നിങ്ങളുടെ കുട്ടിക്ക് വിദ്യാഭിവൃദ്ധി വേണ്ടേ? ഈ മന്ത്രങ്ങൾ ഉചിതം

പുതിയ അധ്യയന വർഷം തുടങ്ങി. കോവിഡ് കാലത്ത്‌ വീട്ടിലിരുന്നാണല്ലോ കുട്ടികളുടെ പഠനം. അടുക്കും ചിട്ടയോടും കൂടിയുള്ള പഠനത്തോടൊപ്പം ഈശ്വരാധീനവും പരമ പ്രധാനമാണ്.

author-image
sisira
New Update
നിങ്ങളുടെ കുട്ടിക്ക് വിദ്യാഭിവൃദ്ധി വേണ്ടേ? ഈ മന്ത്രങ്ങൾ ഉചിതം

 

പുതിയ അധ്യയന വർഷം തുടങ്ങി. കോവിഡ് കാലത്ത്‌ വീട്ടിലിരുന്നാണല്ലോ കുട്ടികളുടെ പഠനം. അടുക്കും ചിട്ടയോടും കൂടിയുള്ള പഠനത്തോടൊപ്പം ഈശ്വരാധീനവും പരമ പ്രധാനമാണ്.

അതിനായി വിദ്യാർഥികൾ വിഘ്‌നഹരനായ ഗണപതി ഭഗവാനെയും ജ്ഞാന ദേവതയായ സരസ്വതീ ദേവിയെയും ഭഗവാൻ ശിവശങ്കരന്റെ ജ്ഞാനഭാവമായ ദക്ഷിണാമൂർത്തിയെയും വിദ്യാകാരകനായ ബുധദേവപ്രീതിക്കായി ശ്രീകൃഷ്ണനെയും ഭജിക്കുന്നത് ഉത്തമമാണ്.

വേണ്ടത്ര ശ്രദ്ധയും പരിശീലനവും ഈശ്വരാധീനവും ലഭിച്ചാൽ കുട്ടിയുടെ ഭാവി ശോഭനമാവും. ഭഗവൽ പ്രീതിയോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.

സന്ധ്യയ്ക്കു നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്നതിനോടൊപ്പം ഈ മന്ത്രങ്ങൾ ജപിക്കുന്നതും സദ്‌ഫലങ്ങൾ നൽകും.

ഗണേശ മന്ത്രം

 

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ.

നിര്‍വിഘ്നം കുരുമേ ദേവ സര്‍വകാര്യേഷു സര്‍വദാ.

സരസ്വതീ മന്ത്രം

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതു മേ സദാ.

വിദ്യാദായിനിയായ കൊല്ലൂർ മൂകാംബികാ ദേവിയെ നിത്യവും ഭജിക്കുന്നത് അത്യുത്തമം.

മൂകാംബികാ സ്തോത്രം

വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം

വാണീവൈഭവ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ

വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം

വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ

ദക്ഷിണാമൂർത്തീ സ്തുതി അർഥം മനസ്സിലാക്കി ജപിക്കുന്നത് സർവ കാര്യവിജയത്തിന് സഹായകമാണ്.

ദക്ഷിണാമൂർത്തീ സ്തുതി

ഗുരവേ സർവലോകാനാം

ഭിഷജേ ഭവരോഗിണാം

നിധയേ സർവവിദ്യാനാം

ദക്ഷിണാമൂര്‍ത്തയേ നമഃ

അർഥം :- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

കുട്ടികളിൽ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവശുദ്ധിയും വർദ്ധിപ്പിക്കാൻ നിത്യേന ഭഗവാൻ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് വിദ്യാഗോപാലമന്ത്രം ജപിക്കണം. 

വിദ്യാഗോപാലമന്ത്രം

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ

അർഥം - പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.

Astro