ദുരിതങ്ങളും തടസ്സങ്ങളും അകറ്റും കരിക്കകത്തമ്മ; പൊങ്കാല ഏപ്രില്‍ 2 ന്

എല്ലാ ജീവിത ദു:ഖങ്ങള്‍ക്കും പരിഹാരം നല്‍കി അനുഗ്രഹിക്കുന്ന ഭഗവതിയാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി. അറുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്.

author-image
Web Desk
New Update
ദുരിതങ്ങളും തടസ്സങ്ങളും അകറ്റും കരിക്കകത്തമ്മ; പൊങ്കാല ഏപ്രില്‍ 2 ന്

എല്ലാ ജീവിത ദു:ഖങ്ങള്‍ക്കും പരിഹാരം നല്‍കി അനുഗ്രഹിക്കുന്ന ഭഗവതിയാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി. അറുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. കരിക്കകത്തമ്മയുടെ നടയില്‍ വന്ന് പ്രാര്‍ത്ഥിച്ചാല്‍ രോഗദുരിതം, വിവാഹ തടസ്സം, ധനപരമായ വിഷമങ്ങള്‍, കടബാദ്ധ്യത, തൊഴില്‍ സംബന്ധമായ തടസങ്ങള്‍, വസ്തു തര്‍ക്കം തുടങ്ങി എല്ലാ ദുരിതങ്ങളും അകലും.

ഉത്സവകാലത്ത് കരിക്കകത്തമ്മയെ തൊഴുത് പ്രാര്‍ത്ഥിക്കുന്നത് ഇരട്ടി ഫലദായകമാണ്. സാധാരണ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വന്‍തിരക്കാണ്.

കരിക്കകം ക്ഷേത്രത്തില്‍ ദേവിക്ക് മൂന്ന് പ്രധാന നടയാണുള്ളത്.

ശ്രീ ചാമുണ്ഡി നട

മന:ശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും ആയിരങ്ങള്‍ ദേവീ ദര്‍ശനം തേടിയെത്തുന്നു. ഈ ദേവിനടയിലാണ് പ്രധാന പൂജകള്‍ നടക്കുന്നത്. ഇവിടെ വഴിപാട് നടത്തിയാല്‍ കഷ്ടതയും ദുരിതങ്ങളും അകലും. കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. അര്‍ച്ചന, രക്തപുഷ്പാര്‍ച്ചന, സ്വയംവരാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, പാല്‍പ്പായസം, പഞ്ചാമൃതാഭിഷേകം, കാര്യതടസ നിവാരണം ഇവയ്ക്ക് 13 വെള്ളിയാഴ്ച തുടര്‍ച്ചയായി ദേവീദര്‍ശനം നടത്തി രക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ദേവി നടയില്‍ നിന്നും ശരീര സൗഖ്യത്തിനും ഉറക്കത്തില്‍ ദുഃസ്വപ്നങ്ങള്‍ കണ്ട് ഭയക്കാതിരിക്കുന്നതിനും ബാധദോഷം മാറുന്നതിനും ചരട് ജപിച്ചുകെട്ടാറുണ്ട്. തകിടെഴുതി ദേവീ പാദത്തില്‍ വച്ച് 21 ദിവസം പൂജിച്ച് കെട്ടുന്നത് പ്രസവരക്ഷ, ദേഹ രക്ഷ, മറ്റ് ദോഷങ്ങളില്‍ നിന്നുള്ള രക്ഷ എന്നിവയ്ക്ക് ഉത്തമമാണ്.

രക്തചാമുണ്ഡി നട

രക്തചാമുണ്ഡി നട തുറന്ന് സങ്കടങ്ങള്‍ ഉണര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ദേവി അനുഗ്രഹിക്കും. അത്ര ഉറച്ച വിശ്വാസമാണ് ഈ നട തുറന്ന് പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി ഭക്തര്‍ക്ക്. ലക്ഷക്കണക്കിനാളുകളാണ് ഇത്തരത്തില്‍ രക്തചാമുണ്ഡിയുടെ അനുഗ്രഹം നേടിയിട്ടുള്ളത്. രൗദ്ര ഭാവമാണ് രക്തചാമുണ്ഡിക്കെങ്കിലും മാതൃഭാവമുള്ള സ്നേഹദായിനിയുമാണ് അമ്മ. ക്ഷിപ്ര പ്രസാദിനിയായ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ശ്രീ രക്തചാമുണ്ഡിയുടെ ചുവര്‍ ചിത്രമാണ് ഈ നടയില്‍ കുടികൊള്ളുന്നത്. ശത്രുസംഹാരപൂജയാണ് ഇവിടെ പ്രധാനം. വിളിദോഷം മാറുന്നതിനും ക്ഷുദ്രപ്രയോഗങ്ങള്‍, പുതുതായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള തടസങ്ങള്‍, കൈവിഷം, ദൃഷ്ടിദോഷം, ശത്രുക്കളുടെ ചതികള്‍ എന്നിവയില്‍ നിന്നുള്ള മോചനത്തിനാണ് ശത്രുസംഹാരപൂജ. രക്തചാമുണ്ഡിക്ക് കടുംപായസം, ചുവന്നപട്ട്, പാവാട, തെറ്റിഹാരം, കോഴി, കിട (കിടാവ്) എന്നീ നേര്‍ച്ചകളും, സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള പണ്ടങ്ങളും നടയ്ക്ക് വയ്ക്കുന്നവര്‍ ധാരാളമുണ്ട്. 7.15 മുതല്‍ 11 മണി വരെയും വൈകിട്ട് 4.45 മുതല്‍ 6 മണി വരെയുമാണ് ഈ നടതുറപ്പ്. കേസും വഴക്കും കോടതിയുമായി കഴിയുന്ന എത്രയധികം പേരാണ് കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തില്‍ എത്തി ദേവി പ്രസാദം നേടി പ്രശ്ന മുക്തി നേടുന്നത്.

ശ്രീബാലചാമുണ്ഡി ദേവി

ശാന്തസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ ശ്രീബാലചാമുണ്ഡി ദേവി കുടികൊള്ളുന്ന ആലയമാണ് ബാലചാമുണ്ഡീനട. ഇവിടെ സൗമ്യ രൂപത്തിലുള്ള ശ്രീബാലചാമുണ്ഡി ദേവിയുടെ ചുവര്‍ചിത്രമാണുള്ളത്. ദേവീനടയ്ക്കും രക്ത ചാമുണ്ഡീനടയ്ക്കും തൊട്ട് തെക്കുവശത്തായി ചാമുണ്ഡനിഗ്രഹം കഴിഞ്ഞ് കോപം ശമിച്ച് ശാന്തരൂപത്തില്‍ ദേവി കുടികൊള്ളുന്നു. ദേവിയുടെ സൗമ്യരൂപത്തിലുള്ള സങ്കല്പമായതിനാല്‍ കുട്ടികള്‍ക്കുള്ള നേര്‍ച്ചയാണ് ഇവിടെ കൂടുതല്‍ നടത്തുന്നത്. സന്താനഭാഗ്യത്തിനും ബാലാരിഷ്ടതകള്‍ മാറുന്നതിനും 101 രൂപ പിഴ അടച്ച് നട തുറന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ നട തുറന്ന് പ്രാര്‍ത്ഥിച്ച് കാര്യങ്ങള്‍ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ നേര്‍ച്ചയായി പ്രത്യേക പൂജ നടത്തുന്ന പതിവുമുണ്ട്. കടുംപായസം, പട്ട്, മുല്ല, പിച്ചി എന്നിവയിലുള്ള ഹാരങ്ങള്‍, ഉടയാടകള്‍, സ്വര്‍ണ്ണം, വെള്ളി രൂപങ്ങള്‍, സന്താനലബ്ധിക്കായി തൊട്ടിലും, കുഞ്ഞും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, മറ്റ് സാധനങ്ങള്‍, കുഞ്ഞൂണ്, തുലാഭാരം എന്നീ നേര്‍ച്ചകളും ഇവിടെ നടത്താറുണ്ട്. വിദ്യാഭ്യാസം, കലാ സാംസ്‌കാരിക രംഗങ്ങളില്‍ ഉയര്‍ച്ച ഉണ്ടാകുന്നതിനും പരീക്ഷകളില്‍ വിജയിക്കുന്നതിനും ഇവിടെ നടതുറന്ന് പ്രാര്‍ത്ഥിക്കാന്‍ വലിയ തിരക്കാണ്.

temples Thiruvananthapuram karikkakom sri chamundi devi temple pongala festival