/kalakaumudi/media/post_banners/4556ef6eb64eea92a1bf8a99904f62a6d7a242bb9d72b9bee5b6741eb85cfba6.jpg)
ശനിദോഷങ്ങള്‍ ഏറ്റവും ലളിതമായി പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണ് നീരാജന സമര്‍പ്പണം. അലച്ചിലും കഷ്ടപ്പാടുകളും ദുരിത ദു:ഖങ്ങളുമാണ് ശനിദോഷ ഫലമായി പ്രധാനമായും അനുഭവിക്കേണ്ടി വരുന്നത്. ഇതില്‍ നിന്ന് മുക്തി നേടുന്നതിന്, കഷ്ടതകള്‍ കുറയ്ക്കുന്നതിന് ശാസ്താ /അയ്യപ്പ ക്ഷേത്രങ്ങളില്‍ നീരാജനം നടത്തുന്നത് നല്ലതാണ്.
ഹനുമദ് സ്വാമിയുടെ ക്ഷേത്രങ്ങളിലും ശിവ ക്ഷേത്രങ്ങളിലും വീടുകളിലും ഈ സമര്‍പ്പണം നടത്താം.തേങ്ങാ മുറിയിലോ മണ്‍ചെരാതിലോ എള്ളുതിരി തെളിയിക്കുന്നതാണ് നീരാഞ്ജനം.സാധാരണ ക്ഷേത്രങ്ങളിലാണ് നാം എള്ളുതിരി കത്തിച്ച് കാണാറുള്ളത്. അതുകൊണ്ടാകണം വീട്ടില്‍ എള്ളുതിരി കത്തിക്കാമോ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ എള്ളുതിരി കത്തിക്കുന്നത് യാതൊരു ദോഷവും വരുത്തില്ല. മറിച്ച് അതിലൂടെ നന്മയും ഈശ്വര കൃപയും ലഭിക്കുക തന്നെ ചെയ്യും.
ഇപ്പോള്‍ ഏഴരശനി, കണ്ടകശനി, അഷ്ടമശനി ദോഷം അനുഭവിക്കുന്നവരും ശനിദശ, ശനി അപഹാരം പിന്നിടുന്നവരുമാണ് ഈ വഴിപാട് നടത്തേണ്ടത്. ഇതിനുള്ള എള്ളുകിഴി സ്വയം തയ്യാറാക്കാം. കോട്ടണ്‍ തുണി ആവശ്യമായ വലിപ്പത്തില്‍ മുറിച്ച് എടുക്കണം. പുതിയ തുണി വേണമെന്നില്ല. പഴയ തുണി അലക്കി വൃത്തിക്കിയതായാലും മതി. ഏതായാലും ശുദ്ധി ഉറപ്പാക്കണം. അതില്‍ കുറച്ച് കറുത്ത എള്ളു വച്ച് ചെറിയ കിഴിയാക്കി തുണികൊണ്ടോ നൂലുകൊണ്ട് കെട്ടിയ ശേഷം എള്ളെണ്ണയില്‍ മുക്കി മണ്‍ചിരാതിലോ നാളീകേരംപൊട്ടിച്ച മുറികളിലോ വച്ച് ലേശം എള്ളെണ്ണ കൂടി ഒഴിച്ച് കത്തിക്കണം.
ശനിയാഴ്ചകളില്‍ രാവിലെയോ വൈകിട്ടോ ഇത് ചെയ്യാം. നീരാജനം തെളിക്കുമ്പോഴും അതിനു ശേഷവും നീലാഞ്ജന സമാഭാസം രവി പുത്രം യാമാഗ്രജം ഛായാ മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം എന്ന ശനി സ്‌തോത്രം, ശാസ്താ മൂലമന്ത്രമായ ഓം ഘ്രൂം നമഃ പരായഗോപ്‌ത്രേ, ശനി അഷ്ടോത്തരം, ഹരിഹര പുത്ര അഷ്ടോത്തരം തുടങ്ങിയവ ജപിക്കാം. എള്ളുകിഴി കത്തിച്ച് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് പൂജാമുറിയില്‍ തന്നെ വയ്ക്കണം. എല്ലാ ശനിയാഴ്ചയും വീട്ടില്‍ തന്നെ ചെയ്യാം. ശനിദേഷ പരിഹാരത്തിന് വീട്ടില്‍ നടത്താവുന്ന ലളിതമായ ഒരു പരിഹാരമാണ് ഇത്.
എള്ളുതിരി കത്തിക്കുന്നത് പോലെ എള്ള് പായസ വഴിപാടും നടത്തുന്നതും വീട്ടിലെ പൂജാമുറിയില്‍ എള്ള് സൂക്ഷിക്കുന്നതും ശനിദോഷം മാറാന്‍ നല്ലതാണ്.വെളുത്ത വൃത്തിയുള്ള തുണിയില്‍ കറുത്ത എള്ള് പൊതിഞ്ഞാണ് സൂക്ഷിക്കേണ്ടത്.