ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍

By parvathyanoop.29 11 2022

imran-azhar

 

വൃശ്ചികമാസത്തില്‍ വരുന്ന വെളുത്തപക്ഷ ഏകാദശിയാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. വിഷ്ണു ഭഗവാന്‍ നാലു മാസത്തെ യോഗനിദ്രയില്‍ നിന്നും ഉണരുന്ന ദിനം എന്ന സങ്കല്പത്തിലാണ് ഇതിനെ ഉത്ഥാന ഏകാദശിയെന്ന് വിളിക്കുന്നത്.

 

കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ ഭഗവാന്‍ ഗീതോപദേശം നടത്തിയത് ഈ ഏകാദശി നാളിലാണ് എന്ന സങ്കല്പത്തില്‍ ഇത് ഗീതാദിനമായും ആചരിക്കുന്നു.കഴിഞ്ഞ ദിവസം ദേവസ്വം മുന്‍കൈയെടുത്ത് അത് പുന: പരിശോധിച്ച് ഡിസംബര്‍ 3, 4 തീയതികള്‍ ഗുരുവായൂര്‍ ഏകാദശിയായി നിശ്ചയിച്ചിരിക്കുകയാണ്.

 

ദശമി ദിവസമായ ഡിസംബര്‍ 2 ന് പുലര്‍ച്ചെ ഗുരുവായൂര്‍ നട തുറന്നാല്‍ ഏകാദശി ദിനങ്ങളായ 3, 4 തീയതികള്‍ കഴിഞ്ഞ് ദ്വാദശി ദിവസമായ 5 ന് രാവിലെ 11 മണിക്ക് മാത്രമേ അടയ്ക്കൂ ഏതാണ്ട് 80 മണിക്കൂറുകള്‍ തുടര്‍ച്ചയായി ദര്‍ശനം നടത്താം. ഈ ദിവസങ്ങളില്‍ പൂജകളുടെ ആവശ്യത്തിനല്ലാതെ നട അടയ്ക്കില്ല. അതിനാല്‍ . അര്‍ദ്ധരാത്രി 12 മണിക്കും ദര്‍ശനം നടത്താം.

 

ഉദയാസ്തമ പൂജയാണ് ഏകാദശി ദിവസം നടക്കുക. അതുകൊണ്ട് സാധാരണ ഉള്ളതിലും 15 പൂജകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ നടക്കും.പരമ പവിത്രമായ ഈ ദിവസം ഗുരുവായൂര്‍ ക്ഷേത്രം ആയിരക്കണക്കിന് ഭക്തജനങ്ങളെക്കൊണ്ട് നിറയും. ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രേഷ്ഠമായ ഈ ദിവസമാണ് ഗുരുവും വായുദേവനും കൂടി ഗുരുവായൂര്‍ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കുന്നു.

 

പ്രധാന ക്ഷേത്രങ്ങളിലെ വിശേഷ ദിവസങ്ങളില്‍ അവിടെച്ചെന്നു തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ സാധാരണ തൊഴുന്നതിന്റെ ഇരട്ടി ഫലസിദ്ധിയും പുണ്യവും ലഭിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ ഒരു വര്‍ഷത്തെ എല്ലാ ഏകാദശികളും അനുഷ്ഠിച്ച ഫലം ലഭിക്കുമത്രേ. ഏഴ് ജന്മത്തെ പാപം തീര്‍ന്ന് മോക്ഷവും കിട്ടും. അതിനാല്‍ സര്‍വൈശ്വര്യദായകമാണ് ഈ വ്രതാനുഷ്ഠാനം.

 

ഗുരുവായൂര്‍ ഏകാദശിദിവസം അവിടെച്ചെന്ന് ഏകാദശി വ്രതമെടുത്ത് തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ കാര്യസിദ്ധിയും പാപമോചനവും, മോക്ഷസിദ്ധിയും ഉറപ്പ്. അതിനു പറ്റാത്തവര്‍ ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഏകാദശി വ്രതമനുഷ്ഠിച്ച് തൊഴുതു പ്രാര്‍ത്ഥിക്കണം. ഇതിന് രണ്ടും കഴിയാത്തവര്‍ അവരവരുടെ വീടുകളില്‍ ഏകാദശി വ്രതം നോറ്റ് പ്രാര്‍ത്ഥിക്കുക.

 

ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവസര വേള ഡിസംബര്‍ 3 ന് രാത്രി 11 മണി 37 മിനിട്ടിന് തുടങ്ങി 4 ന് പകല്‍ 11 മണി 41 മിനിട്ടിന് അവസാനിക്കും. ഈ സമയത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് വിഷ്ണു നാമങ്ങളും മന്ത്രങ്ങളും സ്‌തോത്രങ്ങളും ജപിക്കണം.

 

OTHER SECTIONS