/kalakaumudi/media/post_banners/bef4e031da46234f9d01b180dc704cfc31c72e155fa3c3b3a8154d461a0741af.jpg)
ഗുരുവായൂര്‍: അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രം തീര്‍ഥക്കുളത്തിന്റെ വടക്കുഭാഗത്ത് മഹാ ഗോപൂജ ഓഗസ്റ്റ് 30ന് അവിട്ടം നാളില്‍ നടക്കും. രാവിലെ 10ന് ആണ് മഹാ ഗോപൂജ നടക്കുക. സംഗീത സംവിധായകന്‍ ഇളയരാജ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും.
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവര്‍ ആചാര്യന്മാരായി നടക്കുന്ന ഗോപൂജയില്‍ 108 പശുക്കളെ പൂജിച്ച് ആരാധിക്കും. പൂജയില്‍ 108 പൂജാരിമാര്‍ പങ്കെടുക്കും. അതെസമയം ഭക്തജനങ്ങള്‍ക്ക് പൂജ ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ.കെ.സുരേന്ദ്രനാഥ കൈമള്‍, കെ.എം.പ്രകാശന്‍, ബാബുരാജ് കേച്ചേരി, എം.എസ്.രാജന്‍, മാധവദാസ് എന്നിവര്‍ അറിയിച്ചു.
രാവിലെ 9.30ന് കിഴക്കേനടയില്‍ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങള്‍, താലപ്പൊലി, കൃഷ്ണ വേഷങ്ങള്‍, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. ശേഷം അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളില്‍ ഗോപൂജകള്‍ നടക്കും.