തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് കൊടിയേറി

By parvathyanoop.28 11 2022

imran-azharഎട്ട് ദിവസം നീണ്ടു നില്‍ക്കുന്ന വൃശ്ചികോത്സവത്തിനാണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ തുടക്കമായി. തന്ത്രികുടുംബമായ പുലിയന്നൂര്‍ ഇല്ലത്ത് അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റ് കര്‍മ്മം നടത്തി.കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, ശ്രീ പൂര്‍ണ്ണത്രയീശ ഉപദേശക സമിതിയും ചേര്‍ന്നാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.

 

പതിനഞ്ച് ഗജവീരന്‍മാര്‍ ഉത്സവത്തിന് മാറ്റുകൂട്ടാനെത്തും. പഞ്ചാരിമേളവും, നടപ്പുരമേളവും,കച്ചേരിയും കഥകളിയും, മറ്റ് ക്ഷേത്രകലകളും ഒരു മതില്‍ കെട്ടിനുള്ളില്‍ നിറയ്ക്കും തൃപ്പൂണിത്തുറയില്‍.നാഗസ്വരവിദ്വാന്‍ ആര്‍. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.

 

തിങ്കളാഴ്ച സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിലെ മുളയറയില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള മുളയിടല്‍ നടന്നു. തുടര്‍ന്ന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ സ്വര്‍ണക്കൊടിമരച്ചുവട്ടില്‍ പുണ്യാഹശുദ്ധി വരുത്തി പ്രത്യേകം പൂജകള്‍ക്കു ശേഷം വര്‍ണ കൊടിക്കൂറ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചു.

 

വിശേഷാല്‍ പൂജകള്‍ നടത്തി ഗരുഡ വാഹന ചൈതന്യത്തെ കൊടിക്കൂറയിലേയ്ക്ക് ആവാഹിച്ച് പൂജിച്ചു. പാണി കൊട്ടിയായിരുന്നു ദേവചൈതന്യം ആവാഹിച്ച വര്‍ണക്കൊടിക്കൂറ കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചത്. പിന്നീട് പ്രത്യേകം പൂജയ്ക്കു ശേഷമായിരുന്നു ഉത്സവക്കൊടിയേറ്റ്.

 

രാവിലെ തന്ത്രി പുലിയന്നൂര്‍ ഹരിനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭഗവാന് ബ്രഹ്മകലശം നടത്തി. അവരോധം കഴിഞ്ഞിട്ടുള്ള തന്ത്രിമാരെല്ലാവരും പങ്കെടുത്തു. തുടര്‍ന്ന് നെറ്റിപ്പട്ടം കെട്ടിയ 15 ഗജവീരന്‍മാരോടൊപ്പം പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളത്തോടു കൂടി ശീവേലിയും നടന്നു.

 

രാത്രി 15 ഗജവീരന്‍മാരോടൊപ്പം മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പഞ്ചാരിമേളത്തോടു കൂടി വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരുന്നു.സംഗീതജ്ഞന്‍ പ്രഫ. ആര്‍ കുമാര കേരളവര്‍മ, കഥകളി ആചാര്യന്‍ ഫാക്ട് പത്മനാഭന്‍, മേളം കലാകാരന്‍ തിരുവല്ല രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ശ്രീപൂര്‍ണത്രയീശ പുരസ്‌കാരം സമ്മാനിച്ചു.

 

തൃപ്പൂണിത്തുറ എംഎല്‍എ കെ .ബാബു മുഖ്യാതിഥിയായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, ശ്രീ പൂര്‍ണത്രയീശ ഉപദേശക സമിതിയും ചേര്‍ന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്.

 

OTHER SECTIONS