/kalakaumudi/media/post_banners/84314315c344f466d52ece2161831ea0a05324fde42d8f9811deb62000ad9a44.jpg)
ശ്രീ മഹാഗണപതിയെ പ്രീതിപ്പെടുത്താനാണ് ഭക്തര്‍ ഏത്തമിടുന്നത്. എന്നാല്‍ ചിലര്‍ മറ്റ് ദേവതകള്‍ക്ക് മുന്നിലും ഏത്തമിടാറുണ്ട്. എന്നാല്‍, അത് പാടില്ല. കാരണം ഗണേശപ്രീതിക്ക് മാത്രമായുളള കര്‍മ്മമാണിത്. ഗണേശന് മുന്നില്‍ ഏത്തമിടുന്പോള്‍ ഇടതുകാല്‍ ഭൂമിയില്‍ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്‍റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്‍െറ നടുഭാഗം വളച്ചു കുനിയുകയും നിവരുകയും ചെയ്യണം. ശ്രീ മഹാവിഷ്ണു കൈലാസം സന്ദര്‍ശിക്കവേ ഭഗവാന്‍ ചക്രായുധം ഒരു പീഠത്തില്‍ വച്ച ശേഷം മഹാദേവനുമായി സംഭാഷണത്തില്‍ മുഴുകിയെന്നും അവിടെയുണ്ടായിരുന്ന ഉണ്ണിഗണപതി ഭുജിക്കുവാനുളള വസ്തുവെന്ന് കരുതി സുദര്‍ശനചക്രമെടുത്ത് വായിലിടുകയും ചെയ്തു. എന്നാല്‍, ചക്രായുധം വിഴുങ്ങാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ വായില്‍ തന്നെ സൂക്ഷിച്ചു. ശിവസന്നിധിയില്‍ നിന്ന് പുറത്തിറങ്ങിയ വിഷ്ണുദേവന്‍ സുദര്‍ശനത്തിനായി തിരഞ്ഞെങ്കിലും കിട്ടിയില്ല. അപ്പോഴാണ് മിണ്ടാതിരിക്കുന്ന ഉണ്ണി ഗണപതിയെ കണ്ടത്. കാര്യം ഗ്രഹിച്ച ഭഗവാന്‍ ഉണ്ണി ഗണപതിയെ ചിരിപ്പിക്കാനായി ഏത്തമിടുകയും കുടുകുടെ ചിരിച്ച ഗണപതിയുടെ വായില്‍ നിന്ന് ചക്രായുധം പുറത്തെത്തുകയും ചെയ്തു. അതിനുശേഷമാണ് ഗണപതിയെ പ്രസാദിപ്പിക്കാന്‍ ഭക്തര്‍ ഏത്തമിടാന്‍ തുടങ്ങിയത്.