
ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ശ്രീചക്രപൂജ നമ്മെ സഹായിക്കും. ശ്രീ ചക്രം സകലയന്ത്രങ്ങളുടെയും രാജാവാണ്. പ്രപഞ്ച മാതാവായ ശ്രീലളിതാ ദേവിയുടെ, ആദിപരാശക്തിയുടെ ആവാസകേന്ദ്രമാണത്. എല്ലാ ദേവീദേവന്മാരുടെയും ഉത്ഭവം ആദിപരാശക്തിയായ ശ്രീലളിതാംബികയില്‍ നിന്നാണ്.
ആ അമ്മയാണ് ശ്രീചക്രത്തില്‍ വസിക്കുന്നത്. അതിനാല്‍ ശ്രീലളിതാംബിക കുടികൊള്ളുന്ന ശ്രീചക്രത്തില്‍ എല്ലാ ദേവീദേവന്മാരുടെയും, എല്ലാ യന്ത്രങ്ങളുടെയും ചൈതന്യം നിറഞ്ഞുനില്‍ക്കും.ശ്രീചക്രത്തെ ആരാധിച്ചാല്‍ മനഃശാന്തി, സന്തോഷം, സമൃദ്ധി, ആയുരാരോഗ്യ സൗഖ്യം തുടങ്ങി എല്ലാം ലഭിക്കും. മധ്യത്തിലുള്ള ബിന്ദു ഉള്‍പ്പെടെ ഒന്‍പതു ചക്രങ്ങളാണ് ശ്രീചക്രത്തിനുള്ളത്.ഗൃഹത്തിനും ഗൃഹവാസികള്‍ക്കും ഏറ്റവും ഉത്തമമായ ഒരു ചക്രമാണിത്. ഭവനത്തിലും സ്ഥാപനങ്ങളിലും വച്ച് ശ്രീചക്രം ആരാധിക്കാം.
ശ്രീചക്രം പൂജിക്കമ്പോള്‍ ആദിപരാശക്തിയായ ലളിതാ ദേവിയെയും ശിവശക്തി ചൈതന്യത്തെയും മാതാപിതാക്കളെയും ഗുരുജനങ്ങളെയും ഈ പ്രപഞ്ചത്തെ തന്നെയും പൂജിക്കുന്ന ഫലമാണ് ലഭിക്കുന്നത്. ഇതിലൂടെ മാതാ, പിതാ, ഗുരു, ദൈവം എന്ന പൂജാ സങ്കല്പമാണ്പാ ലിക്കപ്പെടുന്നത്. അതുകൊണ്ടാണ് നൂറ് മഹായജ്ഞങ്ങള്‍ നടത്തുന്നതിന്റെ ഫലം ഒരു ശ്രീചക്ര പൂജയിലൂടെ നേടാം എന്ന് പൂര്‍വ്വാചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണ്ണം, ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വേണം ശ്രീചക്രം ആലേഖനം ചെയ്യേണ്ടത്. സ്വര്‍ണ്ണത്തിലും ത്രിമാന രൂപത്തിലും തയ്യാറാക്കുന്ന ശ്രീചക്രം കൂടുതല്‍ ഫലം നല്‍കും എന്നൊക്കെ പറയുമെങ്കിലും സ്വന്തം കഴിവിനൊത്തത് സ്വന്തമാക്കിയാല്‍ മതി. ഗൃഹത്തിലാണെങ്കില്‍ പൂജാമുറിയില്‍ വേണം ശ്രീചക്രം സ്ഥാപിക്കാന്‍. ഭഗവത് ചിത്രങ്ങള്‍ക്കൊപ്പം ഫ്രെയിം ചെയ്ത് വയ്ക്കാം.
വെള്ളിയാഴ്ചകളില്‍ രാവിലെയോ വൈകിട്ടോ സൗകര്യപ്രദമായ സമയത്ത് വിളക്ക് തെളിച്ച് മാതാപിതാക്കളെയും ഗുരുവിനെയും ഇഷ്ടദേവതയെയും മനസ്സില്‍ ധ്യാനിച്ച് ആദിപരാശക്തിയെ, ശിവശക്തി ചൈതന്യത്തെ പൂജിക്കണം. ഈ ആരാധനയില്‍ കുങ്കുമം , സുഗന്ധ പുഷ്പങ്ങള്‍ പ്രത്യേകിച്ചും ചുവന്ന പുഷ്പങ്ങള്‍ ശ്രീചക്രത്തില്‍ അര്‍ച്ചിച്ച് ലളിതസഹസ്ര നാമാവലികളാണ് പ്രധാനമായും ജപിക്കേണ്ടത്.
നമ്മള്‍ ആഗ്രഹിക്കന്നതെല്ലാം സാധിച്ചു തരുന്നത് അമ്മയാണ്. അതു കൊണ്ടു തന്നെ മനുഷ്യര്‍ക്ക് അവരുടേതായ ആഗ്രഹങ്ങള്‍ - സമ്പത്ത്, സന്തതി, സമാധാനം, സമൃദ്ധി, സന്തോഷം, ഉദ്യോഗം വിവാഹം തുടങ്ങി എന്ത് കാര്യത്തിനും ആശ്രയിക്കാനാവുന്നതും ശ്രീദേവിയെയാണ്; ശ്രീചക്രത്തെയാണ്. ഒരു കാര്യം ഉറപ്പാണ്.
ശ്രീചക്രത്തില്‍ ആരാധന നടത്തിയാല്‍ സര്‍വ്വഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും ഗൃഹത്തില്‍ വന്നുചേരുമെന്നാണ് വിശ്വാസം.ഗൃഹത്തിനും ഗൃഹവാസികള്‍ക്കും ഏറ്റവും ഉത്തമമായ ഒരു ചക്രമാണിത്.
ശ്രീചക്രം വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ വിധി പ്രകാരം സ്ഥാപിച്ച് പൂജ നടത്തിയാല്‍ സാമ്പത്തിക തടസങ്ങള്‍ മാറുകയും സമ്പല്‍സമൃദ്ധി ഉണ്ടാകുകയും ചെയ്യും. സര്‍വ്വഐശ്വര്യപ്രദായകം എന്നതാണ് ശ്രീചക്രത്തിന്റെ ഏറ്റവും വലിയ മേന്മ. മാത്രമല്ല ആഗ്രഹസാഭല്യത്തിന് ശേഷം പൂജ മുടക്കാന്‍ പാടില്ല.