മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീക്ഷേത്രം 130-ാമത് പ്രതിഷ്ഠാ വാര്‍ഷികവും കൊടിയേറ്റ് മഹോത്സവവും

By online desk .27 02 2020

imran-azhar

 

 

വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പരിപാവനമായതും തൃക്കൈകളാല്‍ രണ്ടാമത് പ്രതിഷ്ഠ നടത്തിയതുമായ പ്രസിദ്ധ ക്ഷേത്രമാണ് മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീക്ഷേത്രം. ഭക്തിനിര്‍ഭരമായ ക്ഷേത്രത്തിന്റെ 130-ാമത് പ്രതിഷ്ഠാ വാര്‍ഷികത്തിനും കൊടിയേറ്റ് മഹോത്സവത്തിനും ഇന്ന് തുടക്കമാകും.

 

അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ശ്രീനാരായണ തൃപ്പാദങ്ങള്‍ കൊണ്ട് അനുഗ്രഹം വര്‍ഷിച്ച രണ്ടാമത്തെ പ്രതിഷ്ഠയും ഏക പാര്‍വതി പ്രതിഷ്ഠയുമാണ് ആനന്ദവല്ലീശ്വരി ദേവിയുടേത്. തെക്കതില്‍ കുടുംബക്കാരുടെ വലിയൊരു ഭദ്രകാളി ക്ഷേത്രം മണ്ണന്തലയില്‍ ഉണ്ടായിരുന്നു. ഇവിടുത്തെ മൃഗബലി ഏറെ പ്രസിദ്ധമായിരുന്നു. മദ്യവും മാംസാഹാരവുമാണ് ദേവിക്ക് നിവേദ്യമായി
കൊടുത്തിരുന്നത്.

 

കൊല്ലവര്‍ഷം 1060ല്‍ ഈ ഭദ്രകാളി ക്ഷേത്രം പുതുക്കി പണിയാന്‍ കുടുംബം തീരുമാനിച്ചു. തെക്കേവീട്ടില്‍ ശങ്കുമുതലാളി, കുഞ്ഞുകൃഷണന്‍ വാദ്ധ്യാര്‍, വെങ്ങാശേരിയില്‍ വേലായുധന്‍ ചട്ടമ്പി, തുടങ്ങി പ്രമാണിമാര്‍ അരുവിപ്പുറത്ത് ചെന്ന് ഇക്കാര്യം ഗുരുദേവനോട്
പറഞ്ഞു. ക്ഷേത്രത്തിന്റെ പഴയ ചരിത്രം കേട്ട ഗുരു ആദ്യം പറഞ്ഞത് ഭദ്രകാളി പ്രതിഷ്ഠ മാറ്റി പഞ്ചലോഹ നിര്‍മ്മിതമായ വിദ്യാദേവി വിഗ്രഹം
തയ്യാറാക്കുക എന്നതായിരുന്നു.

 

ഗുരുവിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കുടുംബം തയ്യാറായി. നാലര വര്‍ഷം കൊണ്ടാണ് മണ്ണന്തല ദേവി ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായത്. 1064 കുംഭം 22 1889 മാര്‍ച്ച് 5 രേവതി നക്ഷത്രം. പ്രതിഷ്ഠ നടത്താന്‍ നിശ്ചയിച്ചിരുന്ന സമയം
കഴിഞ്ഞിട്ടും ഗുരുവിനെ കാണാത്തത് കൊണ്ട് പലര്‍ക്കും ആശങ്കയുണ്ടായി. സമയം ഏറെ കഴിഞ്ഞ് വന്ന ഗുരു നേരെ ക്ഷേത്രത്തിനകത്തേക്ക്
കയറി പോയി.

 

പ്രതിഷ്ഠാപീഠത്തില്‍ പ്രതിഷ്ഠ ഉറപ്പിക്കാനുള്ള അഷ്ടബന്ധം കൊണ്ടുവരാന്‍ ഗുരു ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏറെ നേരം
ഗുരുദേവന്‍ ധ്യാനത്തിലിരുന്നു. വിഗ്രഹം പ്രതിഷ്ഠിച്ചതിന് ശേഷം ഗുരുദേവന്‍ പറഞ്ഞു. ഇനിയൊരിക്കലും ഇവിടെ മൃഗബലി നടത്തരുതെന്ന്.
ഇത് വിദ്യാദേവതയാണെന്നും എല്ലാ ദിവസവും വിളക്ക് കത്തിക്കണമെന്നും ഗുരു നിര്‍ദേശിച്ചു.

 

തുടര്‍ന്ന് ഗുരുദേവന്റെ കല്‍പന പ്രകാരം
ആണ്ടുതോറും ക്ഷേത്ര ഉത്സവത്തോടൊപ്പം പള്ളിവേട്ടയും തിരുആറാട്ട് മഹോത്സവവും നടത്തിവരുന്നുണ്ട്. പള്ളിവേട്ടക്കളത്തില്‍ നിന്ന് സമാരംഭിക്കുന്ന ഘോഷയാത്രയും എഴുന്നള്ളിപ്പും ക്ഷേത്ര പ്രഥമ മുതലുപിടിയായിരുന്ന പുല്ലിപ്ര വീട്ടില്‍ പരേതനായ കൊച്ചപ്പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് കഴിഞ്ഞ 130 വര്‍ഷങ്ങളായി പ്രാദേശിക ആഘോഷമായി ഭക്തിനിര്‍ഭരം ആചരിച്ചുവരുന്നു.

 

OTHER SECTIONS