മണ്ണാറശാല: തുലാമാസത്തിലെ ആയില്യം നാളില്‍ മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ നാഗരാജാവിന്റെ നടയിലും സര്‍പ്പയക്ഷി അമ്മയുടെ നടയിലും തൊഴുത് നിര്‍വൃതിയടഞ്ഞു. കുടുംബ കാരണവര്‍ എംകെ. പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നാഗരാജാവിനും സര്‍പ്പയക്ഷി അമ്മയ്ക്കും കലശാഭിഷേകവും തിരുവാഭരണം ചാര്‍ത്തിയുള്ള ആയില്യം നാളിലെ വിശേഷാല്‍ പൂജകളും നടന്നു. പിന്നീട് ക്ഷേത്രനടയില്‍ വിവിധ വാദ്യമേളങ്ങളോടെ സേവയും നടന്നു.
മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല ഉമാദേവി അന്തര്‍ജനം സമാധിയായതിനെ തുടര്‍ന്ന് മണ്ണാറശാല അമ്മയായി അഭിഷിക്തയായ ഇല്ലത്തെ ഏറ്റവും മുതിര്‍ന്ന അന്തര്‍ജനം സാവിത്രി അന്തര്‍ജനം നിലവറയ്ക്ക് സമീപം ഭക്തര്‍ക്ക് തെക്കേതളത്തില്‍ ദര്‍ശനം നല്‍കി. ആയിരക്കണക്കിന് ഭക്തര്‍ മണ്ണാറശ്ശാല അമ്മയെ
ദര്‍ശിച്ച്, നിലവറയിലും അപ്പൂപ്പന്‍ കാവ്, ധര്‍മ്മശാസ്താവ്, ഭദ്രകാളി നടകളിലും തൊഴുത് മടങ്ങി.
10 മുതല്‍ മണ്ണാറശ്ശാല യു.പി.സ്‌കൂള്‍ അങ്കണത്തിലെ വിശാലമായ പന്തലില്‍ നടന്ന മഹാപ്രസാദമൂട്ടിലും പതിനായിരങ്ങള്‍ പങ്കെടുത്തു. വലിയ അമ്മ ഉമാദേവി അന്തര്‍ജ്ജനത്തിന്റെ സമാധി വര്‍ഷമായതിനാല്‍ വിപുലമായ കലാപരിപാടികള്‍ ഒഴിവാക്കിയിരുന്നു.
പൂയം, ആയില്യ ദിവസങ്ങളില്‍ സമീപ ഡിപ്പോകളില്‍ നിന്നും ഹരിപ്പാട്ഡിപ്പോയില്‍ നിന്നും
പ്രത്യേക സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ഇല്ലത്തെ ഇളമുറക്കാരായ എസ്.നാഗദാസ്, എം.എന്‍. ജയദേവന്‍ ,എം.പി ശേഷനാഗ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.