വിസ്മയം മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രം മഹാശിവലിംഗം; ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡും

ദക്ഷിണ കൈലാസം, മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി ലഭിച്ചു. 111.2 അടി ഉയരവും 111 അടി ചുറ്റളവും, നിര്‍മ്മാണ സവിശേഷതകളും ശിവലിംഗത്തിനുള്ളിലെ അത്ഭുതകരമായ വിസ്മയ കാഴ്ചകളും കണക്കിലെടുത്താണ് ബഹുമതിക്ക് അര്‍ഹമായത്.

author-image
Web Desk
New Update
വിസ്മയം മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രം മഹാശിവലിംഗം; ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡും

ദക്ഷിണ കൈലാസം, മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി ലഭിച്ചു. 111.2 അടി ഉയരവും 111 അടി ചുറ്റളവും, നിര്‍മ്മാണ സവിശേഷതകളും ശിവലിംഗത്തിനുള്ളിലെ അത്ഭുതകരമായ വിസ്മയ കാഴ്ചകളും കണക്കിലെടുത്താണ് ബഹുമതിക്ക് അര്‍ഹമായത്.

മഹാശിവലിംഗത്തിനുള്ളില്‍ എട്ടു നിലകളാണുള്ളത്. ഓരോ നിലകളിലും പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ഉണ്ട്. ശിവലിംഗത്തിനുള്ളിലൂടെ ചുറ്റിക്കറങ്ങി നടന്നുകയറുവാനുള്ള സൗകര്യമാണ് ഒരുക്കിട്ടുള്ളത്. കാനന പാതയിലൂടെ നടക്കുന്ന പ്രതീതി ജനിപ്പിക്കുന്ന വിധമാണ് നിര്‍മാണം.

ശിവലിംഗത്തിനുള്ളില്‍, 7 നിലകളിലായി ഒരുക്കിയിട്ടുള്ള പരശുരാമ മഹര്‍ഷി ഭാരതത്തില്‍ പ്രതിഷ്ഠ ചെയ്തിട്ടുള്ള 108 ശിവ ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളും ശിവഭഗവാന്റെ 64 മൂര്‍ത്തീഭാവങ്ങളും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ഭീമാകാരമായ ശിവലിംഗത്തിനുള്ളിലൂടെ മുകളിലേക്ക് 7 നിലകള്‍ കടന്നുചെന്നാല്‍ കൈലാസ ദര്‍ശനത്തിലൂടെ ശിവപാര്‍വ്വതിമാരെ കാണാം. കൂടാതെ ശിവപാര്‍വ്വതിമാരുടെ ശിരസ്സിനു മുകളില്‍ ആയിരം ഇതളുകളുള്ള താമര (സഹസ്രദള പദ്മം) അതിവിസ്മയമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതും അമ്പരപ്പിക്കുന്ന കാഴ്ചയാണ്. ഈ ഏഴുനിലകളിലും 50 പേര്‍ക്ക് വീതം ഇരുന്നു ധ്യാനിക്കാനുള്ള ക്രമീകരണമുണ്ട്.

ക്ഷേത്രത്തിന്റെ വായുകോണില്‍ ഉയര്‍ന്നുനില്‍ക്കുന്ന ശിവലിംഗത്തിന്റെ നിര്‍മാണത്തിന് ത്രിവേണി സംഗമത്തിലെ പുണ്യതീര്‍ത്ഥവും പുണ്യസ്ഥലങ്ങളിലെ മണ്ണും പഞ്ചലോഹങ്ങളും നവ ധാന്യങ്ങളും നവപാഷാണങ്ങളും ദശപുഷ്പങ്ങളും 64 ദിവ്യഔഷധകൂട്ടും പൂജാവിധികള്‍ അനുസരിച്ച് സമന്വയിപ്പിച്ച് ഗര്‍ഭന്യാസം നടത്തിയാണ് ശിവലിംഗം നിര്‍മ്മിച്ചിട്ടുള്ളത്. ഭൂമിയില്‍ ഒരു കൈലാസം ഉണ്ടെങ്കില്‍ അത് മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്രത്തിലാണ്!

മഹാശിവലിംഗത്തിനു ഇതിനോടകം തന്നെ ഏഷ്യ റെക്കോര്‍ഡ്സിനോടപ്പം വിയറ്റ്നാം ബുക്ക് ഒഫ് റെക്കോര്‍ഡ്സ്, നേപ്പാള്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്സ്, ഇന്തോനേഷ്യന്‍ പ്രൊഫഷണല്‍ സ്പീക്കര്‍സ് അസോസിയേഷന്‍, ബംഗ്ലാദേശ് ബുക്ക് ഒഫ് റെക്കോര്‍ഡ്സ് എന്നിവരുടെ പ്രതിനിധികള്‍ ഒപ്പിട്ട ഏഷ്യ ബുക്ക് ഒഫ് റെക്കോര്‍ഡ്സും, ലിംകാ ബുക്ക് ഒഫ് റെക്കോര്‍ഡ്സും, അമേരിക്കയുടെ വേള്‍ഡ് റെക്കോര്‍ഡ് യൂണിയന്‍ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചിരിക്കുന്നു.

temples kerala temples maheshwaram sivaparvathi temple