മംഗല്യ സിദ്ധിക്കായി തിങ്കളാഴ്ച വ്രതം; വെള്ളിയാഴ്ച വ്രതം സമൃദ്ധിക്ക്

ശാസ്താവിനും ശനിദേവനുമാണ് ഈ വ്രതം സമര്‍പ്പിക്കുന്നത്. ശാസ്ത്രാക്ഷേത്രങ്ങളില്‍ എളളുതിരി കത്തിക്കുന്നതും നീരാഞ്ജനം നടത്തുന്നതും ഉത്തമമാണ്.

author-image
Aswany Bhumi
New Update
മംഗല്യ സിദ്ധിക്കായി തിങ്കളാഴ്ച വ്രതം; വെള്ളിയാഴ്ച വ്രതം സമൃദ്ധിക്ക്

ആഗ്രഹങ്ങളെ നിയന്ത്രിച്ച് നിര്‍ത്തി ചിട്ടയായ ജീവിതരീതിയില്‍ ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്ന സദുദ്ദേശ്യമാണ് വ്രതങ്ങള്‍ അനുഷ്ഠിക്കുന്നതിലുളളത്.

 
 
ആഴ്ചയിലെ ഏഴു ദിവസത്തില്‍ എടുക്കുന്ന വ്രതങ്ങളും ഓരോ ദേവതകള്‍ക്കും സമര്‍പ്പിതമാണ്.
 

 ഞായറാഴ്ച വ്രതം  

 

ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം നോല്‍ക്കുന്നത്.

 
 
എന്നാല്‍ സൂര്യന്‍ ഗ്രഹനായകനായതു കൊണ്ട് വീട്ടമ്മമാര്‍ ഭര്‍ത്താക്കന്മാര്‍ക്കും കുടുംബത്തിനും ഐശ്വര്യം ഉണ്ടാക്കാന്‍ വ്രതം എടുക്കാറുണ്ട്.
 
 
വ്രതം നോല്‍ക്കുന്നവര്‍ അന്ന് എണ്ണതേച്ചു കുളിക്കുകയോ മാംസാഹാരങ്ങള്‍ കഴിക്കുകയോ ചെയ്യരുത്. ഉപ്പും വര്‍ജ്യമാണെന്നു പറയുന്നുണ്ട്. ഈ ദിവസം സൂര്യക്ഷേത്രത്തില്‍ തൊഴുന്നത് ഉത്തമമാണ്. 
 
 തിങ്കളാഴ്ച വ്രതം  
 

ഏവര്‍ക്കും കൂടുതല്‍ പരിചയമുളള വ്രതങ്ങളില്‍ ഒന്നാണ് തിങ്കളാഴ്ച വ്രതം. ശിവപ്രീതിക്കാണ് ഈ വ്രതം നോല്‍ക്കുന്നത്. മംഗല്യസിദ്ധിക്കായി കന്യകമാര്‍ നോല്‍ക്കുന്നതാണ് തിങ്കളാഴ്ച വ്രതം.

 
 
ചിങ്ങത്തില്‍ ഈ വ്രതം നോല്‍ക്കുന്നത് അത്യുത്തമമായി കാണുന്നു. ഇതു കൂടാതെ മംഗല്യവതികളായ സ്ത്രീകളും ഭര്‍ത്താവിന്റെയും പുത്രന്റെയും ഐശ്വര്യത്തിനും തിങ്കളാഴ്ച വ്രതം നോല്‍ക്കാറുണ്ട്.  

 ചൊവ്വാഴ്ച വ്രതം  

 

ദേവീപ്രീതിക്കായി നടത്തുന്ന വ്രതമാണ്. ജാതകത്തില്‍ ചൊവ്വാ ദോഷമുളളവര്‍ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കണം എന്നാണ് പറയുന്നത്.

 
 
ചൊവ്വ, വെളളി ദിവസങ്ങളില്‍ വ്രതമെടുക്കുന്നവര്‍ ലളിതാസഹസ്രനാമം ജപിക്കുന്നതും ദേവിക്ക് രക്തപുഷ്പാഞ്ജലി കഴിക്കുന്നതും ശ്രേഷ്ഠമായി കരുതുന്നു.
 

 ബുധനാഴ്ച വ്രതം

വിദ്യാലാഭ സിദ്ധിക്ക് ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമായി പറയുന്നു. ബുധഗ്രഹത്തിനാണ് ഈ വ്രതനാളില്‍ പ്രാധാന്യം.

 
 
ബുധപൂജ ചെയ്യുന്നതും ഐശ്വര്യപ്രദമാണ്. കൂടാതെ ദാനധര്‍മ്മങ്ങള്‍ക്കും വിശേഷപ്പെട്ട ദിവസമാണ്.  
 

 വ്യാഴാഴ്ച വ്രതം  

 

വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്. വ്യാഴം ദശാകാലമുളളവര്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ശ്രേയസ്സിനു കാരണമാകുന്നു. വിഷ്ണു ക്ഷേത്രത്തില്‍ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കു ന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്.

 
 
ഒരിക്കലൂണോടെ വേണം വ്രതം നോല്‍ക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോല്‍ക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂര്‍ത്തിയാണ് ഭഗവാന്‍ ശ്രീഹരിവിഷ്ണു.
 
 

വെളളിയാഴ്ച വ്രതം

 

അന്നപൂര്‍ണേശ്വരി, മഹാലക്ഷ്മി എന്നിവര്‍ക്കായിട്ടാണ് വെളളിയാഴ്ച വ്രതം കൂടുതലായി എടുക്കുന്നത്. മംഗല്യസിദ്ധിക്കും ധനധാന്യസമ്പല്‍ സമൃദ്ധി ക്കുമാണ് സ്ത്രീകള്‍ ഈ വ്രതം അനുഷ്ഠിക്കേണ്ടത്.

 
 
സ്ത്രീകള്‍ ഈ ദിവസം ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് അത്യുത്തമമാണ്. പന്ത്രണ്ട് വെളളിയാഴ്ച ദേവിക്ക് സ്വയംവരാര്‍ച്ചന നടത്തുന്നതു മംഗല്യസിദ്ധിയുണ്ടാകാന്‍ ഉത്തമമാണ്. ശുക്രദശാകാലം ഉളളവര്‍ വെളളിയാഴ്ച വ്രതം അനുഷ്ഠിക്കണം.
 

 ശനിയാഴ്ച വ്രതം

 

ശനി മാറാന്‍ ശനിയാഴ്ച വ്രതം നോല്‍ക്കണം. ശനിദശാകാലമുളളവര്‍ മുഖ്യമായും ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതായി പറയപ്പെടുന്നു.

 
 
ശാസ്താവിനും ശനിദേവനുമാണ് ഈ വ്രതം സമര്‍പ്പിക്കുന്നത്. ശാസ്ത്രാക്ഷേത്രങ്ങളില്‍ എളളുതിരി കത്തിക്കുന്നതും നീരാഞ്ജനം നടത്തുന്നതും ഉത്തമമാണ്.
 
 
 
 
 
 
 
 
Astro