ഇന്ന് വിനായകചതുര്‍ത്ഥി

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസമാണ് വിനായകചതുര്‍ത്ഥി. ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാല്‍ അസാധ്യമായ കാര്യങ്ങള്‍ വരെ സാധിക്കും.

author-image
parvathyanoop
New Update
ഇന്ന് വിനായകചതുര്‍ത്ഥി

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസമാണ് വിനായകചതുര്‍ത്ഥി. ഈ ദിവസം വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാല്‍ അസാധ്യമായ കാര്യങ്ങള്‍ വരെ സാധിക്കും. ചിങ്ങത്തിലെ കറുത്തവാവിനെ തുടര്‍ന്ന് വരുന്ന നാലാമത്തെ ദിവസമാണ് അതായത് ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ വിശേഷ പൂജകള്‍, വഴിപാടുകള്‍ എന്നിവ നടത്താറുണ്ട്. ആഗസ്റ്റ് 31 ബുധനാഴ്ചയാണ് ഇത്തവണ വിനായക ചതുര്‍ത്ഥി.

ചില വര്‍ഷങ്ങളില്‍ വിനായക ചതുര്‍ത്ഥിയും ഗണപതി ഭഗവാന്റെ ജന്മനക്ഷത്രമായ അത്തവും ഒന്നിച്ച് വരാറുണ്ട്. ഇത്തവണ ചിത്തിര നക്ഷത്രത്തിലാണ് വെളുത്തപക്ഷ ചതുര്‍ത്ഥി. പ്രഥമ മുതല്‍ ചതുര്‍ത്ഥിവ്രതം ആചരിക്കുന്നത് കൂടുതല്‍ നല്ലതാണ്. വ്രതനിഷ്ഠയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാല്‍ എല്ലാ വിഘ്‌നവുമകലും.

വ്രതം നോല്‍ക്കാന്‍ കഴിയാത്തവരും അന്നേ ദിവസം മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ കഴിയുന്നത്ര തവണ ജപിക്കണം. ഈ ദിവസം നടത്തുന്ന ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം, അട നിവേദ്യം എന്നിവയ്ക്കും മന്ത്രജപത്തിനും മറ്റ് ഉപാസനയ്ക്കും അപാര ഫലസിദ്ധിയുണ്ട്.

വെളുത്തപക്ഷ പ്രഥമയായ 2022 ആഗസ്റ്റ് 28 ഞായറാഴ്ച മുതല്‍ മത്സ്യ മാംസാദികള്‍ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങള്‍ ജപിച്ചും വ്രതമെടുക്കണം. രാജ്യത്ത് ഏറ്റവുമധികം ആരാധിക്കുന്ന ഭഗവാനാണ് ഗണപതി. കേരളത്തിന് പുറത്ത് 10 ദിവസമാണ് ഗണേശോത്സവം. ഈ സമയത്ത് മഹാഗണപതി ഉള്‍പ്പെടെ 32 ഭാവങ്ങളില്‍ ഗണപതിയെ ആരാധിച്ചു വരുന്നു. ബാലഗണപതി, തരുണ ഗണപതി, ഏകദന്ത ഗണപതി, സൃഷ്ടി ഗണപതി ഇങ്ങനെ തുടരുന്നു ഈ ഭാവങ്ങള്‍.

ഇതില്‍ പ്രധാനമായ ഒന്നാണ് ഏകദന്ത ഗണപതി. വാസ്തവത്തില്‍ എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്തനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും.ഏക ദന്തനെന്ന ഭഗവാന്റെ നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്. ഏക എന്നും ദന്ത എന്നുമുള്ള പദങ്ങളുടെ ഏകരൂപമാണ് ഏകദന്തം.

ഏക എന്ന ശബ്ദം മായാസൂചകമാണ്. അത് മായാദേഹരൂപത്തെയും മായാവിലാസങ്ങളെയും കുറിക്കുന്നു. ദന്ത എന്ന ശബദം അന്ത:സത്തയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. ഭഗവാന്‍ മഹാഗണപതി മായാ രൂപധാരകനായും, പരമാത്മാവായും സ്ഥിതി ചെയ്യുന്നു.

അതുകൊണ്ട് ഭഗവാനെ ഏകദന്തനെന്നു സ്തുതിക്കുന്നു:

ഏകദന്തം ചതുര്‍ബാഹും
ഗജവക്ത്രം മഹോദരം
സിദ്ധിബുദ്ധിസമായുക്തം
മൂഷികാരൂഢമേഖവച
നാഭിശേഷം സപാശം
വൈ പരശും കമലം ശുഭം
അഭയം ദധതം ചൈവ
പ്രസന്നവദനാംബുജം
ഭവതേഭ്യോവരദം നിത്യ-
മഭക്താനാം നിഷൂദനം

ഗണപതി ഹോമം

ഗൃഹത്തിലോ ക്ഷേത്രത്തിലോ വിനായക ചതുര്‍ത്ഥിക്ക് ഗണപതി ഹോമം നടത്തണം. ഗൃഹത്തില്‍ ഇത് നടത്താന്‍ കഴിയാത്തവര്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നടക്കുന്ന ഗണപതിഹോമത്തില്‍ പങ്കെടുത്താല്‍ മതി. 1, 8, 36, 108, 336, 1008 തുങ്ങി യഥാശക്തി നാളികേരം ഹോമത്തിന് ഉപയോഗിക്കാം.

മനുഷ്യരുടെ മാത്രമല്ല ദേവന്‍മാരുടെയും പ്രഥമ പൂജ്യന്‍ വിനായകനാണ്. തിരു അവതാര ദിവസം മാത്രമല്ല പ്രഥമ പൂജയ്ക്ക് അര്‍ഹനായി ശിവഭഗവാന്‍ ഗണപതിയെ അംഗീകരിച്ച ദിവസവുമാണ് വിനായക ചതുര്‍ത്ഥി.

വിനായക ചതുര്‍ത്ഥി വ്രതം 

വിനായക ചതുര്‍ത്ഥി വ്രതമെടുക്കുന്നത് ശ്രേഷ്ഠമാണ്.യഥാവിധി വ്രതം നോറ്റാല്‍ ഫലപ്രാപ്തി കൂടും. അഭീഷ്ട സിദ്ധി, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, അഭിവൃദ്ധി, സത്സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങി എല്ലാ ഗുണാനുഭവങ്ങളും അതി വേഗം ലഭിക്കും.ചതുര്‍ത്ഥിയുടെ തലേദിവസം മുതല്‍ വ്രതമെടുക്കണം. വിനായക ചതുര്‍ത്ഥിയുടെ മൂന്നു ദിവസം മുന്‍പ് മുതല്‍ വ്രതനിഷ്ഠ പാലിക്കുന്ന ആചാരവും നിലവിലുണ്ട്.

മത്സ്യമാംസാദി ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം, ചതുര്‍ത്ഥി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഗണപതി പ്രധാന ദേവതയായ ക്ഷേത്രത്തിലോ ഗണപതി ഉപദേവതയായ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തൊഴുത് പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ സമര്‍പ്പിക്കണം. ഗണപതിഹോമത്തില്‍ പങ്കുചേരണം. വീട്ടില്‍ മടങ്ങിയെത്തി ഗണേശപുരാണമോ കീര്‍ത്തനങ്ങളൊ കഴിയുന്നത്ര ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും ഉത്തമമാണ്.

ചതുര്‍ത്ഥിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.ഈ വ്രതം നോറ്റാല്‍ അടുത്ത വിനായക ചതുര്‍ത്ഥി വരെ ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ എല്ലാ വിഘ്നവും നീങ്ങി അഭീഷ്ട സിദ്ധിയുണ്ടാകും എന്നാണ് വിശ്വാസം.

സര്‍വ്വാഭീഷ്ടസിദ്ധിക്ക് നിവേദ്യങ്ങള്‍

ചതുര്‍ത്ഥി ദിനത്തില്‍ മോദകം, ഉണ്ണിയപ്പം, എളളുണ്ട,ലഡു എന്നിവ നേദിച്ചാല്‍ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളില്‍ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പില്‍ സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവര്‍ദ്ധനവിന് ഉത്തമമാണ്.മുക്കുറ്റി, കറുക എന്നിവയാല്‍ മാല ചാര്‍ത്തുക, അര്‍ച്ചന നടത്തുക തുടങ്ങിയവ ഉദ്ദിഷ്ട കാര്യസിദ്ധിക്ക് നല്ലതാണ്.

ചതുര്‍ത്ഥിയും ചന്ദ്രനും

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കാന്‍ പാടില്ല. അതിനു പിന്നിലുള്ള കഥ ഇതാണ് : ഒരിക്കല്‍ ചതുര്‍ത്ഥി തിഥിയില്‍ ഗണപതി ഭഗവാന്‍ ആനന്ദ നൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രന്‍ ചിരിച്ചു. ഗണപതി കുടവയറും താങ്ങി നൃത്തമാടുന്നത് കണ്ടാണ് ചന്ദ്രന്‍ പരിഹസിച്ചത്. ഇതില്‍ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാന്‍ തയ്യാറായില്ല അങ്ങനെ ഈ ദിവസം ചന്ദ്രനെ ദര്‍ശിക്കുന്നവര്‍ക്കെല്ലാം ദുഷ് പേര് കേള്‍ക്കാന്‍ ഇടയാവട്ടെ എന്ന് ഗണപതി ശപിക്കുകയും ചെയ്തു. അതിനാല്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനില്‍ക്കുന്നു.

പ്രധാന വഴിപാടുകള്‍

കറുകപുഷ്പാഞ്ജലി - വിഘ്‌ന നിവാരണം
മുക്കുറ്റി പുഷ്പാഞ്ജലി - കാര്യലാഭം
അഷ്ടോത്തരാര്‍ച്ചന - മന:ശാന്തി
ദ്വാദശമന്ത്രാര്‍ച്ചന - വിജയലബ്ധി
ഗണേശസൂക്താര്‍ച്ചന - ദാരിദ്രശാന്തി
സഹസ്രനാമാര്‍ച്ചന - ഐശ്വര്യം ലഭിക്കാന്‍
കറുകമാല - പാപശമനം , രോഗശാന്തി
മുക്കുറ്റിമാല - ആരോഗ്യം
നാരങ്ങാമാല - ദൃഷ്ടിദോഷ പരിഹാരം
ഉണ്ണിയപ്പ നിവേദ്യം സുഖസമ്യദ്ധി
പൂമുടല്‍ - ശാരീരിക മാനസികസുഖം
എള്ളുണ്ട നിവേദ്യം - ഭാഗ്യം തെളിയാന്‍
ലഡു നിവേദ്യം - ധനാഭിവൃദ്ധി
ചെമ്പരത്തിമാല - ശതു ദോഷനിവാരണം
നെല്‍പറ - ധനം നിലനില്ക്കാന്‍
താമരമാല - ധനം വരുന്നതിന്
പാലഭിഷേകം - മാനസിക വിഷമം മാറാന്‍

vinaya Chaturthi