കരിക്കകത്തമ്മയെ ഭജിച്ചാല്‍ ദോഷങ്ങളെല്ലാം അകലും; പൊങ്കാല ഏപ്രില്‍ 2 ന്

തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

author-image
Web Desk
New Update
കരിക്കകത്തമ്മയെ ഭജിച്ചാല്‍ ദോഷങ്ങളെല്ലാം അകലും; പൊങ്കാല ഏപ്രില്‍ 2 ന്

തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒന്നാം ഉത്സവ ദിവസമായ മാര്‍ച്ച് 27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കരിക്കകത്തമ്മയെ ആദ്യം കുടിയിരുത്തിയ ഗുരുമന്ദിരത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടത്തിയ ഗുരുവിനും മന്ത്രമൂര്‍ത്തിക്കും ഗുരുപൂജ നടത്തുന്നതോടെ തിരുവുത്സവം തുടങ്ങും.

കരിക്കകത്തമ്മയുടെ അവതാരദിനമായ മീനത്തിലെ മകം നക്ഷത്രദിവസമായ ഏപ്രില്‍ 2 നാണ് പൊങ്കാല. രാവിലെ 10:15 ന് തന്ത്രി പുലിയന്നൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പില്‍ നിന്ന് അഗ്‌നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും.

ഉച്ചയ്ക്ക് ദേവിയുടെ ഉടവാള്‍ പൊങ്കാല കളത്തില്‍ എഴുന്നള്ളിച്ച് നിവേദ്യം നടത്തും. അന്ന് രാത്രി അത്താഴപൂജ കഴിഞ്ഞ് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും. ഏപ്രില്‍ 1 നാണ് തങ്കരഥത്തില്‍ ദേവിയുടെ പുറത്തെഴുന്നള്ളത്ത്.

കരിക്കകത്തെ മുഖ്യ ആണ്ടു വിശേഷം പൊങ്കാലയാണ്. രോഗദുരിതം, വിവാഹതടസ്സം, സാമ്പത്തിക വിഷമങ്ങള്‍, കടം, ജോലി സംബന്ധമായ തടസ്സങ്ങള്‍, വസ്തു തര്‍ക്കം തുടങ്ങി എല്ലാ വിഷമങ്ങളും കരിക്കകത്തമ്മയെ പ്രാര്‍ത്ഥിച്ചാല്‍ അകലും.

മീനത്തിലെ മകത്തിന് പൊങ്കാലയിട്ട് ചാമുണ്ഡേശ്വരിയെ പ്രസാദിപ്പിക്കാന്‍ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്. ദേവിയെ കരിക്കകത്ത് കുടിയിരുത്തിയ ദിവസം മണ്‍കലത്തില്‍ തയ്യാറാക്കി നേദിച്ച ആദ്യ പൊങ്കാലയുടെ ഓര്‍മ്മയാണ് ഉത്സവത്തിന്റെ ഏഴാം നാള്‍ നടക്കുന്ന വിശിഷ്ടമായ പൊങ്കാല. ഗുരുവും യോഗീശ്വരനും കൂടിയാണ് പച്ചപന്തല്‍ കെട്ടി ദേവിയെ കുടിയിരുത്തിയതും പൊങ്കാല നേദിച്ചതും. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇതേ ദിവസം പൊങ്കാല തയ്യാറാക്കി ദേവിയുടെ അനുഗ്രഹം നേടിയിരുന്നു.

ചാമുണ്ഡി, രക്തചാമുണ്ഡി, ബാല ചാമുണ്ഡി ഭാവങ്ങളില്‍ 3 ശ്രീകോവിലുകളില്‍ ഇവിടെ ദേവിയെ ആരാധിക്കുന്നു. പരാശക്തിയുടെ രൗദ്രഭാവമുള്ള രക്തചാമുണ്ഡി സന്നിധി ശത്രുദോഷമടക്കമുള്ള ഏത് ദോഷവും അതിവേഗം തീര്‍ക്കുന്ന ഉഗ്രരൂപിണി ഭാവമാണ്. ബാലചാമുണ്ഡി നട സന്താന ഭാഗ്യമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഉചിതമായ ഇടമാണ്. പ്രധാന നടയില്‍ കുടികൊള്ളുന്നത് സ്വാതിക ഭാവത്തിലെ ചാമുണ്ഡിദേവിയുടെ രൂപമാണ്.

kerala temple karikkakom sri chamundi devi temple