/kalakaumudi/media/post_banners/9d1b39a714f419452bfb538c80397e1008290bed2390a9488ba5dcba6b6dd9dd.png)
ഉത്തരാഖണ്ഡിലെ ചോപ്‌തയിലെ മന്‍സുനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് മധ്യമഹേശ്വര്‍ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 3497 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചകേദാരങ്ങളില്‍ മധ്യമഹേശ്വര്‍ ക്ഷേത്രത്തിന്റെ സ്ഥാനം നാലാമതാണ്. കേദാര്‍ നാഥ്, മധ്യമഹേശ്വര്‍, തുംഗനാഥ്, രുദ്രനാഥ്, കല്‍പേശ്വര്‍ എന്നീ അഞ്ച് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് തീർത്ഥാടകർ കേദാർനാഥ് യാത്ര പൂർത്തിയാക്കുന്നത്. ശിവന്റെ ഉദരത്തെയാണ് ഇവിടെ പൂജിക്കുന്നത്. ചൗകംബ, നീലകണ്ഠ, കേദാര്‍നാഥ് തുടങ്ങിയ പര്‍വതങ്ങള്‍ ഈ ക്ഷേത്രത്തിൽ നിന്നാൽ കാണാൻ കഴിയും. പാപപരിഹാരങ്ങള്‍ക്കായി നിരവധി പേരാണ് ഈ ക്ഷേത്രത്തിൽ എത്തുന്നത്.
സന്ദർശനം/ എത്തിച്ചേരേണ്ട മാർഗം
മെയ് മുതല്‍ ജൂലൈ വരെയുള്ള സമയമാണ് മധ്യമഹേശ്വര്‍ ക്ഷേത്ര സന്ദർശനത്തിന് അനുയോജ്യം. മഞ്ഞുകാലത്ത് ഇവിടെ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. മാത്രമല്ല സമീപത്തായി സ്ഥിതി ചെയ്യുന്ന മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും അനുയോജ്യം മെയ് മുതല്‍ ജൂലൈ വരെയുള്ള സമയമാണ്. ട്രെയിൻ മാർഗം ഇവിടേക്ക് എത്തുന്നവർക്ക് ഹരിദ്വാര്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങാം. മധ്യമഹേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര വളരെ കാഠിന്യമേറിയതാണ്. ഹരിദ്വാറിൽ നിന്നും 202 കിലോമീറ്റർ അകലെയുള്ള ഉക്കിമാഥ് എന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. ഇവിടെ നിന്നും റാന്‍സി എന്ന ഗ്രാമത്തേക്കും എത്താം. റാന്‍സിയിൽ നിന്നും 16 കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് വേണം ക്ഷേത്രത്തിലെത്തിച്ചേരാന്‍.