ഏകാഗ്രതയും ബുദ്ധിവികാസവും നല്‍കും; ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഈ മന്ത്രം ജപിച്ചാല്‍ മതി

By Web Desk.16 07 2021

imran-azhar

 


ബ്രാഹ്‌മമുഹൂര്‍ത്തം എന്നാല്‍ എന്താണ്? എന്താണ് ബ്രാഹ്‌മമുഹൂര്‍ത്തത്തിന്റെ പ്രാധാന്യം? ബ്രാഹ്‌മത്തെ സംബന്ധിച്ചത് എന്ന് അര്‍ത്ഥമുള്ള ബ്രാഹ്‌മവും, ശുഭ സമയം എന്ന് അര്‍ത്ഥമുള്ള മുഹൂര്‍ത്തവും ചേര്‍ന്നാണ് ബ്രാഹ്‌മമുഹൂര്‍ത്തം എന്ന പദം ഉണ്ടായത്. ബ്രാഹ്‌മത്തെ, അതായത് പരമാത്മാവിന്റെ അവസ്ഥയ്ക്ക് തുല്യമായ നിര്‍മലത്വം നിറഞ്ഞ സമയമാണ് ബ്രാഹ്‌മമുഹൂര്‍ത്തം. ബ്രാഹ്‌മ ജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂര്‍ത്തമാണ് ഇത്.

 

സൂര്യോദയത്തിനു ഏഴര നാഴിക മുന്‍പുള്ള സമയമാണ് ബ്രാഹ്‌മമുഹൂര്‍ത്തം. ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുകയും സത്വഗുണം ഉദിക്കുകയും ചെയ്യുന്നു. പ്രകൃതി ശാന്തതയും നിര്‍മ്മലതയും കൈവരിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ മനസ്സിലാക്കി പക്ഷികള്‍ ഉണരുകയും കുളിര്‍തെന്നല്‍ വീശുകയും ചെയ്യും. ഈ കാലം മുതല്‍ പ്രഭാതം വരെയാണ് സത്വഗുണം നീണ്ടുനില്‍ക്കുന്നത്.

 

ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ആത്മാവിഷ്‌കാരങ്ങളോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയില്‍ സാത്വികഗുണം കൂടുതല്‍ പ്രകാശിക്കുകയും സത്യത്തെ അറിയാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു. അതുകൊണ്ട് ഏതൊരു വ്യക്തിക്കും തന്റെ സങ്കല്‍പ്പസാക്ഷല്‍കാരത്തിനും സിദ്ധിപ്രാപ്തിക്കും ബ്രഹ്‌മമുഹൂര്‍ത്തം ഉദാത്തമാണ്.

 

ത്രിമൂര്‍ത്തികളില്‍ ഒരാളായ ബ്രഹ്‌മാവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ സരസ്വതിദേവി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ബ്രാഹ്‌മമുഹൂര്‍ത്തം 'സരസ്വതിയാമം' എന്നും അറിയപ്പെടുന്നു. ശിരസ്സിന്റെ ഇടത് ഭാഗത്തുള്ള വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണിത്. രാവിലെ കൊളുത്തിയ നിലവിളക്കില്‍ നിന്നുമുള്ള ഊര്‍ജം നമ്മുടെ ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നു. ഭവനത്തില്‍ രാവിലെ വിളക്ക് തെളിയിക്കുന്നത് ബുദ്ധിക്കുണര്‍വിനും സന്ധ്യയ്ക്കു വിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിനും വേണ്ടിയാണെന്നാണ് വിശ്വാസം.

 

വിളക്കിനു മുന്നില്‍ നിന്ന് ഗണപതി വന്ദനത്തോടെ സരസ്വതീ പ്രീതികരമായ മന്ത്രങ്ങളും ഗായത്രികളും ചെല്ലുന്നത് ഉത്തമം. ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നല്‍കിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ചില കുട്ടികള്‍ക്കാവുന്നില്ല. അങ്ങനെയുളളവര്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഗായത്രീ മന്ത്രോപാസന ശീലമാക്കിയാല്‍ ഏകാഗ്രത വര്‍ദ്ധിക്കുകയും ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യും. സരസ്വതി ദേവിയുടെ മൂലമന്ത്രമായ 'ഓം സം സരസ്വതൈ്യ നമ:' ദിവസവും ഭക്തിയോടെ ജപിക്കാവുന്നതാണ്.

 

ഗായത്രി മന്ത്രം:

 

''ഓം ഭുര്‍ ഭുവഃസ്വഃ

തത് സവി തുര്‍ വരേണ്യം

ഭര്‍ഗ്ഗോ ദേവസ്യ ധീമഹി

ധിയോ യോനഃ പ്രചോദയാത് ''

 

സാരം

 

'ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ.'

ആത്മീയ സാധനകള്‍, യോഗ, ശ്വസനവ്യായാമങ്ങള്‍ എന്നിവ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ശീലമാക്കുന്നത് അതീവ ഗുണപ്രദമാണ്. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ നെഗറ്റീവ് ഊര്‍ജ്ജം തീരെ ഇല്ലാതെ പ്രകൃതി ശാന്തവും വായു ശുദ്ധമായിരിക്കും. ഈ സമയത്തെ ഓക്‌സിജന്‍ നിറഞ്ഞ കാറ്റേറ്റാല്‍ ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും ഊര്‍ജ്ജസ്വലത കൂടുകയും പ്രവര്‍ത്തനശേഷി വര്‍ദ്ധിക്കുകയും ചെയ്യും.

 

 

 

 

 

OTHER SECTIONS