവിൻ പാൽ , നെയ്യ് എന്നിവകൊണ്ടുള്ള നിവേദ്യം കഴിക്കുന്നത് അത്യുത്തമമാണ് . വ്രതദിവസം ഭാഗവതകഥകൾ, മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ വേണം. വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ വഴിപാടായി നടത്തുന്നതിനും ഉത്തമമായ ദിവസമാണ് വ്യാഴം. പാലും നെയ്യും ദാനം  നടത്തുന്നതും അത്യുത്തമം. ഭഗവാൻ വിഷ്ണു സന്താനഗോപാല മൂർത്തി ആയതിനാൽ സന്താന സൗഭാഗ്യത്തിനും ഈ വ്രതം നോൽക്കുന്നത് വളരെ നന്ന്.
 
 
വ്യാഴാഴ്ച ദിവസം മഞ്ഞനിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും,  വസ്തുക്കള്‍ ഉപയോഗിക്കുന്നതും ദാനം ചെയ്യുന്നതും മഞ്ഞ നിറമുള്ള ആഹാരം ഭക്ഷിക്കുന്നതും ശ്രേഷ്ഠമാണ്. ആഴ്ചതോറും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ മലയാളമാസത്തിലെ ആദ്യം വരുന്ന വ്യാഴാഴ്ചയില്‍ വ്രതമനുഷ്ഠിച്ചാൽ മതിയാകും. ഈ വ്യാഴമാണ്‌ മുപ്പെട്ട് വ്യാഴം.
അനിഴം നക്ഷത്രവും വ്യാഴാഴ്ചയും കൂടിച്ചേരുന്ന ദിവസങ്ങളിൽ വ്രതമെടുത്ത് രാത്രി ഉപവസിച്ചാൽ സകല ഗ്രഹബാധാ ദുരിതങ്ങൾ തീരുമെന്ന് അഗ്നിപുരാണത്തിൽ പറയുന്നു . കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണ് ഈ വ്രതം പ്രധാനമായും അനുഷ്‌ഠിക്കുന്നത്. വിഷ്ണു പൂജ, വ്യാഴ പൂജ ഇവ നടത്തിയാൽ നന്ന്.
 
 
 
 
Astro