/kalakaumudi/media/post_banners/fa44584a0a2c2ae21600557f7993488c439c4f8f7a489b7e5ce278215f380f25.jpg)
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തിനു സമീപമുള്ള ചിറക്കടവില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത ശിവക്ഷേത്രമാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം.ആള്‍വാര്‍ വംശാധിപത്യകാലത്ത് ചന്ദ്രശേഖര ആള്‍വാര്‍ എന്ന രാജാവാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവ് ആള്‍വാര്‍ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്‌പ്പെടുത്തുവാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സഹായം നല്‍കിയത് ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ തമ്പുരാനാണ്.
പ്രത്യുപകാരമായി ചിറക്കടവ്, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങള്‍ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന് ലഭിച്ചു. പിന്നീട് 1956-ല്‍ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതാകുകയും അവകാശങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരില്‍ വന്നു ചേരുകയും ചെയ്തു. 1961 ജൂലൈയില്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കൈമാറി. ദേവസ്വംബോര്‍ഡിന്റെ മഹാക്ഷേത്രങ്ങളിലൊന്നാണ് മേജര്‍ചിറക്കടവ് മഹാദേവക്ഷേത്രം.ഒരു കൂറ്റന്‍ കൂവളച്ചുവട്ടില്‍ സ്വയംഭൂവായി അവതരിച്ചതാണ് ഈ ക്ഷേത്രത്തിലെ ശിവലിഗം എന്ന് വിശ്വസിക്കപ്പെടുന്നു.
കുറ്റിക്കാടുകള്‍ക്കിടയില്‍ വേറിട്ടുനിന്ന വില്വമരച്ചുവട്ടില്‍ കൂവ പറിക്കുന്നതിനായി പാര കൊണ്ട് മണ്ണില്‍ കുത്തിയപ്പോള്‍ രക്തം പൊടിയുകയും ഇതു കണ്ടു ഭയന്ന സ്ത്രീയുടെ നിലവിളികേട്ട് സമീപത്ത് കാലിമേച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിക്കൂടി രക്തസ്രാവം കണ്ട ഭാഗത്തെ മണ്ണ് നീക്കിയപ്പോള്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഐതിഹ്യം.ഈ കൂവളച്ചുവട്ടില്‍ ഒരു മഹര്‍ഷി വസിച്ചിരുന്നു.
കൂവളച്ചുവട്ടില്‍ വസിച്ചിരുന്നതുകൊണ്ട് കൂവമഹര്‍ഷി എന്ന അപരനാമത്തില്‍ പിന്നീട് ഈ മഹര്‍ഷി വിഖ്യാതനായതായി കരുതപ്പെടുന്നു.കൂവളത്തറ മഹാദേവര്‍ എന്നും കൂവയുടെ താഴെ കണ്ടെത്തിയതിനാല്‍ കൂവത്താഴത്ത് മഹാദേവന്‍ എന്നും പറഞ്ഞിരുന്നു കൂവത്താഴം ലോപിച്ച് പിന്നീട് കോത്താഴം എന്ന പേരും ഉണ്ടായി.
പൂജകള്‍
ദിവസേന അഞ്ചുപൂജകളാണ് ഈ ക്ഷേത്രത്തിലുള്ളത്. സാധാരണ രാവിലെ അഞ്ചുമണിക്ക് നട തുറക്കും. ആദ്യം നിര്‍മ്മാല്യദര്‍ശനം. അതിനുശേഷം ഗണപതിഹോമം. അഭിഷേകത്തിനുശേഷം അവല്‍, മലര്‍, ത്രിമധുരം എന്നിവ നിവേദിക്കുന്നു. ആറരയ്ക്ക് ഉഷഃപൂജ, ഏഴുമണിക്ക് എതൃത്തപൂജ. ഏഴേകാല്‍മണിയോടുകൂടി എതൃത്തശ്രീവേലി. എട്ടുമണിക്ക് പന്തീരടിപൂജ, ഒമ്പതരമണിക്ക് നവകപൂജ, പത്തുമണിയോടെ നവകാഭിഷേകം, നവകാഭിഷേകസമയത്ത് വഴിപാടായി ജലധാര, ക്ഷീരധാര, കരിക്കഭിഷേകം, 108 കലശം ഇവ നടത്താറുണ്ട്. പത്തരമണിക്ക് ഉച്ചപൂജ.
ശേഷം ഉച്ചശ്രീവേദി. പതിനൊന്നുമണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. അസ്തമനസമയത്ത് ദീപാരാധന, ഏഴേമുക്കാലിന് അത്താഴപൂജ, അത്താഴശ്രീവേലി. എട്ടുമണിക്ക് നട അടയ്ക്കും എല്ലാ വര്‍ഷവും അഷ്ടമിക്കുള്ള കാവടിയാട്ടവും,കൊല്ലാ കൊല്ലം നടക്കുന്ന നെയ്യാട്ടും പൊന്നിന്‍ കൊടിമരത്തില്‍ കൊടിയേറി പള്ളിവേട്ടയും ആറാട്ടുമായി നടക്കുന്ന തിരുവുത്സവും പ്രധാനമാണ്.ക്ഷേത്രത്തില്‍ നെയ്യാട്ടി ഭക്തരും ദേശക്കാരും സമര്‍പ്പിക്കന്ന നറുനെയ്യിന്റെ ഒരു ഭാഗം ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ നെയ്യാട്ടിനായി സമര്‍പ്പിക്കുന്നു.
വേലകളി
വഞ്ഞിപ്പുഴ തമ്പുരാന്‍ ചിറക്കടവ്, ചെറുവള്ളി, പെരുവന്താനം എന്നീക്ഷേത്രങ്ങളുടെ ആധിപത്യം വഹിച്ച് ചിറക്കടവില്‍ താമസമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു നായര്‍ പട്ടാളത്തെ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. അന്നത്തെ നാട്ടുപ്രമാണികളായ കാമനാമഠം പണിക്കര്‍, മാലമല കൈമള്‍ എന്നിവരെ വിളിച്ചുകൂട്ടി സമര്‍ത്ഥന്‍മാരായ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ആയോധനവിദ്യ അഭ്യസിപ്പിച്ചു. കാലാന്തരത്തില്‍ തമ്പുരാന്റെ പ്രതാപം കുറയുകയും സംഘത്തെ എന്തുചെയ്യണമെന്ന് നാട്ടുപ്രമാണികളുമായി ആലോചിച്ച് ക്ഷേത്രോത്സവത്തിന് ചിറക്കടവ് ശ്രീമഹാദേവന്റെ അംഗരക്ഷകരായി നിയോഗിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.
പിന്നീട് സംഘത്തിന്റെ അംഗസംഖ്യ അനുസരിച്ച് രണ്ടുഭാഗമായി തിരിച്ച് ഇതൊരു ക്ഷേത്രകലയായി രൂപപ്പെടുത്താനും തീരുമാനിച്ചു. മാലമലകൈമളുടെ ഭാഗത്തിന് തെക്കുംഭാഗം എന്നും കാമനമഠം പണിക്കരുടെ വിഭാഗത്തിന് വടക്കുംഭാഗം എന്നും നാമകരണം ചെയ്തു. ഇന്ന് ക്ഷേത്രത്തിലെ ഉത്സവത്തിന് ഒരു പ്രധാന ചടങ്ങാണ് വേലകളി. ആശാന്മാര്‍- എ.ആര്‍.കുട്ടപ്പന്‍നായര്‍, ഇരിയ്ക്കാട്ട് (വടക്കുംഭാഗം), ഗോപാലകൃഷ്ണപിള്ള (അപ്പുആശാന്‍).
ക്ഷേത്രക്കുളം
ചിറക്കടവ് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായാണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലത്ത് നാട്ടുകാരുടെ പ്രധാനപ്പെട്ട ഒരു ജല സ്രോതസുമാണിത്. ഉത്സവനാളില്‍ മഹാദേവന്റെ നീരാട്ട് ആറാട്ട് കടവ് എന്ന് അറിയപ്പെടുന്ന കുളത്തിന്റെ കുളപ്പുരയിലാണ്.