മീനത്തിലെ ആയില്യം

വിഷ്ണുവിന്റെ തമോഗുണമേറിയ മൂർത്തിയായ അനന്തനാഗം വലിയൊരു സുവർണ്ണപർവ്വതം പോലെ നീലപ്പട്ടുടുത്തു ആയിരം ഫണങ്ങളുമായി ഇവിടെ സർവ്വലോകത്തേയും താങ്ങിക്കൊണ്ടു വസിക്കുന്നു

author-image
online desk
New Update
മീനത്തിലെ ആയില്യം

നാഗരാജാ ശരണം , സർവ രാഹുകേതു ദോഷങ്ങളുമകറ്റി സർവൈശ്വര്യം തരണേ , ശരണം ശരണം ശരണം

സപ്തപാതാളങ്ങളുള്ളതിൽ അവസാനത്തെ രണ്ടു പാതാള ലോകങ്ങളായ മഹാതലം, പാതാളം തുടങ്ങിയ രണ്ടു തലങ്ങളാണ് നാഗങ്ങൾക്കായി ബ്രഹ്‌മാവ്‌ നീക്കി വച്ചിരിക്കുന്നത്. മഹാതലം സർപ്പങ്ങളുടെ ലോകമാണ്. വാസുകിയാണ് ലോകനാഥൻ. ഇവിടത്തെ സർപ്പങ്ങളെ വാസുകി രക്ഷിക്കുന്നു. സർപ്പശത്രുവായ ഗരുഡൻ വാസുകിയുടെ മിത്രവുമാണ്. അതിനാൽ ഗരുഡൻ ഇവയെ ദ്രോഹിക്കാറില്ല. ഈ ലോകത്തിൽ പ്രശസ്ത സർപ്പങ്ങളായ തക്ഷകൻ, കാളിയൻ, കാർക്കോടകൻ, ഗുളികൻ തുടങ്ങിയ സർപ്പരാജാക്കന്മാരുണ്ട്. ഇവരെ ഭക്തിയോടെ പരിചരിക്കുന്ന നാഗഭക്തരും ഇവിടെയുണ്ട്. ഇവർ മഹാതലത്തിന്റെ ഓരോരോ പ്രത്യേക പ്രദേശങ്ങൾ ഭരിക്കുന്നു. ഈ സർപ്പങ്ങൾക്ക് നൂറും, ഇരുന്നൂറും, അഞ്ഞൂറും ശിരസ്സുകളുണ്ട്.

നാഗപാതാളത്തിലും ഭരണം വാസുകിക്ക് തന്നെ. എങ്കിലും ഇതിന്റെ മൂലസ്ഥാനത്തായി ഈരേഴു പതിനാലു ലോകങ്ങളെക്കാളും ആയിരമിരട്ടി വിസ്താരത്തിൽ വാസുകിയുടെ ജ്യേഷ്ഠനായ അനന്തനാഗം വസിക്കുന്നുണ്ട്. ഈ സ്ഥാനത്തിന്റെ പേരാകട്ടെ അനന്തകലഎന്നാണു. വിഷ്ണുവിന്റെ തമോഗുണമേറിയ മൂർത്തിയായ അനന്തനാഗം വലിയൊരു സുവർണ്ണപർവ്വതം പോലെ നീലപ്പട്ടുടുത്തു ആയിരം ഫണങ്ങളുമായി ഇവിടെ സർവ്വലോകത്തേയും താങ്ങിക്കൊണ്ടു വസിക്കുന്നു. നാഗങ്ങളുടെയും സർപ്പങ്ങളുടെയും രാജാവായ വാസുകിക്ക് അനന്തനോളം വലിപ്പമുണ്ടെങ്കിലും അദ്ദേഹം അനന്തൻ വഹിക്കുന്ന ലോകങ്ങളെ പാലിക്കുക മാത്രമാണ് ചെയ്യുന്നത്. വാസുകി ലോകങ്ങളെ തന്റെ പ്രാണശക്തിയാൽ അടുക്കും ചിട്ടയുമൊടെ നിലനിറുത്തുന്നു. വാസുകിക്ക് എണ്ണൂറ് ഫണങ്ങളുണ്ട്. അനന്തനോളം നീളവുമുണ്ട്. പാതാളത്തിൽ നാഗത്താന്മാരായ ധനഞ്ജയൻ , ശംഖപാലൻ, ധൃതരാഷ്ട്രർ തുടങ്ങിയവരുണ്ട്. ഈ നാഗങ്ങൾക്ക് നൂറും, ഇരുന്നൂറും, എഴുന്നൂറും ശിരസ്സുകളുണ്ട്. ഇവരെല്ലാം ഈശ്വരാംശങ്ങളാകയാൽ ഗരുഡനെ ഇവർക്ക് പേടിക്കേണ്ട കാര്യമില്ല.

നാഗം എന്നത് ഒരു ജാതി സർപ്പമാണ്. സർപ്പം, നാഗം എന്നിവ ഉരഗവർഗ്ഗത്തിലെ ശ്രേഷ്ഠസൃഷ്ടികളായി കരുതുന്നു. എന്നാൽ വാസ്തവത്തിൽ സർപ്പം വേറെ നാഗം വേറെ. സർപ്പത്തിന് നാഗത്തെ അപേക്ഷിച്ചു ദൈവികത കുറവാണ്. നാഗത്തിനു ചൈതന്യം ഏറിയിരിക്കുന്നു. നാഗം ആരെയും ദംശിക്കാറില്ല. വിഷമുണ്ടെങ്കിലും നാഗം അത് ഉപയോഗിക്കാറില്ല. നാഗത്തിനു ഭയപ്പെടുത്തുന്ന രൂപമില്ല. അവ സർപ്പങ്ങളെപ്പോലെ ഭൂമിയിൽ ഇഴയുന്നവയല്ല. പകരം തന്റെ ദിവ്യശക്തികൊണ്ടു അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കും. രാത്രിയിൽ ഒരു കുന്നിന്റെ നെറുകയിൽ നിന്നും മറ്റൊന്നിലേക്കു അത് പറന്നു പോകുന്നതായി നമ്മുടെ പൂർവ്വികർ വായ്മൊഴിയായി പറഞ്ഞു വരുന്നു. എന്നാൽ ഇതിനു ശാസ്ത്രീയമായ തെളിവുകളില്ല. എന്നിരിക്കിലും നാഗം ദൈവികത കൊണ്ട് ദേവന്മാരെക്കാളും ശ്രേഷ്ഠരായതിനാൽ അതിനെ വിഗ്രഹത്തിൽ ആവാഹിച്ചു പൂജിക്കാറുണ്ട്. നാഗപൂജ അതീവ നിഷ്ഠയോടെ ചെയ്യേണ്ടതാണ്. അതിൽ തെറ്റ് പറ്റിയാൽ ആപത്താണ്. മറ്റു ദേവന്മാരെ വിഗ്രഹത്തിൽ ആവാഹിക്കുമ്പോൾ നാഗത്തെ പൂജിക്കുന്ന സാധകൻ, അതിനെ തന്റെ ശരീരത്തിലാണ് ആവാഹിക്കേണ്ടത്.

നാഗങ്ങളുടെ രാജാവും നാഥനും വിഷ്ണുവിന്റെ ശയ്യയായ അനന്തനാണ്. എന്നാൽ നേരെ മറിച്ച് സർപ്പങ്ങളുടെ രാജാവും നാഥനും ശിവന്റെ കണ്ഠഭൂഷണമായ വാസുകി ആണ്. സർപ്പങ്ങൾ നാഗങ്ങളെപ്പോലെ ശാന്തരല്ല. അവ അതീവ ശക്തരും നീണ്ടു ചുരുണ്ട ദേഹമുള്ളവരും, ഭയങ്കര കോപികളും, വേണ്ടി വന്നാൽ സകലതിനെയും ദംശിച്ചു തങ്ങളുടെ വിഷവീര്യത്താൽ ഭസ്മമാക്കുന്നവയുമാണ്. നാഗങ്ങളെക്കാൾ വിഷം അവയ്ക്കുണ്ട്. ഇവ ഭൂമിയിലൂടെ ഇഴയുന്നു. സർപ്പിണം ചെയ്യുക എന്നാൽ ഇഴയുക എന്നർത്ഥം. അതിനാൽ ഇവയ്ക്കു സർപ്പം എന്ന് പേരുണ്ടായി. നാഗങ്ങളും സർപ്പങ്ങളും കാശ്യപ പ്രജാപതിയുടെ ഭാര്യയായ കദ്രുവിന്റെ സന്താനങ്ങളാണ്. കദ്രുവിന്റെ സന്താനങ്ങളിൽ ചിലർ ഭൂമിയിലേക്ക് വന്നുവെന്നും, അവരാണ് ഭൂമിയിലെ സർപ്പങ്ങളെന്നും പറയുന്നു.

Astro