ഈ സ്‌തോത്രം ജപിച്ചാല്‍ മതി, മന:ശാന്തിയും ജീവിതവിജയവും നേടാം

മന:ശാന്തിക്കും ജീവിതത്തിനും ദുരിത മോചനത്തിനും ഒരു മാര്‍ഗ്ഗം. നിത്യേന ശിവപഞ്ചാക്ഷര സ്തോത്രം ജപിച്ചാല്‍ മതി. മുജ്ജന്മ പാപങ്ങള്‍ വരെ അകറ്റി ജീവിത പുരോഗതി കൈവരിക്കാന്‍ ഈ മന്ത്ര ജപം സഹായിക്കും.

author-image
Web Desk
New Update
ഈ സ്‌തോത്രം ജപിച്ചാല്‍ മതി, മന:ശാന്തിയും ജീവിതവിജയവും നേടാം

മന:ശാന്തിക്കും ജീവിതത്തിനും ദുരിത മോചനത്തിനും ഒരു മാര്‍ഗ്ഗം. നിത്യേന ശിവപഞ്ചാക്ഷര സ്തോത്രം ജപിച്ചാല്‍ മതി. മുജ്ജന്മ പാപങ്ങള്‍ വരെ അകറ്റി ജീവിത പുരോഗതി കൈവരിക്കാന്‍ ഈ മന്ത്ര ജപം സഹായിക്കും. മാത്രമല്ല, ഓര്‍മ്മശക്തി, ബുദ്ധിശക്തി എന്നിവ വര്‍ദ്ധിക്കാനും പരീക്ഷകളില്‍ നല്ല വിജയം നേടാനും കാര്യസിദ്ധിക്കും നിഷ്ഠയോടെയുള്ള ശിവപഞ്ചാക്ഷര സ്തോത്ര ജപം ഗുണകരമാണ്.

ഈ സ്തോത്രം ശ്രീ ശങ്കരചാര്യര്‍ രചിച്ചതാണ്. സ്തോത്രവും അര്‍ത്ഥവും :

നാഗേന്ദ്രഹാരായ ത്രിലോചനായ

ഭസ്മാംഗരാഗായ മഹേശ്വരായ

നിത്യായ ശുദ്ധായ ദിഗംബരായ

തസ്മൈ നകാരായ നമ:ശിവായ

സര്‍പ്പശ്രേഷ്ഠനെ മാലയായി ധരിച്ചവനും മൂന്നു കണ്ണുകളുള്ളവനും തിരുവുടലില്‍ ഭസ്മം പൂശിയിരിക്കുന്നവനും മഹേശ്വരനും ശുദ്ധനും ആദ്യന്തങ്ങളില്ലാത്തവനും ദിക്കുകള്‍ വസ്ത്രമാക്കിയ ദിഗംബരനും നകാര രൂപിയുമായ ശിവന് നമസ്‌കാരം.

മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ

നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ

മന്ദാര പുഷ്പ ബഹു പുഷ്പ സുപൂജിതായ

തസ്മൈ മകാരായ നമ:ശിവായ

ഗംഗാജലവും ചന്ദനവും കൊണ്ട് അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരന്‍ തുടങ്ങിയവരുടെ പ്രഭുവും പ്രമഥന്മാരുടെ നാഥനും മഹേശ്വരനും മന്ദാരപുഷ്പം മുതലായ അനവധി പുഷ്പങ്ങള്‍ കൊണ്ട് പൂജിക്കപ്പെടുന്നവനും മകാര രൂപിയുമായ ശിവന് നമസ്‌കാരം.

ശിവായ ഗൗരീവദനാരവിന്ദ

സൂര്യായ ദക്ഷാദ്ധ്വര നാശകായ

ശ്രീ നീലകണ്ഠായ വൃഷദ്ധ്വജായ

തസ്മൈ ശികാരായ നമ:ശിവായ

മംഗള സ്വരൂപനും പാര്‍വ്വതിയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും ദക്ഷപ്രജാപതിയുടെ യാഗത്തെ നശിപ്പിച്ചവനും ഐശ്വര്യമുള്ള നീലകണ്ഠത്തോട് കൂടിയവനും വൃഷഭമാകുന്ന കൊടിയടയാളത്തോടു കൂടിയവനും ശികാര സ്വരൂപനുമായ ശിവന് നമസ്‌കാരം.

വസിഷ്ഠ കുംഭോത്ഭവ ഗൗതമാദി

മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ

ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ

തസ്മൈ വകാരായ നമ:ശിവായ

വസിഷ്ഠന്‍, അഗസ്ത്യന്‍, ഗൗതമന്‍ മുതലായ മഹര്‍ഷീശ്വരന്മാരാലും ദേവദിക്പാലകന്മാരാലും

പൂജിച്ചുകൊണ്ടിരിക്കുന്നവനും ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിങ്ങനെ മൂന്നു കണ്ണുകളോടുകൂടിയവനും വകാര സ്വരൂപനുമായ ശിവന് നമസ്‌കാരം.

യക്ഷസ്വരൂപായ ജടാധരായ

പിനാക ഹസ്തായ സനാതനായ

ദിവ്യായ ദേവായ ദിഗംബരായ

തസ്മൈ യകാരായ നമ:ശിവായ

കുബേര മിത്രമായതിനാല്‍ യക്ഷ സ്വരൂപത്തെ ധരിച്ചിരിക്കുന്ന ജടാധരനും പിനാക പാണിയും സനാതനനും ദിവ്യനും ദിഗംബരനും ദേവനും യകാര സ്വരൂപനുമായ ശിവന് നമസ്‌കാരം

പഞ്ചാക്ഷരമിദം പുണ്യം

യ: പഠേ ശിവ സന്നിധൗ

ശിവലോകമവാപ്നോതി

ശിവേന സഹ മോദതേ

ശിവ സന്നിധിയില്‍ ശിവ സാന്നിദ്ധ്യത്തോടെ

ഈ പഞ്ചാക്ഷരസ്തോത്രം ചൊല്ലുന്നവര്‍ ശിവലോകം പ്രാപിച്ച് ശിവനോടുകൂടി നിത്യാനന്ദം അനുഭവിക്കും.

 

Astro lord shiva shiva panchakshara stotram