/kalakaumudi/media/post_banners/b9ebf2c0bf138762886198b910665e976fa1a45f4d69a0c56fc775c41d8149cf.jpg)
തിരുവനന്തപുരം: ഈ വര്‍ഷത്തെ കരിക്കകം ശ്രീ ചാമുണ്ഡീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. മാര്‍ച്ച് 7 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര പരിസരത്ത് ഉത്സവദിവസങ്ങളില്‍ ജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് കണ്‍ട്രോള്‍ റൂമും എയ്ഡ് പോസ്റ്റും പ്രവര്‍ത്തിക്കും. കൂടാതെ സായുധ പൊലീസിന്റെയും വനിതാ പൊലീസിന്റെയും മഫ്തിയുടെയും സേവനം ലഭ്യമാക്കും. വിവിധ സ്ഥലങ്ങളില്‍ സി.സി ടിവി കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജ് അറിയിച്ചു.
ക്ഷേത്ര പരിസരത്ത് ഫയല്‍ഫോഴ്‌സിന്റെ സേവനവും ലഭ്യമാക്കും. കൂടാതെ ക്ഷേത്രത്തിലേയ്ക്കുള്ള യാത്ര സൗകര്യത്തിനായി ആവശ്യാനുസരണം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ നടത്തും.ക്ഷേത്ര പരിസരത്ത് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കും.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി കോര്‍പ്പറേഷനും പി.ഡബ്ള്യു.ഡിയും അറിയിച്ചു. മാത്രമല്ല ക്ഷേത്രത്തിന് മുന്നില്‍ പാര്‍വതി പുത്തനാറിന് കുറുകെ പുതുതായി നിര്‍മ്മിച്ച ഇരുമ്പ് പാലം ഇതിനോടകം തന്നെ ഗതാഗതയോഗ്യമാക്കി. ക്ഷേത്ര പരിസരത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം അറിയിച്ചു.
ഭക്തജനങ്ങളക്കായുള്ള കുടിവെള്ള വിതരണത്തിന് ജലവിഭവ വകുപ്പും കോര്‍പ്പറേഷനും ആവശ്യമായ ഒരുക്കങ്ങള്‍ നടത്തും. ഇതിനുപുറമെ ഉത്സവ ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ഫസ്റ്റ് എയ്ഡും ആംബുലന്‍സ് സേവനവും ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം ഹെല്‍ത്ത് ഓഫീസറുടെ മേല്‍നോട്ടത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ഉത്സവദിവസങ്ങളില്‍ ക്ഷേത്ര പരിസരത്ത് എക്‌സൈസിന്റെയും പൊലീസിന്റെയും പെട്രോളിംഗ് കര്‍ശനമാക്കും. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി.ജി. കുമാരന്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജമീലാ ശ്രീധരന്‍, മേടയില്‍ വിക്രമന്‍, പേട്ട സി.ഐ സാബു.ഡി, എസ്.ഐ സുനില്‍ വി, ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി എം. ഭാര്‍ഗവന്‍ നായര്‍, പ്രസിഡന്റ് എം. വിക്രമന്‍ നായര്‍, ട്രഷറര്‍ വി.എസ്. മണികണ്ഠന്‍ നായര്‍, വൈസ് പ്രസിഡന്റ് ജെ. ശങ്കരദാസന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി. ശിവകുമാര്‍, ഉത്സവ കമ്മിറ്റി കണ്‍വീനര്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.