ശനി പ്രദോഷം അനുഷ്ഠിച്ചാല്‍ ഇരട്ടിഫലം

ശനി പ്രദോഷം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നല്‍കുന്നതാണ് ശനിപ്രദോഷം.

author-image
Web Desk
New Update
ശനി പ്രദോഷം അനുഷ്ഠിച്ചാല്‍ ഇരട്ടിഫലം

ദേവിക്ക് പൗര്‍ണമി പോലെ, വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് പ്രധാനമാണ് പ്രദോഷം. പ്രദോഷ ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രദര്‍ശനം നടത്തി കഴിയുന്ന വഴിപാടുകള്‍ നടത്താം.

ശനി പ്രദോഷം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നല്‍കുന്നതാണ് ശനിപ്രദോഷം. പുണ്യപ്രവര്‍ത്തികള്‍ക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്. ഈ വ്രതം അനുഷ്ഠിച്ചാല്‍ സകല ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

പ്രദോഷദിനത്തിന്റെ തലേന്ന് മുതല്‍ വ്രതം ആരംഭിക്കണം. തലേന്ന് ഒരിക്കലൂണ് നിര്‍ബന്ധമാണ്. പ്രദോഷദിനത്തില്‍ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദര്‍ശനം നടത്തി കൂവളത്തില കൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പുറകുവിളക്കില്‍ എണ്ണ, ജലധാര എന്നിവ നടത്തുക.

പകല്‍ മുഴുവന്‍ ഉപവാസം അനുഷ്ഠിക്കണം. അതിനു സാധിക്കാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നേദ്യച്ചോറുണ്ണാം.

പഞ്ചാക്ഷരീസ്‌തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ഭക്തിപൂര്‍വം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. എണ്ണതേച്ചുകുളി പാടില്ല.

സന്ധ്യയ്ക്ക് മുന്‍പായി കുളിച്ച് ശിവക്ഷേത്രദര്‍ശനം, പ്രദോഷപൂജ, ദീപാരാധന ഇവയില്‍ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്.

Astro astrology temple muhurtham prayer shani pradosham